കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഹജ്ജ് കര്‍മ്മങ്ങള്‍ സൗദി അറേബ്യയിലുളളവര്‍ക്ക് മാത്രമായി ചുരുക്കി

0

സൗദി അറേബ്യയിലുള്ള സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഹജ്ജ് കര്‍മ്മത്തിനു അനുവാദമുണ്ടാകും. അതേസമയം മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നെത്തി ഹജ്ജ് നിര്‍വഹിക്കാന്‍ ആര്‍ക്കും അവസരമുണ്ടാകില്ല. സൗദി ഹജ്ജ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിയന്ത്രണങ്ങളോടെ, തീര്‍ഥാടകരുടെ എണ്ണം വളരെ ചുരുക്കിയും സാമൂഹിക അകലം പാലിച്ചുമായിരിക്കും ചടങ്ങുകള്‍ നടത്തുക. എത്ര തീര്‍ഥാടകരെ ഹജ്ജിനായി അനുവദിക്കുമെന്ന കാര്യം വരുംദിവസങ്ങളില്‍ അറിയാം.കഴിഞ്ഞ വര്‍ഷം 25 ലക്ഷം വിശ്വാസികളാണ് ഹജ്ജ് കര്‍മ്മം അനുഷ്ഠിച്ചത്. ഇതില്‍ പതിനെട്ട് ലക്ഷം വിശ്വാസികളും വിദേശ രാജ്യങ്ങളില്‍ നിന്നാണ് എത്തിയത്. നേരത്തെ കൊവിഡ് ഭീതിയെ തുടര്‍ന്ന് ഉംറ തീര്‍ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. സൗദിയിലെ പൗരന്‍മാര്‍ക്കും വിദേശികള്‍ക്കും ഉംറ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി 2020 മാര്‍ച്ച്‌ നാലിനാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. വിദേശികള്‍ക്കുള്ള ഉംറ തീര്‍ഥാടനം റദ്ദാക്കിയതിന് പിന്നാലെയാണ് സൗദിയിലെ പൗരന്‍മാര്‍ക്കും വിദേശികള്‍ക്കുമുള്ള തീര്‍ഥാടനവും നിര്‍ത്തിവച്ചത്.സൗദി അറേബ്യയില്‍ 1.61 ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 1,307 പേര്‍ മരിക്കുകയും ചെയ്തു. രോഗമുക്തി നേടിയവരെ ഒഴിവാക്കിയാല്‍ നിലവില്‍ 54,523 പേരാണ് കൊവിഡ് ബാധിതരായി സൗദിയില്‍ ചികിത്സയില്‍ കഴിയുന്നത്. സൗദിയില്‍ നിയന്ത്രണങ്ങളോടെയുളള ഇളവുകളാണ് നിലവിലുളളത്.

You might also like
Leave A Reply

Your email address will not be published.