കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 150 കോടി രൂപ മുതല്‍മുടക്കില്‍ നടത്തുന്ന നവീകരണത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ ചിത്രങ്ങള്‍ കേരളത്തില്‍ തന്നെ മികവുറ്റ രീതിയില്‍ നിര്‍മ്മിക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സിനിമാ നിര്‍മ്മാണത്തിലുള്ള ചെലവ് കുറയ്ക്കാനുമാകും. മലയാള സിനിമയുടെ വസന്തകാലത്തിന്റെ ചരിത്രം തന്നെ ചിത്രാഞ്ജലി സ്റ്റുഡിയോയുമായി ഇഴ ചേര്‍ന്നിരിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. ചലച്ചിത്ര വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ എക്കാലവും കൈക്കൊണ്ടിട്ടുള്ളത്. ആധുനിക രീതിയിലുള്ള സംവിധാനങ്ങള്‍ സജ്ജമാകുന്നതോടെ ചിത്രാഞ്ജലി സ്റ്റുഡിയോ സിനിമാ നിര്‍മ്മാണത്തിന്റെ കേന്ദ്രമാകുമെന്നും അദ്ദേഹം പറഞ്ഞു.സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷത വഹിച്ചു. ആധുനികവല്‍ക്കരിക്കുന്ന ചിത്രാഞ്ജലി സ്റ്റുഡിയോ സംസ്ഥാനത്തിന്റെ സിനിമാ മേഖലയ്ക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്ന് മന്ത്രി പറഞ്ഞു. ആധുനിക സിനിമ നിര്‍മ്മാണത്തിനുള്ള സൗകര്യങ്ങളും സാങ്കേതിക വിദ്യയും സംസ്ഥാനത്ത് തന്നെ ചെയ്യാനാകുന്നത് സിനിമാ മേഖലയുടെ വളര്‍ച്ചയ്ക്ക് തന്നെ ആക്കം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.ഡിജിറ്റല്‍ യുഗത്തിലെ പ്രീ പ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും ഉള്‍പ്പെടുത്തി ആദ്യഘട്ട നവീകരണം 63.6 കോടി രൂപ ചെലവിലാണ് ആരംഭിക്കുന്നത്. പുറംവാതില്‍ ചിത്രീകരണത്തിനുള്ള പരമ്ബരാഗത തറവാടുകള്‍, പൂന്തോട്ടം, അമ്ബലങ്ങള്‍, പള്ളി, പോലീസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍, ആവി എന്‍ജിന്‍, ട്രെയിന്‍ ബോഗികള്‍ എന്നിവ ഉള്‍പ്പെടെയുള്ള സെറ്റുകള്‍ സജ്ജമാക്കും.പുറംവാതില്‍ ചിത്രീകരണത്തിനാവശ്യമായ ആധുനിക ക്യാമറകള്‍, ലൈറ്റുകള്‍, ഡോള്‍ബി അറ്റ്മോസ്, മിക്സ് തിയേറ്റര്‍, വെബ് ബ്രോഡ്കാസ്റ്റ്, ഒ.റ്റി.റ്റി., സിനിമാ പ്ലാറ്റ്ഫോമുകള്‍ക്ക് അനുയോജ്യമായ മീഡിയ പോസ്റ്റ് സംവിധാനം, ബേസ് ലൈറ്റ് വി-5, ഡാവിഞ്ചി കളര്‍ ഗ്രേഡിംഗ് സ്യൂട്ടുകള്‍, ചലച്ചിത്ര വിതരണത്തിനുള്ള ഒ.റ്റി.റ്റി. പ്ലാറ്റ്ഫോം തുടങ്ങി ലോകോത്തര നിലവാരത്തിലുള്ള ചലച്ചിത്ര നിര്‍മ്മാണത്തിനുള്ള എല്ലാ സൗകര്യങ്ങളും ചിത്രഞ്ജലിയില്‍ സജ്ജമാകും. അടുത്ത ഏഴ് മാസങ്ങള്‍ക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ മലയാള ചിത്രങ്ങള്‍ക്കു പുറമെ അന്യഭാഷാ, വിദേശ ചിത്രങ്ങളുടെ നിര്‍മ്മാണത്തിനുള്ള കേന്ദ്രമായി ചിത്രാഞ്ജലി മാറും.വഴുതക്കാട് കലാഭവന്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ഒ.രാജഗോപാല്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ഡി.ശിവന്‍കുട്ടി, കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി.എന്‍.കരുണ്‍, മാനേജിംഗ് ഡയറക്ടര്‍ എന്‍.മായ, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം.രഞ്ജിത്ത്, ചലച്ചിത്ര പ്രവര്‍ത്തകരായ സുരേഷ്‌കുമാര്‍, കിരീടം ഉണ്ണി, മധുപാല്‍, കെ.എസ്.എഫ്.ഡി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗം ബി.അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.