രാജ്യത്തെ ഏറ്റവും ജനപ്രിയരില്‍ ഒരാളായ മറഡോണയുടെ ചിത്രങ്ങള്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ തെളിയിച്ചാണ് യുഎഇ ആദരം അര്‍പ്പിച്ചത്.ഇന്നലെ വൈകിട്ടാണ് ബുര്‍ജ് ഖലീഫയില്‍ മറഡോണയുടെ ചിത്രങ്ങള്‍ തെളിഞ്ഞത്. “ഇതിഹാസമായ ഡിയേഗോ മറഡോണയ്ക്ക് ആദരം അര്‍പ്പിക്കുന്നു, അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു,”ബുര്‍ജ് ഖലീഫയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. ലോകം കണ്ട എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ മറഡോണയുടെ ചിത്രം കഴിഞ്ഞദിവസം ദുബായിലെ സബീല്‍ സ്റ്റേഡിയത്തിലെ സ്ക്രീനിലും പ്രദര്‍ശിപ്പിച്ചിരുന്നു. അല്‍ വാസല്‍, ഫുജൈറ ടീമുകള്‍ തമ്മിലുള്ള മത്സരത്തിന്റെ കിക്കോഫിനു തൊട്ടു മുന്‍പായിരുന്നു ഇത്. ഇരു ക്ലബ്ബുകളുടെയും പരിശീലകനായും ദുബായ് സ്പോര്‍ട്സ് ഓണററി അംബാസഡറായി മറഡോണ യുഎഇയില്‍ ജനപ്രിയനാണ്.1986 ലെ ലോകകപ്പില്‍ വിജയകിരീടം ചൂടിയ അര്‍ജന്റീനയെ നയിച്ച മറഡോണ, അറുപതാം വയസില്‍ 25നാണ് അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ച അദ്ദേഹത്തിന്റെ സംസ്കാരം വ്യാഴാഴ്ച നടന്നു.ക്ലബ് കരിയറില്‍ ബാഴ്സലോണയ്ക്കും നാപോളിക്കും വേണ്ടി കളിച്ച മറഡോണ ഇറ്റാലിയന്‍ ടീമിനൊപ്പം രണ്ട് സെരി എ കിരീടങ്ങള്‍ നേടി. പന്തിന്റെ മാന്ത്രികനെന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടത്. പെലയ്ക്കൊപ്പം ലോകത്തിലെ ഏറ്റവും മഹത്തായ ഫുട്ബോള്‍ താരങ്ങളിലൊരാളായാണ് മറഡോണയെ കണക്കാക്കുന്നത്. അര്‍ജന്റീനയില്‍, അദ്ദേഹത്തെ ‘എല്‍ ഡിയോസ്’ – ദി ഗോഡ് – എന്ന് വിളിച്ച് ആരാധിച്ചു.
Related Posts