ജൂൺ 6
യുനെസ്കോയുടെ ആഭിമുഖ്യത്തിൽ 2010 മുതൽക്ക് എല്ലാവർഷവും ജൂൺ ആറാം തീയതി റഷ്യൻ ഭാഷ ദിനമായി ആചരിച്ചു വരുന്നു.
ബഹുഭാഷാ പരതയും, സാംസ്ക്കാരിക നാനാത്ത്വവും കൊണ്ടാടുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്. ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദ്യോഗിക ഭാഷകളെ തുല്യമായി കണ്ട് കൊണ്ട് അവയുടെ ഉപയോഗത്തെ യു.എൻ ശാഖാ സംഘടനകളിലുടനീളംjj പ്രോൽസാഹിപ്പിക്കുകയെന്നതും ലക്ഷ്യങ്ങളിൽ പെടുന്നു.
വിഖ്യാത കവിയും ആധുനിക റഷ്യൻ ഭാഷയുടെ പിതാവുമായി അറിയപ്പെടുന്ന അലക്സാണ്ടർ_പുഷ്കിൻന്റെ ജന്മദിനമായതിനാലാണ് ഈ ദിനം തിരഞ്ഞെടുത്തിരിക്കുന്നത്.
യൂറേഷ്യയിൽ ഭൂമിശാസ്ത്രപരമായി ഏറ്റവുമധികം വ്യാപിച്ച് കിടക്കുന്ന ഭാഷയാണ് റഷ്യൻ. സ്ലാവിക് ഭാഷകളിൽ ഏറ്റവുമധികം സംസാരിക്കപ്പെടുന്ന ഭാഷ റഷ്യനാണ്. യൂറോപ്പിലെ ഏറ്റവുമധികം പേരുടെ മാതൃഭാഷയും ഇതു തന്നെ. ഇൻഡോ-യൂറോപ്യൻ ഭാഷാ കുടുംബത്തിലാണ് റഷ്യൻ ഉൾപ്പെടുന്നത്. ഇന്ന് സംസാരിക്കപ്പെടുന്ന മൂന്ന് കിഴക്കൻ സ്ലാവിക് ഭാഷകളിൽ ഒന്നാണിത്. ബെലറഷ്യൻ, ഉക്രേനിയൻ എന്നിവയാണ് മറ്റുള്ളവ.
ഇന്ന് റഷ്യക്ക് പുറത്തും റഷ്യൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. വിജ്ഞാനത്തിന്റെ രേഖപ്പെടുത്തലിനും സൂക്ഷിക്കലിനും റഷ്യൻ ഭാഷ ഒരു മാദ്ധ്യമമാണ്. ലോകത്തിലെ 60–70% വിവരങ്ങളും റഷ്യനിലും ഇംഗ്ലീഷിലുമായാണ് പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. ലോകത്തിലെ ശാസ്ത്രീയ സാഹിത്യങ്ങളിൽ കാൽ ഭാഗത്തിലധികവും റഷ്യനിൽ പ്രസിദ്ധീകരിക്കപ്പെടുന്നു. 20-ആം നൂറ്റാണ്ടിൽ റഷ്യ ലോകശക്തികളിൽ ഒന്നായിരുന്നതിനാൽ റഷ്യൻ ഭാഷക്ക് വൻ രാഷ്ട്രീയ പ്രാധാന്യം ഉണ്ടായിരുന്നു. ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷകളിലൊന്നാണ് റഷ്യൻ.