കേരളം സമീപകാലത്തായി നേരിടുന്നതും ഭാവിയില്‍ കൂടുതല്‍ സങ്കീര്‍ണാകുന്നതുമായ രോഗങ്ങളും മാലിന്യവും സൃഷ്ടിക്കുന്ന പ്രതിസന്ധി

0

കേരളത്തിലെ ആരോഗ്യ പ്രശ്‌നങ്ങളില്‍ പ്രധാനമായും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ജീവിത ശൈലീ രോഗങ്ങളാണ് എന്ന് പറയുമ്ബോള്‍തന്നെ മറ്റ് രോഗങ്ങളും മലയാളിയെ ബാധിക്കുന്നുണ്ട്. കേരളത്തില്‍ താമസിക്കുന്നവരില്‍ പലപ്പോഴും ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് അത് ത്വക്ക് രോഗം മുതല്‍ പല നിലകളില്‍ വരുന്ന രോഗങ്ങള്‍ക്ക് കാരണം പരിസര മലിനീകരണമാണ് എന്ന് പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അമിത ഉപയോഗം കൊണ്ട് മലിനീകരിക്കപ്പെട്ട പരിസരം അതിനൊരുകാരണമാണ്. ജലമലിനീകരണം കേരളത്തിലെ ആരോഗ്യ പ്രതിസന്ധിയിലെ പ്രധാനമായൊരു ഘടമാകമായി മാറിയിട്ടുണ്ട്.കേരളത്തില്‍ കഴിഞ്ഞ കുറച്ചുകാലമായി ജലജന്യരോഗങ്ങളുടെ പടര്‍ച്ച പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വയറിളക്കം ( ഡയേറിയ), ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നീ രോഗങ്ങള്‍ ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവയാണ്.
കഴിഞ്ഞവര്‍ഷം അഞ്ച് ലക്ഷത്തിലധികംപേര്‍ക്ക് വയറിളക്കം പിടിപ്പെട്ടിരുന്നു എന്നതാണ് ആരോഗ്യവകുപ്പില്‍ നിന്നും ലഭ്യമായ കണക്ക് വ്യക്തമാക്കുന്നത്. . 5,44,027 പേര്‍ വയറിളക്കം ബാധിക്കുകയും അഞ്ച് പേര്‍ മരിക്കുകയും ചെയ്തു. ഒരുപക്ഷേ ആരോഗ്യരംഗത്തെ വെല്ലുവിളിയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് വയറിളക്ക വ്യാപനവും അതുവഴി സംഭവിക്കുന്ന മരണവും. മറ്റ് പല സംസ്ഥാനങ്ങളേക്കാള്‍ വളരെ ശുചിത്വമുള്ള, അടിസ്ഥാന സൗകര്യമുണ്ട് എന്ന് അവകാശപ്പെടുന്ന കേരളത്തിലാണ് വയറിളക്കം പോലുള്ള രോഗം അഞ്ച് ലക്ഷത്തിലധികം പേര്‍ക്ക് വന്നത്. ചെറിയ നിരക്കിലാണെങ്കിലും മരണവും സംഭവിച്ചത്.കേരളത്തിലെ രോഗാതുര വര്‍ധിപ്പിക്കുന്നതിന് മലിനജലം കാരണമാകുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2012 മുതല്‍ 2016 വരെയുള്ള നാല് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ച്‌ നടത്തിയ പഠനത്തില്‍ ജലജന്യ രോഗങ്ങളുടെ തോത് 35.6 ശതമാനം കണ്ട് വര്‍ധിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് വരാന്‍ പോകുന്ന അപകടത്തിന്റെ സൂചനയാണ് കേരളത്തിന് മുന്നില്‍ വെക്കുന്നതെന്ന്, ആരോഗ്യ,സാമൂഹിക ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.ഇത് കഴിഞ്ഞ വര്‍ഷത്തെ വയറിളക്ക രോഗികളുടെ എണ്ണം കൂടെ പരിഗണിക്കുമ്ബോള്‍ കൂടുതല്‍ സങ്കീര്‍ണമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് വ്യക്തമാക്കുന്നതാണ്.പൊതുജനങ്ങളുടെയും പൊതുസംവിധാനങ്ങളുടെയും അലംഭാവവും പരിമിതിയും കൊണ്ടും അമിതമായ ഉപയോഗാസക്തികൊണ്ടും സംഭവിക്കുന്ന മലിനീകരണമാണ് ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ സാമൂഹികാരോഗ്യ രംഗത്തെ പഴുതുകളിലേക്ക് ഇത് വെളിച്ചം വീശുന്നു. കേരളത്തിന്റെ ഈ ദുര്‍ബലമായ ജലശുചിത്വ സംവിധാനങ്ങളിലേക്ക് കൂടിയാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
കേരളത്തിലെ ജലമലിനീകരണം കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ ആരോഗ്യപ്രതിസന്ധി മാത്രമല്ല, സാമ്ബത്തിക, സാമൂഹിക പ്രതിസന്ധികളുടെയും കാരണമാകുന്നുണ്ട്. ഇതുമൂലമുണ്ടാകുന്ന രോഗം പിടിപ്പെടുന്നവരില്‍ ഭൂരിപക്ഷവും സാമൂഹികവും സാമ്ബത്തികവുമായ താഴ്ന്ന നിലയില്‍ നിലകൊള്ളുന്നവരായിരിക്കും. ചുരുക്കി പറഞ്ഞാല്‍ നിലവില്‍ തന്നെ തൊഴിലില്ലായ്മയും വരുമാനക്കുറവും വിലവര്‍ധനവുമൊക്കെയായി ജീവിതം ബുദ്ധിമുട്ടിലായവരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നതായി മാറും ഇത്.നദികള്‍ കൊണ്ടും ജലസ്രോതസ്സുകള്‍ കൊണ്ടും സമൃദ്ധമായ നാടെന്ന പേരില്‍ നിന്നും കേരളം ശുദ്ധജലക്ഷാമം നേരിടുന്ന നാടെന്ന പ്രതിസന്ധിയുടെ കരയിലാണ്. ഏറെ നാളുകളായി കേരളം നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് ജലമലിനീകരണം. ജലസ്രോതസ്സുകള്‍ ഇല്ലാതാകുന്നത്, നിലനില്‍ക്കുന്ന ജലസ്രോതസ്സുകള്‍ വ്യാപകമായ തോതില്‍ മലിനീകരിക്കപ്പെടുന്നത്. ഇതിന് പുറമെ കാലാവസ്ഥാ പ്രതിസന്ധി കൊണ്ട് രൂപപ്പെടുന്ന അപ്രതീക്ഷിത മഴ, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, കഠിനമായ വേനല്‍,വരള്‍ച്ച തുടങ്ങി പ്രതിഭാസങ്ങളുടെ കടുത്ത ആഘാതം. വികസനവുമായി ബന്ധപ്പെട്ടോ അതിന്റെ പേരിലോ നടപ്പാക്കപ്പെടുന്ന കാര്യങ്ങള്‍ മൂലം മലിനീകരിക്കപ്പെടുന്ന ജലസ്രോതസുകള്‍, വറ്റിപ്പോകുന്ന ജലഉറവകള്‍ എന്നിവയും ഉണ്ട്. ഇവയൊക്കെ മറികടക്കാന്‍ കുറച്ചുകാലമായി സര്‍ക്കാര്‍ തലത്തിലും തദ്ദേശ ഭരണ തലത്തിലുമൊക്കെ പല മാര്‍ഗങ്ങളും തേടുന്നുണ്ട്.പൊതുസംവിധാനത്തിലൂടെ ഏറെക്കുറ കുറ്റമറ്റതും ശുചീകരിച്ചതുമായ ജലവിതരണ സംവിധാനമുള്ള സംസ്ഥാനമാണ് കേരളം. കേരളത്തിലെ 56 ശതമാനത്തിലേറെ ജനങ്ങള്‍ക്ക് ജലവിതരണ പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ വര്‍ഷത്തെ (2019) ലെ ചില കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, 44 ശതമാനം ജനങ്ങള്‍ക്കും ഇതും ലഭ്യമല്ല എന്ന യാഥാര്‍ത്ഥ്യം കൂടെയാണ് ഇത് വെളിപ്പെടുത്തുന്നത്. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും ഈ ജലവിതരണ സംവിധാനം ലഭ്യമാകുമ്ബോള്‍ തന്നെ കിണറുകളെ ആശ്രയിക്കുന്നുണ്ടെന്നും ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. 2011 ലെ സെന്‍സസ് പ്രകാരം കുടിവെള്ളത്തിനും വീട്ടാവശ്യങ്ങള്‍ക്കും കിണറിനെ ആശ്രയിക്കുന്നവരുടെ എണ്ണം കേരളത്തിലും വ്യാപകമായിട്ടുണ്ട്. നഗര പ്രദേശങ്ങളില്‍ പോലും ജല അതോറിട്ടിയുടെ കണക്ഷന് പുറമെ കിണറുകള്‍, കുഴല്‍ക്കിണറുകള്‍ എന്നിവ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്.കേന്ദ്ര, സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ വിവിധ പഠനങ്ങളില്‍ ലഭ്യമായ കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തിലെ ജലത്തിന്റെ ഗുണമേന്മ കുറയുന്നുവെന്ന വസ്തുതയാണ് തെളിയുന്നത്. ഭൗമ ഉപരിതലത്തില്‍ ലഭ്യമാകുന്ന വെള്ളത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ഭൂഗര്‍ഭ സ്രോതസ്സില്‍ നിന്നും ലഭിക്കുന്ന വെള്ളത്തിന്റെ കാര്യത്തിലും മലിനീകരണ തോത് കൂടുതലാണെന്നാണ് ഈ പഠനങ്ങള്‍ വെളിപ്പടുത്തുന്നത്. പലയിടങ്ങളിലും മനുഷ്യരുടെയും ജലജീവികളുടെയും ആരോഗ്യത്തെയും നിലനില്‍പ്പിനെയും ബാധിക്കുന്ന തരത്തില്‍ രൂക്ഷമാണ് ഇതെന്നത് ഗൗരവമുള്ളവിഷയമാണ്.രൂക്ഷമായ രീതിയില്‍ ജലത്തിന്റെ ഗുണനിലവാരം കുറയുന്നത് കേരളത്തിന് മുന്നില്‍ പാരിസ്ഥികവും ആരോഗ്യപരവും സാമ്ബത്തികവുമായി നിരവധി പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് വിഭവ വിശകല വിദഗ്ദനും ഭൗമശാസ്ത്രജ്ഞനും സെസ്സിലെ മുന്‍ ഗവേഷകനും ഐ സി എസ് എസ് ആര്‍ ഫെല്ലോയുമായ ഡോ. ശ്രീകുമാര്‍ ചതോപാദ്ധ്യായ വിലയിരുത്തുന്നു.കേരളത്തില്‍ അര്‍ബന്‍ റിവര്‍ സിന്‍ഡ്രോം എന്ന പ്രതിഭാസം രൂപപ്പെട്ടതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ ഒരു പഠനത്തില്‍ പറയുന്നുണ്ട്. നഗരപ്രദേശങ്ങളോട് ചേര്‍ന്ന് കിടക്കുന്ന ജലസ്രോതസ്സുകളില്‍ പാരിസ്ഥിതിക ഗുണമേന്മള്‍ ഏതാണ്ട് പൂര്‍ണ്ണമായും നഷ്ടപ്പെട്ടതും ജല ഗുണനിലവാരം കുറഞ്ഞതും ആയി കാണുന്ന പ്രതിഭാസമാണിത്. തിരുവനന്തപുരത്ത് കരമന മുതല്‍ തിരുവല്ലം വരെയുള്ള ഭാഗത്താണ് ഈ പ്രതിഭാസം കണ്ടത്.2012 മുതല്‍ അഞ്ച് വര്‍ഷം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പഠനത്തില്‍ മലിനീകരണം അളക്കുന്നതിനുള്ള അളവ് പ്രകാരം പരിശോധിച്ചാല്‍ കേരളത്തിലെ മലിനീകരണ തോത് കൂടി വരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളത്തിലെ ന്യൂട്രിയന്റ് ലോഡിങ് അപായകരമായ വിധത്തില്‍ ഉയരുന്നതായി കണ്ടെത്തിയതായി പമ്ബാനദിയിലെ മനുഷ്യരുടെ ഇടപെടല്‍ സൃഷ്ടിക്കുന്ന ആഘാതത്തെകുറിച്ച്‌, ഡേവിസ്, ശ്രീകുമാര്‍ ചതോപാദ്ധ്യായ എന്നിവര്‍ നടത്തിയ പഠനത്തില്‍ പറയുന്നുണ്ട്.സംസ്ഥാനത്ത് നടത്തിയ ജലപഠനത്തില്‍ 47 ശതമാനം സാംപിളും മലിനമായവയാണെന്ന് കണ്ടെത്തിയിരുന്നതായി 2018ലെ സംസ്ഥാന ആസൂത്രണ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഭൂരിപക്ഷവും ബാക്ടീരിയ മൂലമുള്ള മലിനീകരണമായിരുന്നു. കേരളത്തിലും ജലത്തിലെ കോളിഫോം ബാക്ടീരിയയുടെ അളവ് ഉയരുന്നുവെന്നാണ് പരിശോധനകള്‍ വ്യക്തമാക്കുന്നത്. ശുദ്ധജല ലഭ്യതയിലെ കുറവ്, ശുചീകരണത്തിന്റെ അഭാവം,വൃത്തിഹീനമായ അവസ്ഥ എന്നിവ ലോകത്തെ പലരാജ്യങ്ങളിലും മരണനിരക്ക് ഉയര്‍ത്തുന്നതിന് കാരണമായിട്ടുണ്ട്.കേരളത്തിലേക്ക് വന്നാല്‍ രോഗാതുരത വര്‍ധിപ്പിക്കുന്നതിന് മലിനജലം കാരണമാകുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2012 മുതല്‍ 2016 വരെയുള്ള നാല് വര്‍ഷത്തില്‍ ജലജന്യ രോഗങ്ങളുടെ തോത് 35.6 ശതമാനം കണ്ട് വര്‍ധിച്ചുവെന്ന് പഠനത്തില്‍ പറയുന്നു.
സംസ്ഥാന ആസൂത്രണ ബോര്‍ഡ് 2018ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെല്ലായിടത്തും ഒരേയളവിലല്ല ജലമലിനീകരണം സംഭവിക്കുന്നത് എന്ന് തെളിയുന്നു. തൃശൂരിലെ ജലമലിനീകരണത്തിന്റെ തോത് 27 ശതമാനമാണെങ്കില്‍ കൊല്ലത്ത് അത് രേഖപ്പെടുത്തുന്നത് 59 ശതമാനമെന്നാണ്. അതായത് ജലമലിനീകരണം സംസ്ഥാനത്ത് വ്യാപകമായും രൂക്ഷമാണെങ്കിലും മലിനീകരണ തോതില്‍ അന്തരമുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.ജനസാന്ദ്രത മാനദണ്ഡമാക്കി പരിശോധിക്കുമ്ബോള്‍ നഗരവല്‍ക്കരണമോ പ്രതിശീര്‍ഷ വരുമാനമോ ഒന്നും മലിനീകരണത്തിന്റെ കാര്യത്തില്‍ ഗണ്യമായ മാറ്റം വരുത്തുന്നില്ലെന്നാണ് ഈ പശ്ചാത്തലത്തില്‍ ശ്രീകുമാര്‍ ചതോപാദ്ധ്യായ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടി തയ്യാറാക്കായി പഠനത്തില്‍ പറയുന്നത്.വികസന രംഗത്ത് കേരളത്തിന് നേട്ടം ഉണ്ടാക്കാന്‍ സാധിച്ചുവെങ്കിലും ജലമലീനികരണ തോത് ഉയരുന്നുവെന്ന പ്രതിസന്ധി സംസ്ഥാനത്തിന് മുന്നിലുണ്ടെന്നും വെള്ളത്തിന്റെ ഗുണമേന്മ പ്രധാന പ്രശ്‌നമായി അഭിമുഖീകരിക്കേണ്ടി വരുന്ന ഒന്നാണ്. ലോകബാങ്കും ബാത്ത് സര്‍വകാശാലയും ചേര്‍ന്ന് വികസ്വര രാജ്യങ്ങളിലെ ഗുണമേന്മയെ കുറിച്ച്‌ നടത്തിയപഠനത്തില്‍ 2004 ല്‍ തന്നെ എ. മാര്‍ക്കണ്ഡേയ ചൂണ്ടിക്കാണിച്ചിരുന്നു.വെള്ളത്തെ നിസാരമായി കാണുന്നത് വലിയൊരളവ് വരെ നമ്മുക്ക് കനത്ത തിരിച്ചടി നല്‍കും. വെള്ളം എന്നത് പരിസ്ഥിതിയെ നിര്‍ണയിക്കുന്നതിലും നിയന്ത്രിക്കുന്നതിലും മുഖ്യഘടകമാണ്. പ്രത്യക്ഷത്തില്‍ ഉപയോഗമൂല്യമുള്ളതും ഇല്ലാത്തതുമായ നിരവധി ഗുണങ്ങളാണ് വെള്ളത്തിനുള്ളത്. ശുദ്ധജലം ചുരുങ്ങിയ ചെലവില്‍ വേണ്ടത്ര ലഭ്യമാക്കുക എന്നത് വലിയ നേട്ടങ്ങള്‍ നല്‍കുന്ന പ്രധാന കാര്യമാണ്. ദേശീയ തലത്തില്‍ കുറച്ച്‌ കാലം മുമ്ബ് നടന്ന പഠനം സൂചിപ്പിക്കുന്നത് ജലമലിനീകരണം വഴിയുള്ള സാമ്ബത്തിക ആഘാതം മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ( ജി ഡിപി) 1.73 ശതമാനം മുതല്‍ 2.1 ശതമാനം വരെ വരുമെന്നാണ്. 2011 ലെ ഇന്ത്യ ഇന്‍ഫ്രാസ്ട്രകച്ചര്‍ റിപ്പോര്‍ട്ടില്‍സുരേന്ദര്‍ കുമാര്‍, എം എന്‍ മൂര്‍ത്തി എന്നിവര്‍ ജലമലിനീകരണം ഇന്ത്യയില്‍ സാമ്ബത്തിക വിലയിരുത്തല്‍ എന്ന പഠനത്തിലാണ് ഈ കണക്ക്. എന്നാല്‍, ജലമലിനീകരണത്തെ കുറിച്ച്‌ ഇത്തരമൊരു പഠനം കേരളത്തില്‍ നടത്തിയിട്ടില്ലെന്ന് ഡോ. ശ്രീകുമാര്‍ പറയുന്നുവെള്ളത്തിലെ ഗുണമേന്മ കുറയുന്നതിനും മലിനീകരണത്തിനും പ്രധാന കാരണം മനുഷ്യ ഇടപെടല്‍ തന്നെയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മാത്രമല്ല, ഗവേഷകരും പറയുന്നു. അതിവേഗതയിലുള്ള നഗരവല്‍ക്കരണം, അശാസ്ത്രീയമായ ഭൂവിനിയോഗം, തോട്ടങ്ങളായുള്ള കാര്‍ഷിക രീതി, കാര്‍ഷികമേഖലയിലെ അനിയന്ത്രിതമായ കള, കീട നാശിനികളുടെയും രാസവളങ്ങളുടെയും ഉപയോഗം, വ്യവസായ മാലിന്യങ്ങളുടെ നിര്‍മാര്‍ജ്ജനം, മാലിന്യനിര്‍മാര്‍ജ്ജന സംവിധാനങ്ങള്‍, ശുചിമുറി മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനങ്ങള്‍ എന്നിവയുടെ അപര്യാപ്തതയും അഭാവവും ഉള്‍പ്പടെ നിരവധി കാരണങ്ങള്‍ ഉണ്ട്.കാലവസ്ഥാ പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ കേരളത്തിലെ ജലലഭ്യതയും ജലഗുണമേന്മയും മെച്ചപ്പെടുത്തിന് നയപരമായ നടപടികള്‍ ആവശ്യമാണ്. പ്രകൃതിദത്തമായജലസ്രോതസുകള്‍ നിലനിര്‍ത്തുന്നതിനുള്ള നടപടിയും പ്രധാന പരിഗണന അര്‍ഹിക്കുന്ന ഒരു വിഷയമാണ്. മലിനീകരണത്തിന്റെ തോത് കൂടിവരുന്നത് അനുസരിച്ച്‌ ശുദ്ധീകരണ ചെലവും വെള്ളത്തിനുള്ള ചെലവും വര്‍ധിക്കുന്നു. പുറത്തുനിന്നും വെള്ളം വാങ്ങി ഉപയോഗിക്കുന്നത് മലയാളിയുടെ നിത്യജീവിതത്തിലെ ഒന്നായി അധികം വൈകാതെ മാറിയേക്കാം എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.കൊവിഡ് കാലം അതിജീവിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്ന അജൈവ മാലിന്യങ്ങളുടെ സംസ്‌കരണം വലിയൊരു പ്രതിസന്ധിയാണ് നിലവില്‍ തന്നെ മുന്നോട്ട് വച്ചിട്ടുള്ളത്. ഇത് വരും ദിവസങ്ങളില്‍ അമിത ഭാരമായി മാറാനുള്ള സാധ്യതയുണ്ട്. മാസ്‌കുകള്‍ അശ്രദ്ധയോടെ ഉപേക്ഷിക്കുന്നത്. ഹോട്ടലുകളിലും മറ്റും ചായയും മറ്റും നല്‍കാന്‍ പേപ്പര്‍ കപ്പുകളും പാത്രങ്ങളും വ്യാപകമായി ഉപയോഗിക്കുന്നത്. നിലവില്‍ തന്നെ വന്നിട്ടുള്ള ഭക്ഷണ പാഴ്‌സല്‍ സംവിധാനങ്ങള്‍ കൂടിയ സാഹചര്യത്തില്‍ വരുന്ന അജൈവമാലിന്യങ്ങള്‍ എന്നിവ വലിയൊരു ബാധ്യതയായി മാറും.തദ്ദേശ തെരഞ്ഞടുപ്പിന് ശേഷം വരുന്ന തദ്ദേശ ഭരണാധികാരികളുടെ മുന്നില്‍ വലിയൊരു വിഷയമായി വരുന്നതായിരിക്കും കുടിവെള്ളപ്രശ്‌നം. വെള്ളപ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ കേരളത്തിലെ സാമൂഹിക ജീവിതത്തെയും സാമ്ബത്തികാവസ്ഥയിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കിയേക്കാം. ജലജന്യരോഗങ്ങളിലെ വളര്‍ച്ച, രോഗാതുരത എന്നിവ ആരോഗ്യമേഖലയിലെ കേരളത്തിലെ നേട്ടത്തിന് വെല്ലുവിളിയാകും. ജലലഭ്യതയിലെ കുറവ് കാര്‍ഷിക മേഖലയില്‍ മാത്രമല്ല, ആരോഗ്യ മേഖലയിലും വര്‍ധിപ്പിക്കുന്ന ചെലവ് കേരളത്തിലെ സാമ്ബത്തിക സ്ഥിതിയെ കൂടുതല്‍ ദുര്‍ബലമാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.ഹരിതമിഷന്‍, ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായി നദികളുടെ പുനരുദ്ധാരണ പദ്ധതികള്‍ പോലുള്ളവ നടപ്പാക്കുന്നുണ്ട്. ചില തദ്ദേശ സ്ഥാപനങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്നുണ്ട്.തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയമസഭാ മണ്ഡലത്തില്‍ എം. എല്‍ എ, ഭൂനിയോഗ ബോര്‍ഡ്, ഹരിതമിഷന്‍, തദ്ദേശ സ്ഥാപനങ്ങള്‍ വിവിധ സാമൂഹിക രാഷ്ട്രീയ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ജലസമൃദ്ധി പദ്ധതി ഈ രംഗത്ത് വ്യത്യസ്തമായൊരു പരീക്ഷണമാണ്.

You might also like

Leave A Reply

Your email address will not be published.