ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നെടുമ്ബാശേരിയിലാണ് വാക്സിനുമായി ആദ്യ വിമാനം എത്തുക. വൈകിട്ട് ആറുമണിക്ക് തിരുവനന്തപുരത്തും വാസ്കിനുമായി വിമാനം എത്തും. കേരളത്തിന് ആദ്യഘട്ടത്തില്‍ 4,35,000 വയര്‍ വാക്സിനുകളാണ് ലഭിക്കുക. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. പത്ത് ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയര്‍. വാക്സിന് സൂക്ഷിക്കാനും വിതരണത്തിന് എത്തിക്കാനുമുള്ള സജ്ജീകരണങ്ങള്‍ സംസ്ഥാനം തയാറാക്കിയിട്ടുണ്ട്. അഞ്ച് ലക്ഷം വയര്‍ കൊവിഡ് വാക്സിനുകളാണ് ആദ്യഘട്ടത്തില്‍ കേരളം ആവശ്യപ്പെട്ടിരുന്നത്.രാജ്യത്ത് കൊവിഡ് വാക്സിന് വിതരണത്തിന് ഇന്ന് രാവിലെയാണ് തുടക്കമായത്. ആദ്യ ലോഡുമായി പൂനെയില്‍ നിന്ന് പുലര്‍ച്ചെ ട്രക്കുകള്‍ പുറപ്പെട്ടു. പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് ട്രക്കുകള്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. വാക്സിനേഷന് ശനിയാഴ്ച മുതല്‍ തുടങ്ങും. ഇന്നലെ സര്‍ക്കാര്‍ കൊവിഷീല്‍ഡിനായി പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയതോടെയാണ് വാക്സിന് വിതരണം വൈകുന്നതിന് കാരണമായ എല്ലാ തടസങ്ങളും നീങ്ങിയത്. പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വ്യോമമാര്‍ഗം കര്‍ണാല്‍, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ഹബുകളിലേക്കാണ് വാക്സിന് എത്തിക്കുന്നത്. പിന്നീട് അവിടെനിന്ന് സംസ്ഥാനങ്ങളിലെ 37 വിതരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും.