പാരീസ്: ഇസ്ലാമിക ഭീകരത ഫ്രാന്‍സിനെ എല്ലാ അര്‍ത്ഥത്തിലും ആക്രമിക്കുകയാണെന്ന് മാക്രോണ്‍. മതമൗലികവാദത്തിനെതിരേയും ഭീകരതക്കെതിരേയും നീങ്ങുമെന്നും ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കി. എതാക്രമണവും തടയാന്‍ ഫ്രാന്‍സ് ശക്തമായ സുരക്ഷാ സംവിധാനത്തിലേക്ക് നീങ്ങുന്നതായി സുരക്ഷാ ഏജന്‍സികളും വ്യക്തമാക്കി. സൈന്യത്തിന് നേരിട്ട് എല്ലാ വെല്ലുവിളികളേയും നേരിടാന്‍ ചുമതല നല്‍കിയിരിക്കുകയാണ്. പ്രാദേശിക പ്രശ്നങ്ങളടക്കം എല്ലാ സംഭവങ്ങളുടെ റിപ്പോര്‍ട്ടുകളും സൈനിക ഉദ്യോഗസ്ഥര്‍ ശേഖരിച്ചു കഴിഞ്ഞു. രഹസ്യാന്വേഷണ വിഭാഗവും പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കുകയാണ്.പ്രവാചക നിന്ദയാരോപിച്ച് തുടര്‍ച്ചയായി നടക്കുന്ന കൊലപാതകങ്ങളും ലോകത്തിലെ പലഭാഗത്തും ഫ്രാന്‍സിനെതിരെയുള്ള ബഹിഷ്ക്കരണ ആഹ്വാനത്തേയും ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ അപലപിച്ചു. ഫ്രാന്‍സെന്ന രാജ്യമാണ് ഇപ്പോള്‍ ആക്രമിക്കപ്പെടുന്നത്. അതിനാല്‍ ത്തന്നെ ഫ്രാന്‍സിന്റെ സേന ഇനി സുരക്ഷാകാര്യങ്ങള്‍ ഏറ്റെടുക്കും. ഓപ്പറേഷന് സെന്റിനല്‍ എന്ന പദ്ധതിപ്രകാരം 7000 സൈനികരെ വിന്യസിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും മാക്രോണ്‍ വ്യക്തമാക്കി.സേനാംഗങ്ങള്‍ക്ക് വലിയ ആഹ്വാനമാണ് മാക്രോണ്‍ നല്‍കിയിരിക്കുന്നത്. ‘ രാജ്യം നിങ്ങള്‍ക്കൊപ്പമാണ്. രാജ്യസുരക്ഷ വെല്ലുവിളി നേരിടുന്നു. അത് അകത്തുനിന്നും പുറത്തുനിന്നുകൂടിയാകുമ്ബോള് നോക്കിയിരിക്കാനാവില്ല. നമ്മുടെ രാജ്യത്തിന് മൂല്യങ്ങളുണ്ട്. അത് വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം. അത്് ഓരോ മതങ്ങളുടേയും പദ്ധതിയാകാം. എന്നാല്‍ ഞങ്ങള്‍ ശക്തമായ തീരുമാനത്തിലാണ്. ഞങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്ക് ഏതറ്റംവരേയും പോകും’ മാക്രോണ്‍ വ്യക്തമാക്കി.നോര്‍ച്ചേ ദാമേ ബസിലിക്കയില്‍ രണ്ടു സ്ത്രീകളും ഒരു പുരുഷനും കൂടി ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് മാക്രോണ്‍ ശക്തമായ പ്രതികരണം നടത്തിയത്. സൗദി അറേബ്യയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന് നേരെ നടന്ന ആക്രമണത്തേയും മാക്രോണ്‍ അപലപിച്ചു. ഫ്രാന്‍സിന് പിന്തുണയുമായി ജര്‍മ്മനിയും അമേരിക്കയും മതമൗലികവാദത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്.