കാര്‍ഷികനിയമങ്ങള്‍ക്കെതിരെ സമരംചെയ്യുന്ന കര്‍ഷകരുമായുള്ള കേന്ദ്രസര്‍ക്കാരിന്റെ ചര്‍ച്ച ബുധനാഴ്ച നടക്കും
ഉച്ചയ്ക്കു രണ്ടിന് വിജ്ഞാന്‍ഭവനില്‍ ചര്‍ച്ചയ്ക്കായി ക്ഷണിച്ചുകൊണ്ട് സംയുക്ത കിസാന്‍ മോര്‍ച്ചയിലെ 40 നേതാക്കള്‍ക്ക് കൃഷിമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി വിവേക് അഗര്‍വാള്‍ കത്തയച്ചിട്ടുണ്ട്. കര്‍ഷകര്‍ ഉന്നയിച്ചിട്ടുള്ള എല്ലാ സുപ്രധാന വിഷയങ്ങളിലും യുക്തിസഹമായ പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.ചര്‍ച്ചയ്ക്കു ചൊവ്വാഴ്ച സന്നദ്ധരാണെന്നായിരുന്നു കര്‍ഷകനേതാക്കള്‍ അറിയിച്ചിരുന്നത്. പരസ്പരം വിട്ടുവീഴ്ചയ്ക്കു തയ്യാറാകാതെ കേന്ദ്രവും കര്‍ഷകരും നേര്‍ക്കുനേര്‍നിന്ന മൂന്നാഴ്ചകള്ക്കൊടുവില് നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്ന പരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.ചര്‍ച്ച പരാജയപ്പെട്ടാല്‍ പുതുവര്‍ഷത്തില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭമുണ്ടാകുക. അതിനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകസംഘടനകളും. ഉത്തരാഖണ്ഡില്‍ നിന്നും നൂറുകണക്കിനു കര്‍ഷകരാണ് ട്രാക്ടറുകളില്‍ ഡല്‍ഹി, യുപി. അതിര്‍ത്തിയിലേക്കു തിരിച്ചിരിക്കുന്നത്. പഞ്ചാബില്‍ നിന്നുള്ള കൂടുതല്‍ കര്‍ഷകര്‍ ട്രാക്ടറുകളില്‍ ഭക്ഷ്യധാന്യശേഖരവുമായി ഡല്‍ഹിക്കും പുറപ്പെട്ടിട്ടുണ്ട്.