ഈ സീസണില്‍ ആദ്യമായാണ് രാജ്യത്ത് അന്തരീക്ഷ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യത്തിന് താഴെ എത്തുന്നത്. അന്തരീക്ഷോഷ്മാവ് മൈനസ് ഡിഗ്രിയിലേക്ക് കടന്നതോടെ അല്‍ഐന്‍ മേഖലയില്‍ ടാങ്കിലെ വെള്ളം ഐസായി മാറിയ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.അല്‍ഐനിലെ റക്നാ മേഖലയില്‍ മൈനസ് രണ്ട് ഡിഗ്രിയാണ് ഊഷ്മാവ് രേഖപ്പെടുത്തിയത്. അടുത്ത ദിവസങ്ങളിലും ഈ മേഖലയില്‍ ശക്തമായ തണുപ്പ് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കിഴക്കന്‍ ശീതക്കാറ്റ് യുഎഇയില്‍ ശക്തമാണ്. അതുകൊണ്ട്, താഴ്വരകളിലും മറ്റും തണുപ്പ് ശക്തമാകും. അല്‍ഐനില്‍ പൊതുവെ ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്ന മേഖലയിലാണ് വെള്ളം ഐസാകുന്ന കാഴ്ചയുള്ളതെന്നും കാലാവസ്ഥ വിദഗ്ധര്‍ പറഞ്ഞു.യുഎഇയില്‍ ഇതാദ്യമായല്ല ശൈത്യകാലത്ത് മൈനസ് താപനില രേഖപ്പെടുത്തുന്നത്. മുന്‍ വര്‍ഷങ്ങളിലും അന്തരീക്ഷ ഊഷ്മാവ് പൂജ്യത്തിന് താഴെ എത്തിയിട്ടുണ്ട്.