27-05-1931 ഒ.എൻ.വി. കുറുപ്പ് – ജന്മദിനം

0

മലയാളത്തിലെ പ്രശസ്ത കവിയായിരുന്നു ഒ.എൻ.വി കുറുപ്പ് (ജനനം: 27 മെയ് 1931, മരണം: 13 ഫെബ്രുവരി 2016). ഒ.എൻ.വി. എന്ന ചുരുക്കപേരിലും അറിയപ്പെടുന്നു. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നാണ് പൂർണ്ണനാമം. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ.എൻ.വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു. പത്മശ്രീ (1998), പത്മവിഭൂഷൺ (2011) ബഹുമതികൾ നൽകി കേന്ദ്രസർക്കാർ ആദരിച്ചിട്ടുണ്ട്.. നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും നൃത്തശിൽപങ്ങൾക്കും ഗാനങ്ങൾ രചിച്ചിട്ടുണ്ട്‌. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2016 ഫെബ്രുവരി 13-ന് തിരുവനന്തപുരത്തുവച്ച്‌ അന്തരിച്ചു. മലയാളത്തിലെ ആധുനികകവിതയ്ക്കു ഭാവുകത്വപരമായ പൂർണ്ണത നൽകുന്നതിലും കവിതയെ സാധാരണജനങ്ങളിലെത്തിക്കുന്നതിനും മുന്നിൽ നിന്നവരിൽ പ്രമുഖനായിരുന്നു ഒ.എൻ.വി. സ്വയം ചൊല്ലി അവതരിപ്പിച്ച കവിതകൾ ആസ്വാദകർ ഇരുകയ്യുംനീട്ടി സ്വീകരിച്ചു.

*ജീവിതരേഖ*

കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ. എൻ. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 ജനിച്ചു. ഈ ദമ്പതികളുടെ മൂന്നുമക്കളിൽ ഇളയമകനായിരുന്നു ഒ.എൻ.വി. അദ്ദേഹത്തിന് എട്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പരമേശ്വരൻ എന്നായിരുന്നു ആദ്യത്തെ പേര്. അപ്പു ഓമനപ്പേരും. സ്കൂളിൽ ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേരാണ് നൽകിയത്. അങ്ങനെ പരമേശ്വരൻ എന്ന അപ്പു സ്കൂളിൽ ഒ.എൻ.വേലുക്കുറുപ്പും സഹൃദയർക്ക് പ്രിയങ്കരനായ ഒ.എൻ.വി.യുമായി. പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്തായിരുന്നു. ശങ്കരമംഗലം ഹൈസ്കൂളിൽ തുടർ വിദ്യാഭ്യാസം.

1948-ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഇൻറർമീഡിയറ്റ് പാസ്സായ ഒ.എൻ.വി കൊല്ലം എസ്.എൻ.കോളേജിൽ ബിരുദപഠനത്തിനായി ചേർന്നു. 1952-ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1955-ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഇടതു പക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ സജീവമായിരുന്നു.

പത്നി: സരോജിനി, മകൻ: രാജീവ്, മകൾ: മായാദേവി. പ്രമുഖ ഗായിക അപർണ്ണ രാജീവ് പേരമകളാണ്.

1989-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇ‌ടതു സ്വതന്ത്രനായി തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

*ഔദ്യോഗിക ജീവിതം*

1957 മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1958 മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ: വിമൻസ് കോളേജിലും മലയാ‍ളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷക്കാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു. കുട്ടികളുടെ ദ്വൈവാരികയായ തത്തമ്മയുടെ മുഖ്യ പത്രാധിപരായിരുന്നു.

കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ, കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു . ഇന്ത്യൻ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട് . യു.കെ., കിഴക്കൻ യൂറോപ്പ് , യുഗോസ്ളോവ്യ , സോവിയറ്റ് യൂണിയൻ, അമേരിക്ക, ജർമ്മനി, സിംഗപ്പൂർ ‍, മാസിഡോണിയ, ഗൾഫ് രാജ്യങ്ങൾ എന്നീ വിദേശ രാജ്യങ്ങളിൽ ഒ.എൻ.വി. സന്ദർശനം നടത്തിയിട്ടുണ്ട് .

*കാവ്യജീവിതം*

വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതാരചന തുടങ്ങിയ ഒ.എൻ.വി തന്റെ ആദ്യ കവിതയായ മുന്നോട്ട് എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്‌. 1949-ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം. ആദ്യം ബാലമുരളി എന്ന പേരിൽ പാട്ടെഴുതിയിരുന്ന ഒ.എൻ.വി. ശ്രീ ഗുരുവായൂരപ്പൻ എന്ന ചലച്ചിത്രം മുതലാണ് ഒ.എൻ.വി എന്ന പേരിൽത്തന്നെ ഗാനങ്ങൾ എഴുതിയത്. ആറുപതിറ്റാണ്ടു ദൈർഘ്യമുള്ള സാഹിത്യജീവിതത്തിൽ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. 1987-ൽ മാസിഡോണിയയിലെ സ്ട്രൂഗ അന്തർദ്ദേശീയ കാവ്യോത്സവത്തിൽ ഭാരതീയ കവിതയെ പ്രതിനിധാനം ചെയ്തു.

*പ്രധാന കൃതികൾ*

കവിതാ സമാഹാരങ്ങൾ
പൊരുതുന്ന സൗന്ദര്യം
സമരത്തിന്റെ സന്തതികൾ
ഞാൻ നിന്നെ സ്നേഹിക്കുന്നു
മാറ്റുവിൻ
ദാഹിക്കുന്ന പാനപാത്രം
ഒരു ദേവതയും രണ്ട് ചക്രവർത്തിമാരും‍
ഗാനമാല‍
നീലക്കണ്ണുകൾ
മയിൽപ്പീലി
അക്ഷരം
ഒരു തുള്ളി വെളിച്ചം
കറുത്ത പക്ഷിയുടെ പാട്ട്
കാറൽമാർക്സിന്റെ കവിതകൾ
ഞാൻ അഗ്നി
അരിവാളും രാക്കുയിലും‍
അഗ്നിശലഭങ്ങൾ (കവിത)

ഭൂമിക്ക് ഒരു ചരമഗീതം
മൃഗയ
വെറുതെ
ഉപ്പ്
അപരാഹ്നം
ഭൈരവന്റെ തുടി
ശാര്ങ്ഗകപ്പക്ഷികൾ
ഉജ്ജയിനി
മരുഭൂമി
നാലുമണിപ്പൂക്കൾ’
തോന്ന്യാക്ഷരങ്ങൾ
നറുമൊഴി‍
വളപ്പൊട്ടുകൾ‍
ഈ പുരാതന കിന്നരം‍
സ്നേഹിച്ചു തീരാത്തവർ ‍
സ്വയംവരം‍
അർദ്ധവിരാമകൾ‍
ദിനാന്തം
സൂര്യന്റെ മരണം
പഠനങ്ങൾ
കവിതയിലെ പ്രതിസന്ധികൾ‍
കവിതയിലെ സമാന്തര രേഖകൾ
എഴുത്തച്ഛൻ
പാഥേയം
കൂടാതെ നാടക-ചലച്ചിത്രഗാന മേഖലകളിലും ഒ. എൻ. വി യുടെ സംഭാവനകൾ മഹത്തരമാണ്.

_*ചലച്ചിത്രഗാനങ്ങൾ*_

ഒ.എൻ.വിയുടെ ശ്രദ്ധേയങ്ങളായ ചില ചലച്ചിത്രഗാനങ്ങൾ:

ഇന്ദുപുഷ്പം ചൂടിനിൽക്കും രാത്രി… (മികച്ച ഗാനരചയ്താവിനുള്ള ദേശീയ ചലച്ചിത്ര പുരസ്ക്കാരം നേടി)
ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളിൽ… (മികച്ച ഗാനരചയ്താവിനുള്ള ദേശീയ ചലച്ചിത്ര പുരസ്ക്കാരം നേടി)
ആരെയും ഭാവ ഗായകനാക്കും…
ആത്മാവിൽ മുട്ടിവിളിച്ചതുപോലെ…
ഒരു ദലം മാത്രം വിടർന്നൊരു….
ശ്യാമസുന്ദരപുഷ്പമേ…..
സാഗരങ്ങളേ….
നീരാടുവാൻ നിളയിൽ….
മഞ്ഞൾ പ്രസാദവും നെറ്റിയില് ചാർത്തി….
ശരദിന്ദുമലർദീപ നാളം നീട്ടി…
ഓർമകളേ കൈവള ചാർത്തി………
അരികിൽ നീയുണ്ടായിരുന്നെങ്കിൽ………..
വാതിൽപ്പഴുതിലൂടെൻ മുന്നിൽ…..
ആദിയുഷസന്ധ്യപൂത്തതിവിടെ…
ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന
ഓർമ്മക്കുറിപ്പുകൾ (ആത്മകഥ)
പോക്കുവെയിൽ മണ്ണിലെഴുതിയത്

_*പുരസ്കാരങ്ങൾ*_

ജ്ഞാനപീഠത്തിനും (2007) പത്മശ്രീ, (1998) പത്മവിഭൂഷൺ (2011) ബഹുമതികൾക്കും പുറമേ ഒട്ടനേകം പുരസ്കാരങ്ങൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

2009 – രാമാശ്രമം ട്രസ്റ്റ് അവാർഡ്
2007 – കേരളാ സർവകലാശാലയുടെ ഡോക്‌ടറേറ്റ്

*അന്ത്യം*

അവസാനകാലത്ത് വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ പൊറുതിമുട്ടിയിരുന്നുവെങ്കിലും കവിതാലോകത്തും സംസ്കാരികമണ്ഡലങ്ങളിലും സജീവസാന്നിദ്ധ്യമായിരുന്നു ഒ.എൻ.വി. 2016 ജനുവരി 21-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചുനടന്ന പാകിസ്താനി ഗസൽ മാന്ത്രികൻ ഗുലാം അലിയുടെ കച്ചേരിയാണ് അദ്ദേഹം അവസാനം പങ്കെടുത്ത പൊതുപരിപാടി. വീൽച്ചെയറിലാണ് അദ്ദേഹം അന്ന് പരിപാടിയ്ക്കെത്തിയത്. കുറച്ചുദിവസങ്ങൾക്കുശേഷം അദ്ദേഹം തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരുന്നു. ഒടുവിൽ 2016 ഫെബ്രുവരി 13-ന് വൈകീട്ട് 4:30-ന് തന്റെ 84-ആം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. മൃതദേഹം സ്വവസതിയായ വഴുതക്കാട്ടെ ഇന്ദീവരത്തിലും വി.ജെ.ടി. ഹാളിലുമായി രണ്ടുദിവസം പൊതുദർശനത്തിന് വച്ചശേഷം ഒ.എൻ.വി. തന്നെ നാമകരണം ചെയ്ത തൈക്കാട് ശാന്തികവാടം ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ശവസംസ്കാരം നടക്കുമ്പോൾ ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസിന്റെ നേതൃത്വത്തിൽ 84 ഗായകർ അദ്ദേഹം ജീവിച്ച 84 വർഷങ്ങളെ പ്രതിനിധീകരിച്ച് അണിനിരന്ന് അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും ആലപിച്ച് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു.

You might also like
Leave A Reply

Your email address will not be published.