കോവിഡ് ഭീഷണിയില്‍ തകര്‍ന്നടിയുമെന്ന കണക്കുകൂട്ടലുകള്‍ കാറ്റില്‍ പറത്തി തലസ്ഥാനത്തെ ഓണം വിപണിയില്‍ തിരയിളക്കം തുടങ്ങി
കോവിഡ് നിബന്ധനകള്‍ പാലിച്ചുകൊണ്ട് വ്യാപാര സ്ഥാപനങ്ങള്‍ തുറന്നതോടെയാണ് ഓണ വിപണി പതുക്കെ സജീവമാകാന്‍ തുടങ്ങിയത്. അത്തം നാളെ തുടങ്ങുന്നതിന്റെ തിരക്കും നിരത്തുകളില്‍ കാണാം. വഴിയോരക്കച്ചവടത്തില്‍ തുടങ്ങി വലിയ കച്ചവട സ്ഥാപനങ്ങള്‍ വരെ ഓണത്തെ വരവേല്‍ക്കാനായി ഒരുങ്ങികഴിഞ്ഞു. പല പ്രധാന വ്യാപാര സ്ഥാപനങ്ങളും ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്.മുന്‍ വര്‍ഷങ്ങളെ പോലെ സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരെ മാത്രം ലക്ഷ്യമിട്ട് നീങ്ങുന്നത് പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് കച്ചവടക്കാര്‍. സാധാരണക്കാരെ ലക്ഷ്യം വെച്ചും മികച്ച ഓഫറുകള്‍ ഉണ്ടെന്നും ഇവര്‍ പറയുന്നു.
പ്രമുഖ വസ്ത്ര വില്‍പന ശാലകള്‍, വാഹന വില്‍പന കേന്ദ്രങ്ങള്‍, ജ്വല്ലറികള്‍, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവരെല്ലാം ഈ പാതയില്‍ തന്നെയാണ് ഓണ വിപണന പദ്ധതി തയാറാക്കുന്നത്. വാഹന കമ്ബനികള്‍ പുതു പുത്തന്‍ ഓഫറുകള്‍ തയാറാക്കിയിട്ടുണ്ട്. തവണ വ്യവസ്ഥകള്‍ ഉദാരമാക്കുകയാണിവര്‍. ആദ്യം ഒടുക്കേണ്ട തുകയിലും കുറവു വരുത്തും. വസ്ത്ര വ്യാപാര വിപണിയാണ് പുതുമയേറിയ തന്ത്രങ്ങള്‍ അവതരിപ്പിക്കാന്‍ പണിപ്പെടുന്നത്. ലാഭം കുറച്ച് കച്ചവടം കൂട്ടുകയാണ് അവര്‍. അതേസമയം അത്തദിനങ്ങളും ഓണനാളുകളും ലക്ഷ്യമിടുന്ന പുഷ്പ വിപണി ശുഭ പ്രതീക്ഷയിലല്ല.പുറത്തുനിന്നുള്ള പൂക്കള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം. അത് പൂ കച്ചവട വിപണിക്ക് പ്രതികൂലമാകും. ഓണത്തിന് ഒരുമാസം മുമ്ബ് തന്നെ ഉണരാറുള്ള വഴിയോര കച്ചവടം ഇത്തവണ വൈകിയെങ്കിലും സജീവമാക്കാനുള്ള ഒരുക്കത്തിലാണ് അവര്‍. പാളയം മുതല്‍ പഴവങ്ങാടി വരെയുള്ള വഴിയോരങ്ങളില്‍ അടുത്ത രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ നിരന്നു തുടങ്ങും. ആകര്‍ഷകവും താരതമ്യേന കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്നതുമായ ചൈനീസ് ഉല്‍പന്നങ്ങളുടെ വരവ് ഇക്കുറി കുറവാണ്. ഇത് വഴിയോര കച്ചവടത്തിലും പ്രതിഫലിക്കും. കൈവശമുള്ള ചൈനീസ് ഉല്‍പന്നങ്ങള്‍ പരമാവധി വിറ്റഴിക്കുകയാണ് ലക്ഷ്യം. നിലവില്‍ രാത്രി ഏഴു മണിക്ക് ഹോട്ടലുകള്‍ ഒഴികെയുള്ള കച്ചവട സ്ഥാപനങ്ങള്‍ പൂട്ടണമെന്നാണ് നിബന്ധന. ഇക്കാര്യത്തില്‍ നേരിയ ഇളവ് സര്‍ക്കാര്‍ നല്‍കുമെന്നാണ് ചെറുകിട കച്ചവടക്കാരുടെ പ്രതീക്ഷ.