ഗാര്‍ഹികത്തൊഴിലാളി ക്ഷാമം കുവൈത്ത് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലെ സജീവ പ്രചാരണ വിഷയങ്ങളിലൊന്നാവുന്നു
സ്വദേശി കുടുംബങ്ങളില്‍ ഗാര്‍ഹിക തൊഴിലാളി ക്ഷാമം രൂക്ഷമാണ്. വോട്ടുചോദിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ പ്രധാന പരാതികളിലൊന്നാണിത്. കുവൈത്തിലേക്ക് കൂടുതലായി ഗാര്‍ഹികത്തൊഴിലാളികളെ അയച്ചിരുന്ന ഇന്ത്യ, ശ്രീലങ്ക, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വിമാനസര്‍വിസ് ഇല്ലാത്തതിനാല്‍ അവധിക്കു പോയ നിരവധി തൊഴിലാളികള്‍ ഇനിയും മടങ്ങിയെത്തിയിട്ടില്ല. പുതിയ വിസ അനുവദിക്കുന്നത് പുനരാരംഭിക്കാത്തതിനാല്‍ റിക്രൂട്ട്മെന്റുകളും നടക്കുന്നില്ല. തൊഴിലാളികളുടെ ഒളിച്ചോട്ടം കൂടി വര്‍ധിച്ചതോടെ ഗാര്‍ഹികത്തൊഴില്‍ മേഖല വലിയ പ്രതിസന്ധിയിലാണ്.പാര്‍ടൈം ഗാര്‍ഹികത്തൊഴിലാളികളെ ജോലിക്ക് വെക്കരുത് എന്ന് ആരോഗ്യ മന്ത്രാലയത്തിെന്റ മുന്നറിയിപ്പുണ്ടെങ്കിലും ഇത് സജീവമായി നടക്കുന്നു. മണിക്കൂര്‍ അടിസ്ഥാനത്തില്‍ പല വീടുകളില്‍ ഒാടി നടന്ന് ജോലി ചെയ്യുന്നവരുണ്ട്.ഇത് കോവിഡ് വ്യാപനത്തിന് കാരണമാവുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിെന്റ മുന്നറിയിപ്പ്. ജോലി നടക്കാന്‍ മറ്റു വഴികളില്ലെന്നാണ് ഒരു വിഭാഗം സ്വദേശികള്‍ പറയുന്നത്. സര്‍ക്കാറിനുമേല്‍ രാഷ്ട്രീയ സമ്മര്‍ദം ഉയര്‍ത്തുന്ന വിഷയമായി ഇത് മാറിയിട്ടുണ്ട്.10000 ഗാര്‍ഹികത്തൊഴിലാളികളെ അടിയന്തരമായി കുവൈത്തില്‍ എത്തിക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. കുവൈത്തിലേക്ക് നേരിട്ട് നിലവില്‍ വിമാന സര്‍വിസ് ഇല്ലാത്ത ഇന്ത്യ, ശ്രീലങ്ക, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുവരെ പ്രത്യേക വിമാനങ്ങളില്‍ ഗാര്‍ഹികത്തൊഴിലാളികളെ കൊണ്ടുവരാനാണ് ആലോചന. ഒരാഴ്ചത്തെ ഹോട്ടല്‍ ക്വാറന്‍റീന്‍ വ്യവസ്ഥയില്‍ ഇത് അനുവദിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തയാഴ്ച ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.ഒരാഴ്ചത്തെ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്‍റീന്‍ സ്വന്തം ചെലവില്‍ ഇരിക്കണമെന്ന വ്യവസ്ഥയില്‍ മൊത്തം വിമാന വിലക്ക് നീക്കുന്നത് സംബന്ധിച്ചും ഉന്നതതലത്തില്‍ ചര്‍ച്ചയുണ്ട്.