കോവിഡ് വ്യാപനം മൂലം രാജ്യത്ത് പഠനം ഓണ്‍ലൈനിലേക്ക് മാറിയതിനാല്‍ കേന്ദ്ര മനുഷ്യ വിഭവ ശേഷി മന്ത്രാലയം സ്കൂളുകള്‍ക്കായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
ഒരു ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട സെഷനുകളുടെ എണ്ണവും ഓരോ സെഷന്റേയും ദൈര്‍ഘ്യവും മന്ത്രാലയം നിശ്ചയിച്ചു.സ്കൂളുകള്‍ ക്ലാസ് മുറിയിലെ പഠനരീതി പോലെ എല്ലാ ദിവസവും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നതിന് എതിരെ രക്ഷിതാക്കളില്‍ നിന്നും പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് മന്ത്രാലയം ചട്ടങ്ങള്‍ പുറത്തിറക്കിയത്.കോവിഡ് കാലത്ത് ക്ലാസ് മുറിയിലെ പഠനത്തില്‍ നിന്നും ഓണ്‍ലൈന്‍ പഠന രീതിയിലേക്ക് മാറിയപ്പോള്‍ കുട്ടികള്‍ കംപ്യൂട്ടര്‍, മൊബൈല്‍ എന്നിവ ഉപയോഗിക്കുന്ന സമയം വര്‍ദ്ധിച്ചു.പ്രീ-പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് 30 മിനിട്ടില്‍ കൂടുതല്‍ ദൈര്‍ഘ്യം ഉണ്ടാകാന്‍ പാടില്ലെന്ന് മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. ഒന്ന് മുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ 45 മിനിട്ടുകള്‍ വീതമുള്ള രണ്ട് സെഷനുകള്‍ ആകാം. ഒമ്ബത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ക്ക് 30-45 മിനുട്ടുകളുള്ള നാല് സെഷനുകള്‍ ആണ് മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്.രാജ്യത്തെ കോവിഡ് വ്യാപനം 240 മില്ല്യണ്‍ വിദ്യാര്‍ത്ഥികളെയാണ് ബാധിച്ചിരിക്കുന്നത്. കൂടുതല്‍ കാലം അടച്ചിടുന്നത് പഠന നഷ്ടമുണ്ടാക്കുമെന്ന് മന്ത്രാലയം പറയുന്നു. അതിനാല്‍, പഠന, അധ്യാപന രീതികള്‍ പുനക്രമീകരിക്കുകയാണ് മാര്‍ഗമെന്നും മനുഷ്യ വിഭവ ശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക് പറഞ്ഞു.പഠിതാക്കളുടെ കാഴ്ച്ചപാടില്‍ നിന്നു കൊണ്ടാണ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ രൂപീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.മഹാമാരിയെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ മാര്‍ച്ച് 16 മുതല്‍ രാജ്യത്തെ സ്കൂളുകളും സര്‍വകലാശാലകളും അടച്ചിട്ടിരിക്കുകയാണ്. മാര്‍ച്ച് 24-നാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. 25 മുതല്‍ പ്രാബല്യത്തില്‍ വന്ന ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചുവെങ്കിലും സ്കൂളുകളും സര്‍വകലാശാലകളും തുറക്കാന്‍ അനുമതി നല്‍കിയില്ല.