ചെവിക്കും തലയ്ക്കുമുള്ളില്‍ ഇരമ്ബല്‍ അല്ലെങ്കില്‍ മൂളല്‍ പോലൊരു ശബ്ദം കേള്‍ക്കുന്ന രോഗാവസ്ഥയാണ് ടിന്നിറ്റസ്. ലോകജനസംഖ്യയുടെ 10 മുതല്‍ 15 ശതമാനം വരെ ടിന്നിറ്റസ് അനുഭവിക്കുന്നുണ്ടെന്ന് കണക്കാക്കുന്നു.പ്രായം കൂടുന്നതിനോട് അനുബന്ധിച്ചുള്ള കേള്‍വി നഷ്ടം, ചെവിക്കുണ്ടാകുന്ന എന്തെങ്കിലും തരത്തിലുള്ള ക്ഷതം എന്നിവയെല്ലാം ടിന്നിറ്റസിലേക്ക് നയിക്കാറുണ്ട്. കോവിഡ്-19 ടിന്നിറ്റസ് ലക്ഷണങ്ങള്‍ മൂര്‍ച്ഛിപ്പിക്കുന്നതായി യുകെയിലെ ആംഗ്ലിയ റസ്കിന്‍ സര്‍വകലാശാല നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. സ്ത്രീകള്‍ക്കും 50 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കുമാണ് മഹാമാരിക്കാലത്ത് ടിന്നിറ്റസ് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതെന്നും പഠനറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.ബ്രിട്ടീഷ് ടിന്നിറ്റസ് അസോസിയേഷന്റെയും അമേരിക്കന്‍ ടിന്നിറ്റസ് അസോസിയേഷന്റെയും സഹകരണത്തോടെ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഫ്രണ്ടിയേഴ്സ് ഇന്‍ പബ്ലിക് ഹെല്‍ത്ത് എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്. 48 രാജ്യങ്ങളിലെ 3103 ടിന്നിറ്റസ് രോഗികളെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്.പഠനത്തില്‍ പങ്കെടുത്ത 40 ശതമാനം ടിന്നിറ്റസ് രോഗികളും കോവിഡ് 19 തങ്ങളുടെ പ്രശ്നം രൂക്ഷമാക്കിയതായി അഭിപ്രായപ്പെട്ടു. മുന്‍പ് ടിന്നിറ്റസ് ഉള്ളവരിലാണ് പഠനം ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കിലും ഒരു ചെറിയ ശതമാനം പേര്‍ തങ്ങള്‍ക്ക് കോവിഡിനോട് അനുബന്ധിച്ചാണ് ടിന്നിറ്റസ് പ്രത്യക്ഷമായതെന്ന് അഭിപ്രായപ്പെട്ടു.