കോവിഡ് സാഹചര്യത്തില്‍ റസ്റ്റാറന്റുകള്‍ക്കും കഫേകള്‍ക്കും ഹോട്ടലുകള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പൈതൃക-ടൂറിസം മന്ത്രാലയം പുറത്തിറക്കി
റസ്റ്റാറന്റുകളിലും കഫേകളിലും മുന്‍കരുതല്‍ നടപടി പാലിച്ചുവേണം ബുഫേ സംവിധാനം ഒരുക്കാന്‍. ഭക്ഷണം കഴിക്കാനെത്തുന്നവരുടെ താപനില പരിശോധിക്കണം. മേശകളും കസേരകളും അകലം പാലിച്ച് ഇടണം.കൃത്യമായ ഇടവേളകളില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് അണുനശീകരണം നടത്തണം. ജീവനക്കാര്‍ കൈയുറകള്‍ ധരിക്കണം. ഇടക്കിടെ കൈയുറ മാറ്റി കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. ഡിജിറ്റല്‍ പേയ്മെന്റ് പ്രോത്സാഹിപ്പിക്കണം. തിരക്ക് ഒഴിവാക്കാന്‍ റിസര്‍വേഷന്‍ ഏര്‍പ്പെടുത്തണം. അടുക്കളയില്‍ വായു സഞ്ചാരത്തിനൊപ്പം അണുനശീകരണവും നടത്തണം. ഹോട്ടലുകളില്‍ പ്രവേശന കവാടങ്ങള്‍ കുറക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രധാന കവാടത്തില്‍ പ്രദര്‍ശിപ്പിക്കണം. കവാടത്തില്‍ മുഖാവരണം ലഭ്യമാക്കണം. ഹോട്ടലില്‍ പ്രവേശിക്കുന്നവര്‍ മുഖാവരണം ധരിച്ചതായി ഉറപ്പാക്കണം.ഹാന്‍ഡ് സാനിറ്റൈസര്‍ കാണാവുന്ന സ്ഥലത്തുതന്നെ വെക്കണം. ജീവനക്കാരുടെയും അതിഥികളുടെയും താപനില പരിശോധിക്കണം. ബാഗേജുകള്‍ ചെക്ക് ഇന്‍ ചെക്ക് ഒൗട്ട് സമയത്ത് രോഗാണുമുക്തമാക്കണം. പാര്‍ക്കിങ് സേവനങ്ങളും മുന്‍കരുതല്‍ നടപടികളോടെ പുനരാരംഭിക്കാം. റിസപ്ഷനില്‍ പൊതുവായി ഉപയോഗിക്കാവുന്ന സാധനങ്ങള്‍ നീക്കണം. അതിഥികളും റിസപ്ഷനിസ്റ്റും തമ്മില്‍ രണ്ടു മീറ്റര്‍ അകലം ഉറപ്പാക്കണം. സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ച അടയാളങ്ങള്‍ സ്ഥാപിക്കണം. ഹോട്ടലുകള്‍ ഹൗസ്കീപ്പിങ് പുറം കരാര്‍ നല്‍കിയിരിക്കുകയാണെങ്കില്‍ ജീവനക്കാര്‍ക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. ഇവരെ ഒരു ഹോട്ടലില്‍നിന്ന് മറ്റൊന്നിലേക്ക് മാറ്റാന്‍ പാടില്ല. ഒരു സമയം ഒരു മുറിയില്‍ ഒരാള്‍ മാത്രമാണ് ഹൗസ്കീപ്പിങ് ജോലികള്‍ ചെയ്യാന്‍ പാടുള്ളൂ.ഒൗട്ട്സോഴ്സിങ് കമ്ബനികളിലെ ജീവനക്കാര്‍ക്ക് ഹോട്ടലിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥലത്തോ താമസസൗകര്യം ഒരുക്കാന്‍ ശ്രമിക്കണം. ഡിസ്പോസിബിള്‍ ലോണ്ട്റി ബാഗുകള്‍ ഉപയോഗിക്കണം. ജീവനക്കാര്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഏപ്രണും വാട്ടര്‍പ്രൂഫ് ഷൂസുമാണ് ശുചിയാക്കുന്ന സമയത്ത് ധരിക്കാന്‍ പാടുള്ളൂ. ജീവനക്കാര്‍ക്ക് ഇടക്കിടെ റാപിഡ് ടെസ്റ്റുകളും നടത്തണം. മുറികള്‍ ഒരാള്‍ ഒഴിഞ്ഞ് രോഗാണുമുക്തമാക്കല്‍ പ്രവര്‍ത്തനങ്ങളും മറ്റും നടത്തിയ ശേഷം കുറഞ്ഞത് 24 മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷമേ അടുത്തയാള്‍ക്ക് നല്കാന് പാടുള്ളൂ.വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്നവരും സാമൂഹിക അകലം പാലിക്കണം. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്ശിക്കുന്നതിനുമുമ്ബ് മുന്‍കൂര്‍ ബുക്കിങ്ങിന് ശ്രമിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.ട്രാവല്‍ ആന്‍ഡ് ടൂറിസം ഏജന്‍സികള്‍ നടത്തുന്നവര്‍ ജോലിയുടെ ഭാഗമായി തങ്ങള്‍ ഇടപെട്ടവരുടെ സമ്ബര്‍ക്ക പട്ടിക സൂക്ഷിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. കുറഞ്ഞത് മൂന്നുമാസമെങ്കിലും ഇൗ വിവരങ്ങള്‍ സൂക്ഷിക്കണം. ഒാരോ ഒാഫിസിനു കീഴിലും വരുന്നവര്‍ സഞ്ചാരികളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പാലിക്കുന്നുവെന്നും ഉറപ്പാക്കണം.