കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍- ചൈനീസ് സേനകള്‍ തമ്മില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലിമെന്റ് പാനല്‍ അതിര്‍ത്തി നിയന്ത്രണ രേഖയില്‍ റോഡ് നിര്‍മിക്കുന്നതിനെ സംബന്ധിച്ചും സൈനികര്‍ക്ക് ഉയര്‍ന്ന നിലവാരത്തലുള്ള വസ്ത്രം വാങ്ങുന്നതിനെ കുറിച്ചും അവലോകനം ചെയ്യാന്‍ തീരുമാനിച്ചു.പ്രതിരോധ സെക്രട്ടറിയേയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും ഇത് സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ക്കുമെന്നും പ്രതിനിധികള്‍ അറിയിച്ചു. ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 22 അംഗ പബ്ലിക് അക്കൗണ്ട് സ് കമ്മിറ്റിയുടെ വെള്ളിയാഴ്ച നടന്ന യോഗത്തില്‍ 20 പേര് പങ്കെടുത്തു.ഈ വര്‍ഷത്തെ പി എ സിയുടെ ആദ്യ മീറ്റിംഗാണ് വെള്ളിയാഴ്ച ചേര്‍ത്തത്. മാര്‍ച്ച് 23 ന് മീറ്റിംഗ് വിളിച്ചു ചേര്‍ത്തിരുന്നുവെങ്കിലും കൊവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു.സിയാച്ചിന്‍, ലഡാക്ക് പോലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന സൈനികര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള യുണിഫോമാണ് ആവശ്യം. കൂടാതെ ഉകരണങ്ങള്‍, ഭക്ഷണം, താമസ സൗകര്യം എന്നിവയെല്ലാം ഇവര്‍ക്ക് ഉറപ്പാക്കണമെന്നും കമ്മിറ്റിയുടെ അജണ്ടയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ പ്രതിരോധ സെക്രട്ടറിയെ അറിയിക്കുമെന്നാണ് സൂചന.