ഐ പി എല്‍ 2020 ല്‍ മങ്കാദിങില്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍

0

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലെ മൂന്നാം ഓവറിലെ മൂന്നാം പന്ത് എറിയുന്നതിന് മുന്‍പേ ക്രീസ് വിട്ട് ബഹുദൂരം മുന്നോട്ട് പോയ നോണ്‍ സ്‌ട്രൈക്കര്‍ ബാറ്റ്‌സ്മാന്‍ ആരോണ്‍ ഫിഞ്ചിന് അശ്വിന്‍ മങ്കാദിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു.മത്സരശേഷം തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇത് തന്റെ ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പാണെന്ന് അശ്വിന്‍ വ്യക്തമാക്കിയത്.

” ഞാന്‍ തുറന്നുപറയട്ടെ 2020 ലേക്കുള്ള എന്റെ ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പാണിത്. ഇത് ഔദ്യോഗികമാണ് പിന്നീടെന്നെ കുറ്റപ്പെടുത്തരുത്. എന്തുതന്നെയായാലും ഞാനും പോണ്ടിങും ഫിഞ്ചും നല്ല സുഹൃത്തുക്കളാണ് ” ട്വിറ്ററില്‍ അശ്വിന്‍ കുറിച്ചു.കഴിഞ്ഞവര്‍ഷം ഐപിഎല്ലില്‍ അന്നത്തെ കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍ മങ്കാദിങ് നടത്തി വിവാദം സൃഷ്ടിച്ചിരുന്നു. അന്ന് രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറാണ് അശ്വിന്റെ മങ്കാദിങ്ങിന് ഇരയായത്. മങ്കാദിങ് ശരിയോ എന്ന തര്‍ക്കം തുടരുന്നതിനിടെയാണ് അശ്വിന്റെ ട്വീറ്റ്.ഡല്‍ഹിക്ക് വേണ്ടി കളിക്കുമ്ബോള്‍ മങ്കാദിങ് വേണ്ടെന്ന് ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിങ് ആദ്യമേ വ്യക്തമാക്കിക്കഴിഞ്ഞു. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ – ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിനിടെ മങ്കാദിങ് അവസരം മനഃപൂര്‍വം വേണ്ടെന്നുവെച്ച അശ്വിനെ ആരാധകര്‍ കണ്ടിരുന്നു. ഡല്‍ഹി ഉയര്‍ത്തിയ 197 റണ്‍സ് ലക്ഷ്യത്തിലേക്ക് ചുവടുവെച്ച ബാംഗ്ലൂരിനെ ഒരുനിമിഷം മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് അശ്വിന്‍ മങ്കാദിങ് നടത്താതെ പിന്തിരിഞ്ഞത്. മൂന്നാം ഓവറിലെ നാലാം പന്തിലാണ് ഈ സംഭവം. ക്രീസില്‍ ദേവ്ദത്തും നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ആരോണ്‍ ഫിഞ്ചുമായിരുന്നു.പന്തെറിയാന്‍ ഒരുങ്ങിയ അശ്വിന്‍ ഫിഞ്ച് ക്രീസ് വിട്ടകലുന്നത് ആദ്യമെ തിരിച്ചറിയുകയും ബൗളിങ് ആക്ഷന്‍ പാതിവഴിയില്‍ നിര്‍ത്തി ഫിഞ്ചിനോട് ക്രീസില്‍ തിരിച്ചുകയറാന്‍ ആവശ്യപ്പെടുകയും ചെയ്തു.പുറത്താക്കാന്‍ അവസരം കൈവന്നിട്ടും ഇക്കുറി കോച്ചിനെ അനുസരിച്ചിരിക്കുകയാണ് അശ്വിന്‍ എന്നാല്‍ ഇനിയും ഈ ദയ ബാറ്റ്‌സ്മാന്മാര്‍ പ്രതീക്ഷിക്കേണ്ടയെന്ന് തന്നെയാണ് അശ്വിന്റെ ട്വീറ്റ് സൂചിപ്പിക്കുന്നത്. മത്സരത്തില്‍ 59 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം നേടിയ ഡല്‍ഹി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തി.ഡല്‍ഹി ഉയര്‍ത്തിയ 197 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ട്ടത്തില്‍ 137 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.

You might also like
Leave A Reply

Your email address will not be published.