അരിയാഹാരം കഴിക്കുന്നവരാണെന്ന് അഭിമാനിക്കുന്ന മലയാളികള്‍ക്ക് അത്ഭുതമായിരുന്ന പഴയിടം കോരോത്ത് രഘുനാഥ പണിക്കര്‍ ഇനി ഓര്‍മ

0

ചോറ് മാത്രമല്ല, അരി കൊണ്ടുള്ള ഒരാഹാരവും കഴിക്കാത്ത ജീവിതരീതിയിലൂടെ പ്രശസ്തനായിരുന്ന രഘുനാഥ പണിക്കര്‍ 89ാം വയസ്സില്‍ തിങ്കളാഴ്ച മരിച്ചു. മരിക്കുന്നതുവരെ തന്റെ പ്രതിജ്ഞയില്‍ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടുപോയില്ല.ആറാംമാസം ചെറുവള്ളി ക്ഷേത്രത്തില്‍ ചോറൂണ് നടത്തിയപ്പോള്‍ വായില്‍വെച്ച ചോറ് തുപ്പികളഞ്ഞ് നിര്‍ത്താതെ കരഞ്ഞ ആ കുഞ്ഞിന്റെ കഥ പ്രശസ്തമാണ്. പിന്നീട് അച്ഛനും അമ്മയും അരിയാഹാരം കൊടുക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ കഴിക്കാന്‍ മനസ്സുകാണിക്കാതെ വാശിപിടിച്ചത് അഭിമാനത്തോടെ പറയുമായിരുന്നു രഘുനാഥ പണിക്കര്‍. ചോറിന്റെയോ അരി കൊണ്ടുള്ള പലഹാരത്തിന്റെയോ ഗന്ധം വന്നാല്‍തന്നെ അലര്‍ജിയായിരുന്നു അദ്ദേഹത്തിന്. ഇതോടെ രഘുനാഥ പണിക്കരുടെ ഭക്ഷണ ക്രമത്തില്‍ നിന്ന് ചോറും അരിയാഹാരവും പുറത്തായി.
റബ്ബര്‍ എസ്‌റ്റേറ്റില്‍ സൂപ്രണ്ടായി വര്‍ഷങ്ങളോളം കഴിഞ്ഞുകൂടിയ പണിക്കര്‍ക്ക് കപ്പ, ചേന, കാച്ചില്‍ തുടങ്ങി കിഴങ്ങുവര്‍ഗവിഭവങ്ങളും പയറും കടലയും പുഴുങ്ങിയതുമൊക്കെയായിരുന്നു പഥ്യം. സ്വന്തം വിവാഹത്തിന് പോലും സദ്യ കഴിക്കാതിരുന്ന ഇദ്ദേഹം മക്കളുടെ വിവാഹത്തിലും ഉണ്ണാതിരുന്നു. നാട്ടില്‍ ആരെങ്കിലും കല്യാണത്തിന് വിളിച്ചാല്‍ ഒരു പഴവും പപ്പടവും മാത്രം കഴിച്ച്‌ സന്തോഷത്തോടെ മടങ്ങുകയായിരുന്നു രീതി.രഘുനാഥപ്പണിക്കരുടെ ചേട്ടന്‍ രാമകൃഷ്ണ പണിക്കരും അരിയാഹാരത്തോട് അലര്‍ജി കാട്ടിയിരുന്നു. 16ാം വയസ്സില്‍ മരിക്കുംവരെ ചേട്ടനും അരി കൊണ്ടുള്ള ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല.

You might also like
Leave A Reply

Your email address will not be published.