ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു റയലിന്റെ വിജയം. അഞ്ചാം മിനുട്ടില്‍ തന്നെ ഫെഡ്രികോ വാല്‍വര്‍ദെയിലൂടെ റയല്‍ ഗോള്‍ കണ്ടെത്തി (1-0). എന്നാല്‍, മൂന്നു മിനുട്ടിനകം ബാഴ്‌സ സമനില പിടിച്ചു (1-1). ആന്‍സി ഫാത്തിയുടെ ബൂട്ടില്‍ നിന്നാണ് ബാഴ്‌സയുടെ ഗോള്‍ പിറന്നത്. ലീഡ് നേടാന്‍ ഇരു ടീമുകളും കിണഞ്ഞ് ശ്രമിച്ചതോടെ രണ്ടാം പകുതിയും ആവേശഭരിതമായി. 63 ാം മിനുട്ടില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് റയലിനെ മുന്നിലെത്തിച്ചു (2-1). പിന്നീട് റയലിന്റെ ഗോളാകുമെന്ന് തോന്നിപ്പിച്ച പല നീക്കങ്ങളും ബാഴ്‌സ ഗോളി നെറ്റോയുടെ കൈകളില്‍ തട്ടി തകര്‍ന്നു. എന്നാല്‍, നെറ്റോയുടെ പിഴവില്‍ നിന്നു തന്നെയായിരുന്നു റയല്‍ മൂന്നാം ഗോള്‍ കണ്ടെത്തിയത്. ഫുള്‍ടൈം അവസാനിക്കുന്നതിന് മിനുട്ടുകള്‍ മാത്രം ശേഷിക്കെ ലൂക്ക മോഡ്രിച്ചാണ് ബാഴ്‌സയുടെ വല വീണ്ടും കുലുക്കിയത് (3-1).ജയത്തോടെ ആറ് മത്സരങ്ങളില്‍ നിന്ന് 13 പോയിന്റോടെ സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് ഒന്നാമതെത്തി.