ദോഹ: സ്കൂളുകളിലെ ഹാജര്‍ നിരക്ക് കുറക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. മുഹമ്മദ് അബ്ദുല്‍ വാഹിദ് അലി അല്‍ ഹമ്മാദി അറിയിച്ചു. രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പൊതുജനാരോഗ്യ മന്ത്രാലയത്തില്‍നിന്നുള്ള പ്രത്യേക സമിതിയുമായി ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ദിവസം സ്കൂളുകളില്‍ ഹാജരാകുന്ന വിദ്യാര്‍ഥികളുടെ എണ്ണം നിലവില്‍ 50 ശതമാനമാണ് .രോഗം വ്യാപിക്കുന്ന സാഹചര്യം തുടര്‍ന്നാല്‍ ഇതു കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കോവിഡ്-19 വാക്സിനേഷന് മുന്‍ഗണനാ പട്ടികയില്‍ സ്കൂള്‍ അധ്യാപകര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സ്കൂള്‍ ജീവനക്കാരുടെ കൃത്യമായ വിവരങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ സ് കൂളുകളില് നിലവില്‍ 50 ശതമാനം വിദ്യാര്‍ഥികളാണ് എത്തേണ്ടത്. നിശ്ചിത കാലയളവില്‍ നിശ്ചിത ശതമാനം വിദ്യാര്‍ഥികള്‍ ക്ലാസ് റൂമുകളിലെത്തുകയും ബാക്കിയുള്ളവര്‍ ഓണ്‍ലൈനായും ക്ലാസില്‍ പങ്കെടുക്കുന്ന രീതിയാണ് തുടരുന്നത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്ത കുട്ടികള്‍ അടുത്ത കാലയളവില്‍ നേരിട്ട് ക്ലാസുകളില്‍ പങ്കെടുക്കും. ആഴ്ചയടിസ്ഥാനത്തിലാണ് ക്ലാസുകള്‍ നടക്കുക. എല്ലാവരുടെയും ഹാജര്‍ നിര്‍ബന്ധവുമാണ്. അധ്യാപകരും മറ്റു ജീവനക്കാരും മുഴുസമയവും സ്കൂളില്‍ ഹാജരുണ്ടാകണം.ഓരോ ക്ലാസിലും ഒരുസമയം 15 വിദ്യാര്‍ഥികള്‍ മാത്രമേ പാടുള്ളൂ. ഇത്തരത്തില്‍ ഗ്രൂപ്പുകളായി വിദ്യാര്‍ഥികളെ തിരിക്കണം. 1.5 മീറ്റര്‍ സുരക്ഷിതമായ അകലം വിദ്യാര്‍ഥികള്‍ തമ്മില്‍ ഉറപ്പുവരുത്തണം. ഡെസ്കുകള്‍ തമ്മില്‍ 1.5 മീറ്റര്‍ അകലം വേണം. വിദ്യാര്‍ഥികള്‍ മാസ്കുകള്‍ ധരിക്കണം.രാജ്യം കോവിഡില്‍നിന്ന് മുക്തമാകുന്ന ഘട്ടത്തിലായിരുന്നു ഇത്തരത്തിലുള്ള ക്രമീകരണം വരുത്തിയിരുന്നത്. എന്നാല്‍, കഴിഞ്ഞ ആഴ്ചകളില്‍ രോഗികള്‍ കൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും ഇതേ നില തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ എണ്ണം കുറക്കാന്‍ സാധ്യതയുണ്ടെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചിരിക്കുന്നത്.