മില്‍മയെ പിന്തള്ളി മറുനാടന്‍ പാല്‍ സംസ്ഥാനത്ത് വ്യാപകമാകുന്നു

0

പ്രതിരോധിക്കാനൊരുങ്ങി മില്‍മയും ക്ഷീര കര്‍ഷകരും.
പാല്‍ അളവില്‍ കുറച്ച്‌ മില്‍മക്ക് സമാനമായ പാക്കറ്റില്‍ ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്ന രീതിയില്‍ നാടന്‍ പാല്‍ എന്ന വ്യാജേനയാണ് മറുനാടന്‍ എത്തുന്നത്. വിപണിയില്‍ സുലഭമായിക്കൊണ്ടിരിക്കുന്ന പലതരം പാലുകളും ഗുണമേന്മാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ഉറവിടം വ്യക്തമാക്കാതെയുമാണ് വിപണി കൈയടക്കുന്നത്. എന്നാല്‍ മില്‍മ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ (എഫ് എസ് എസ് എ ഐ) കര്‍ശനമായി പാലിച്ചും വിറ്റാമിന്‍ എ ആന്‍ഡ് ഡി ചേര്‍ത്ത് സമ്ബുഷ്ടീകരിച്ചുമാണ് ഉപഭോക്താക്കള്‍ക്ക് പാലും പാലുത്പന്നങ്ങളും നല്‍കുന്നത്. മില്‍മയെ അതേപടി അനുകരിച്ച്‌ കൊണ്ട് പല പേരുകളിലായാണ് വ്യാജന്‍മാര്‍ വിപണി കണ്ടെത്താന്‍ ശ്രമിക്കുന്നത്. ലിറ്ററിന് 50 രൂപ നിരക്കില്‍ കൊള്ളലാഭം കൊയ്യുകയുമാണ് മറുനാടന്‍ പാല്‍ ലോബികള്‍. വലിയതോതില്‍ ലാഭം നല്‍കുന്ന ഇത്തരം പാല്‍ വില്‍ക്കുന്നതിലൂടെ വ്യാപാരികളും മറുനാടന്‍ പാല്‍ ലോബിയുടെ ഭാഗമാകുകയാണ്. 23 രൂപക്ക് 400 മില്ലി ലിറ്റര്‍ പാലാണ് മില്‍മ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത്.

തെറ്റിദ്ധരിപ്പിച്ച്‌ വില്‍പ്പന

രണ്ടു കമ്ബനികളുടെ കവര്‍ പാലുകളാണ് മില്‍മയാണെന്ന് തെറ്റിധരിക്കുന്ന തരത്തില്‍ കവറുകളില്‍ രൂപസാദൃശ്യവുമായി വില്‍പന നടത്തുന്നത്. മില്‍മയാണെന്ന് തെറ്റിധരിച്ച്‌ കവര്‍ പാല്‍ വാങ്ങി വീട്ടിലെത്തി ഉപയോഗിക്കുമ്ബോഴാണ് തങ്ങള്‍ വാങ്ങിയത് ഒറിജിനല്‍ മില്‍മയല്ലെന്ന് തിരിച്ചറിയുന്നത്. രണ്ടു കമ്ബനികളുടെ കവറുകളും ഒറ്റനോട്ടത്തില്‍ മില്‍മയാണെന്ന് തന്നെയാണ് തോന്നുക. മില്‍മയാണെന്ന് തെറ്റിധരിച്ച്‌ സാധാരണക്കാര്‍ ശ്രദ്ധിക്കാതെ ഇത് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. കവറും, പശുവിന്റെ ചിത്രവും, എഴുത്തും, കവര്‍ കളറും എല്ലാം മില്‍മയെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ്. മില്‍മയുടെ അംഗീകൃത ഏജന്‍സികളില്ലാത്ത മില്‍മ വില്‍പന നടത്തുന്ന കടകളിലും മറ്റുമാണ് ഇവ ഇടകലര്‍ന്നു വില്‍പന നടത്തുന്നത്.

പാലിനു പുറമെ തൈരും മില്‍മയുടെ അതേ കവര്‍ സാദൃശ്യമുള്ളതാണ്. ഒരു കമ്ബനി തിരുവനന്തപുരത്തും, മറ്റൊരു കമ്ബനി പന്തളത്തുമാണ് ഡയറി ഫാം നടത്തുന്നത്. ഒറ്റനോട്ടത്തില്‍ മില്‍മ തന്നെയാണെന്നാണ് തോന്നുക. മില്‍മ 500 മില്ലിയാണ് എങ്കില്‍ മറ്റു രണ്ടും 450 മില്ലിയാണ്. മില്‍മയേക്കാള്‍ ഒരു രുപ കൂടുതലുമാണ്. അതേ സമയം രണ്ടു കമ്ബനികളും ലൈസന്‍സോട് കൂടി തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. കച്ചവടക്കാര്‍ക്ക് ഇരു കമ്ബനികളും മില്‍മയേക്കാള്‍ കൂടതല്‍ കമ്മിഷന്‍ നല്‍കുന്നുണ്ടെന്നാണ് വിവരം. ഉപഭോക്താക്കള്‍ മില്‍മ കവര്‍ പാല്‍ ചോദിക്കുന്നതോടെ കച്ചവടക്കാര്‍ ഇവ ഇടകലര്‍ത്തി വില്‍പന നടത്തുകയാണ്. ഇതില്‍ ഒരു കമ്ബനി ഈയ്യിടെ അടുത്താണ് പേരുമാറ്റി മില്‍മയുടെ രൂപസാദൃശ്യവുമായി വിപണിയിലെത്തിയത്. രൂപസാദൃശ്യമുള്ള കവര്‍ പാല്‍ വില്‍പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മില്‍മ അധികൃതര്‍ ഇരു കമ്ബനികളിലേക്കും നേരത്തെ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും തിരുവനന്തപുരത്തെ കമ്ബനി മാത്രമാണ് വിശദീകരണം നല്‍കിയത്.

പ്രതിസന്ധിയിലായി കര്‍ഷകര്

മറുനാടന്‍ പാല്‍ വ്യാപകമാകുമ്ബോള്‍ മില്‍മക്കൊപ്പം പ്രതിസന്ധിയിലാകുന്നത് സംസ്ഥാനത്തെ ലക്ഷ കണക്കിന് ക്ഷീര കര്‍ഷകര്‍ കൂടിയാണ്. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ പാലും സംഭരിക്കുന്നതിനാലും സുസ്ഥിര വില ലഭിക്കുന്നതിനാലും പുതുതായി വളരെയേറെ പേര്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ട്. അതിന്റെ ഭാഗമായി മില്‍മയുടെ പാല്‍ സംഭരണം പ്രതീക്ഷക്കപ്പുറം വര്‍ധിച്ചിട്ടുണ്ട്. ദിനംപ്രതി ഏകദേശം 7.50 ലക്ഷം ലിറ്ററായി ഇത് വര്‍ധിച്ചു.
എന്നാല്‍ വിപണനം ഏകദേശം പ്രതിദിനം 4.60 ലക്ഷം ലിറ്ററായി കുറയുകയും ചെയ്തു. കൂടുതലുള്ള 2.8 ലക്ഷം ലിറ്ററോളം പാല്‍ പൊടിയും നെയ്യ്/വെണ്ണ എന്നിവയാക്കി സൂക്ഷിക്കുന്നതിലൂടെ പ്രതിദിനം ഭീമമായ നഷ്ടം മില്‍മ സഹിച്ചുകൊണ്ടിരിക്കുകയുമാണ്. ഉപഭോക്താക്കള്‍ പാലിന് നല്‍കുന്ന വിലയുടെ 82 ശതമാനത്തിലധികം നേരിട്ട് കര്‍ഷകന് വിലയായി നല്‍കുന്നുണ്ട്. മില്‍മയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ക്ഷീര കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. വിഷയത്തില്‍ 16ന് രാവിലെ 10ന് ജില്ലയിലെ 30തോളം കേന്ദ്രങ്ങളിലായി ക്ഷീരസംഘങ്ങളില്‍ പാല്‍ നല്‍കുന്ന ക്ഷീരകര്‍ഷകരുടെ ആഭിമുഖ്യത്തില്‍ ക്യാമ്ബയിന്‍ സംഘടിപ്പിക്കുകയാണ്.

You might also like

Leave A Reply

Your email address will not be published.