മഞ്ഞില്‍ക്കുളിച്ച മൂന്നാറിനെ ആസ്വദിക്കാന്‍ സഞ്ചാരികളുടെ തിരക്ക്. പുതുവര്‍ഷം ആഘോഷത്തിനായി സഞ്ചാരികളുടെ കുത്തൊഴുക്കാണ് മൂന്നാറില്‍. എത്തുന്നവരില്‍ ഏറെയും മലയാളി ടൂറിസ്റ്റുകളാണ്. ഹോട്ടലുകളും റിസോര്‍ട്ടുകളും ടൂറിസ്റ്റുകള്‍ ബുക്ക് ചെയ്തുകഴിഞ്ഞു. ടൂറിസം മേഖല പഴയ സുവര്‍ണകാലത്തേക്ക് മടങ്ങുന്നതായാണ് മൂന്നാറിലെ പുതുവര്‍ഷപ്പുലരി കാട്ടുന്നത്. മുറി കിട്ടാതെ സഞ്ചാരികള്‍ക്ക് വാഹനങ്ങളില്‍ തന്നെ ഉറങ്ങേണ്ട സ്ഥിതി പോലും വന്നുചേരാമെന്നാണ് അറിയുന്നത്. രണ്ടര ലക്ഷത്തോളം പേര് ക്രിസ്മസ് ദിവസം മൂന്നാറിലെത്തി എന്നാണ് വിനോദ സഞ്ചാര വകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നത്. മഞ്ഞു വീഴ്ചയുടെയും കോടമഞ്ഞിന്റെയും കാഴ്ചകളാണ് ഇപ്പോള്‍ മൂന്നാറിലും ചുറ്റുവട്ടത്തും ദര്‍ശിക്കാനാവുക. കഴിഞ്ഞ വര്‍ഷം ജനുവരി 1 മുതല്‍ 13 വരെ തുടര്‍ച്ചയായി താപനില പൂജ്യത്തിന് താഴെയായിരുന്നു. സൈലന്റ് വാലി, ചെണ്ടുവരൈ മേഖലകളില്‍ മൈനസ് 4 ഡിഗ്രി വരെയാണ് അന്ന് രേഖപ്പെടുത്തിയിരുന്നു. ഗതാഗതക്കുരുക്ക് സഞ്ചാരികളെ അസ്വസ്ഥരാക്കുന്നുണ്ട്. പള്ളിവാസല്‍ മുതല്‍ മാട്ടുപ്പെട്ടി വരെയും രാജമല അഞ്ചാംമൈല്‍ വരെയും കഴിഞ്ഞ ദിവസം വാഹനങ്ങള്‍ മണിക്കൂറുകളോളം കുരുക്കില്‍ കിടക്കേണ്ടതായി വന്നു. ജനുവരി പിറന്നാള്‍ വടക്കേ ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുമെന്നാണ് അറിയുന്നത്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ അടുത്തയാഴ്ചത്തേക്ക് ഹോട്ടലുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്.