ടൂറിസം മേഖല അടിയന്തിരമായി തുറന്നു കൊടുക്കണം – സി കെ ടി ഐ

0

കോവിഡ്  19 വ്യാപനവും നിയന്ത്രണങ്ങളും മൂലം കഴിഞ്ഞ ആറ് മാസമായി പരിപൂർണ്ണമായും അടഞ്ഞു കിടക്കുന്ന സംസ്ഥാനത്തെ ടൂറിസം മേഖല അതിജീവനത്തിന്റെയും പുനരുദ്ധാരണത്തിന്റെയും പാതയിലേക്ക് തിരിച്ചു വരുന്ന വിധം, പ്രവർത്തന ക്ഷമമാക്കുന്ന തരത്തിൽ തുറന്നു കൊടുക്കാൻ സർക്കാർ അടിയന്തിരമായി നടപടികൾ സ്വീകരിക്കണമെന്ന്, കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്റ്ററി  ആവശ്യപ്പെട്ടു.

ആഗോള തലത്തിൽ കഴിഞ്ഞ ഫെബ്രുവരി മുതൽ യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് മുതൽ പ്രതിസന്ധിയിൽ ആയ വിനോദസഞ്ചാര മേഖല, മാർച്ച് മാസത്തോടെ ഏർപ്പെടുത്തിയ ലോക്ക്ഡൗണോടെ പരിപൂർണ്ണമായും അടഞ്ഞു കിടക്കുകയാണ്. കൊറോണ വൈറസ് ഏറ്റവും കൂടുതൽ താളം  തെറ്റിക്കുകയും സാമ്പത്തിക, സാമൂഹിക ആഘാതം സൃഷ്ടിക്കുകയും ചെയ്ത, ഈ മേഖലയിൽ  പ്രവർത്തിക്കുന്ന 15 ലക്ഷത്തോളം പേരെ നേരിട്ടും 20 ലക്ഷത്തോളം പേരെ പരോക്ഷമായും ബാധിക്കുന്ന നിലയിലും സംസ്ഥാനത്തിന് ഏറ്റവും കൂടുതൽ വരുമാനം ലഭ്യമാക്കുന്ന വ്യാവസായിക മേഖല എന്ന നിലയിലും പ്രവാസി നിക്ഷേപം ഒഴിവാക്കിയാൽ, രാജ്യത്തിന് ഏറ്റവും കൂടുതൽ വിദേശനാണ്യം നേടി തരുന്നതുമായ ഒരു മേഖല അക്ഷരാത്ഥത്തിൽ തകർച്ചയുടെ വക്കിൽ എത്തി നിൽക്കുന്ന ഈ സമയത്ത്, മേഖലയുടെ തിരിച്ചു വരവിനായി യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണെമന്ന്‌, സി. കെ. ടി. ഐ. പ്രസിഡന്റ് ഇ. എം. നജീബ് അഭ്യർത്ഥിച്ചു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിഭിന്നമായി കേരള സർക്കാർ പ്രഖ്യാപിച്ച “മുഖ്യമന്ത്രിയുടെ ടൂറിസം സമാശ്വാസ നിധി” എന്ന 455 കോടിയുടെ സാമ്പത്തിക പാക്കേജ്, ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകരേയും തൊഴിലാളികളെയും പിടിച്ചു നിർത്താൻ വലിയൊരു അളവ് വരെ സഹായിച്ചു എന്ന് ജനറൽസെക്രട്ടറി സജീവ് കുറുപ്പ് അറിയിച്ചു. എന്നാൽ സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അടഞ്ഞു കിടക്കുന്ന 4000  ത്തോളം ഹോട്ടലുകൾ, റിസോർട്ടുകൾ, 1000ൽ അധികം ഹൌസ് ബോട്ടുകൾ നൂറിലേറെ വരുന്ന ആയുർവേദ സെന്റററുകൾ 1000ത്തോളം ടൂർ ഓപ്പറേറ്റർമാർ, ഹോം സ്റ്റേ ഉടമകൾ, സാഹസിക വിനോദ സഞ്ചാര മേഖലയിലെ യൂണിറ്റുകൾ എന്നിവ പരിപാലനവും ബാങ്ക് വായ്‌പ്പയും പലിശയും ജീവനക്കാരുടെ ശമ്പളം, വൈദ്യുതി നിരക്കുകൾ, മറ്റു നികുതിയിനങ്ങൾ തുടങ്ങിയ ഒഴിവാക്കാനാവാത്ത പല വിധത്തിലുള്ള ചിലവുകൾ കാരണം വലിയ അനിശ്ചിതാവസ്ഥയിലൂടെയാണ്, കഴിഞ്ഞ കുറെ മാസങ്ങളായി കടന്നു പോകുന്നതെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

ദേശീയ തലത്തിൽ രാജസ്ഥാൻ, ഗോവ, കർണാടകം തുടങ്ങി പല സംസ്ഥാനങ്ങളും സെപ്റ്റംബർ ഒന്ന് മുതൽ ടൂറിസം വ്യവസായം, ക്വാറന്റൈൻ വ്യവസ്ഥകളോ യാത്ര വിലക്കുകളോ ഇല്ലാത്ത വിധം, പ്രതിരോധ ചട്ടങ്ങൾ പാലിച്ചു കൊണ്ട് തുറന്നു കൊടുത്തു കഴിഞ്ഞു.  പക്ഷെ കേരളത്തിൽ നിലവിലുള്ള 14 ദിവസത്തെ നിർബന്ധിത  ക്വാറന്റൈൻ, സംസ്ഥാനത്തെത്തുന്ന സഞ്ചാരികൾക്ക്  വേണമെന്നുള്ള നിബന്ധന കനത്ത തിരിച്ചടിയാണ്, ഈ മേഖലയിൽ ഉണ്ടാക്കുന്നത്. നിലവിൽ ജൂൺ 9 മുതൽ സംസ്ഥാനത്തെ ഹോട്ടലുകൾ, കോവിഡ്  പ്രതിരോധ  നിയന്ത്രണ ചട്ടങ്ങൾ വിധേയമായി തുറന്നു കൊടുക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയെങ്കിലും അത് 7 ദിവസത്തെ ബിസിനസ് ആവശ്യങ്ങൾക്കായി വരുന്ന സന്ദർശകർക്ക് മാത്രമാണ് ഗുണപ്രദമാകുന്നത്. പ്രധാന നഗരങ്ങളിലെ വളരെ ചുരുക്കം ഹോട്ടലുകൾ മാത്രമാണ് ഇത് മൂലം തുറന്നു പ്രവർത്തിക്കാൻ സജ്ജമായത്. എന്നാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഹോട്ടലുകൾ, റിസോർട്ടുകൾ, ഹൗസ് ബോട്ടുകൾ എന്നിവ പ്രവർത്തിക്കുന്നത്, വിനോദ സഞ്ചാരത്തിനായി മാത്രം എത്തുന്ന സഞ്ചാരികളെ ഉദ്ദേശിച്ചാണ്. നിലവിലെ നിയന്ത്രണങ്ങൾ കാരണം ഇവക്കൊന്നും പ്രവർത്തിക്കാൻ കഴിയുന്നില്ല എന്ന  ദൗർഭാഗ്യകരമായ അവസ്ഥയാണ് നിലനിൽക്കുന്നത്.

ഈ സാഹചര്യം ഇനിയും തുടർന്നാൽ കഴിഞ്ഞ വര്ഷം 45000 കോടി രൂപയോളം സംസ്ഥാന ഖജനാവിന് നേടിത്തന്ന ടൂറിസം വ്യവസായം തന്നെ എന്നന്നേക്കുമായി അടച്ചു പൂട്ടേണ്ടുന്ന അവസ്ഥയാണ് സംജാതമാവുക എന്ന്, സി. കെ. ടി. ഐ യിൽ അംഗങ്ങളായുള്ള 35 സംഘടനകളുടെ ഭാരവാഹികൾ കൂട്ടായി നടത്തിയ അന്വേഷണത്തിലും സ്ഥിതിവിവര കണക്കുകളുടെ ശേഖരണത്തിലൂടെയും മനസ്സിലാക്കിയത് കൊണ്ടാണ്, സംസ്ഥാന സർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെടുന്നതെന്ന് നജീബും സജീവ് കുറുപ്പും പ്രസ്താവനയിലൂടെ അറിയിച്ചു.

ഈ പ്രതിസന്ധി ഇനിയും നീണ്ടുപോയാൽ, ഗുരുതരമായ പ്രത്യാഘാതങ്ങൾ ഈ മേഖലയിലെ ബഹുഭൂരിപക്ഷം സംരംഭങ്ങളും സമീപ ഭാവിയിൽ തന്നെ നേരിടേണ്ടി വരുമെന്ന സാഹചര്യം കൂടി മുന്നിൽ കണ്ടാണ്, നിയന്ത്രണത്തോടെ, ജാഗ്രതയോടെ സംസ്ഥാനത്തെ ടൂറിസം മേഖല തുറന്നു കൊടുക്കണെമെന്ന്  അഭ്യർത്ഥന നടത്തുന്നതെന്ന് നജീബ് കൂട്ടിച്ചേർത്തു.

You might also like
Leave A Reply

Your email address will not be published.