ജനിച്ചാല്‍ മരിക്കുമെന്നു നമുക്കറിയാം എന്നാല്‍ ഭൂമിയുടെ വടക്കേ അറ്റത്ത്, ‘ആരും മരിക്കാത്ത നഗരം’ എന്നറിയപ്പെടുന്ന ഒരിടമുണ്ട് ഒരു അദ്ഭുതദ്വീപ്‌

0

അതിന്‍റെ പേരാണ് ലോംഗിയര്‍‌ബൈന്‍. നോര്‍വേയിലെ സ്വാല്‍ബാര്‍ഡ്‌ ദ്വീപുസമൂഹത്തില്‍പ്പെടുന്ന മനോഹരമായ ഒരു നഗരമാണിത്‌.സ്വാല്‍ബാര്‍ഡ്‌ ദ്വീപസമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ലോംഗിയര്‍‌ബൈന്‍. സ്പിറ്റ്സ്ബെര്‍ഗന്‍ എയര്‍ഷിപ്പ് മ്യൂസിയം, സ്വാല്‍ബാര്‍ഡ് ഗാലറി, സ്വാല്‍ബാര്‍ഡ് മ്യൂസിയം, ചര്‍ച്ച്‌, 24 അവേഴ്സ് സണ്‍ഡയല്‍ തുടങ്ങിയവ ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളാണ്.ഇവിടം സന്ദര്‍ശിക്കുന്ന മൂന്നില്‍ രണ്ട് വിനോദ സഞ്ചാരികളും നോര്‍വേയില്‍ നിന്നാണ്. 2007-ല്‍ ടൂറിസത്തില്‍ നിന്ന് മാത്രമായി 291 ദശലക്ഷം ഡോളറാണ് ഈ നഗരത്തിനു ലഭിച്ചത്.ഹൈക്കിങ്, ഡോഗ് സ്ലെഡ്ജിങ്, കയാക്കിങ്, സ്നോ‌മൊബൈല്‍ സഫാരി, ഫാറ്റ്ബൈക്ക് ടൂറുകള്‍, കല്‍ക്കരി ഖനനം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ഇവിടെ സഞ്ചാരികള്‍ക്ക് അവസരമുണ്ട്.ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നു വരുന്ന സഞ്ചാരികള്‍ക്ക് സ്വാല്‍ബാര്‍ഡ്‌ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയാല്‍ ഇവിടെയെത്താം.ഇവിടുത്തെ കാലാവസ്ഥ ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഏപ്രില്‍ 18 മുതല്‍ ഓഗസ്റ്റ് 23 വരെയുള്ള 127 ദിവസം അര്‍ധരാത്രിയും ഇവിടെ സൂര്യനെ കാണാം. ഒക്ടോബര്‍ 27 മുതല്‍ ഫെബ്രുവരി 15 വരെയുള്ള 111 ദിവസം ധ്രുവരാത്രികളാണ്, ഈ സമയത്ത് ഇരുട്ടു മാത്രമേയുള്ളൂ. നവംബര്‍ മുതല്‍ മാര്‍ച്ച്‌ വരെ നഗരത്തെ മുഴുവന്‍ മൂടുന്ന മഞ്ഞാണ്.പര്‍വതങ്ങളുടെ നിഴല്‍ കാരണം മാര്‍ച്ച്‌ 8 വരെ ലോംഗിയര്‍‌ബൈനില്‍ സൂര്യനെ കാണാനേ ആവില്ല. 1986 മാര്‍ച്ചില്‍ രേഖപ്പെടുത്തിയ −46.3 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്നുവരെ ഇവിടത്തെ ഏറ്റവും താഴ്ന്ന താപനില. ഏറ്റവും ചൂടേറിയ കാലാവസ്ഥ അനുഭവപ്പെട്ടത് 2020 ജൂലൈയിലായിരുന്നു- 21.7 ഡിഗ്രി സെല്‍ഷ്യസ്.കുറഞ്ഞ താപനിലയും പെര്‍മാഫ്രോസ്റ്റും കാരണം ലോംഗിയര്‍‌ബൈനില്‍ കഴിഞ്ഞ 70 വര്‍ഷത്തിലേറെയായി മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ അടക്കം ചെയ്യുന്നത് നിരോധിച്ചിരിക്കുകയാണ്. വേനല്‍ക്കാലത്തു പോലും ഇവിടുത്തെ മണ്ണിലുള്ള ഐസ് പാളി ഉരുകില്ല.ഐസില്‍ ഇട്ടുവയ്ക്കുന്ന മത്സ്യം ഒരിക്കലും കേടാകില്ല എന്നതുപോലെ, ഈ അവസ്ഥയില്‍ ശവശരീരങ്ങള്‍ക്ക് വിഘടനം സംഭവിക്കില്ല. അതായത്, അവ കാലങ്ങളോളം കേടുപാടുകളില്ലാതെ മണ്ണിനടിയില്‍ത്തന്നെ കിടക്കും.ഒറ്റ നോട്ടത്തില്‍ നല്ലതാണെന്നു തോന്നാമെങ്കിലും, ഇതിനു ഭീകരമായ മറ്റൊരു മുഖമുണ്ട്. 1917 നും 1920 നും ഇടയില്‍ ഭയങ്കരമായ ഒരു പകര്‍ച്ചവ്യാധി ഈ നഗരത്തെ ബാധിച്ചിരുന്നു.അന്ന് മരിച്ച ആളുകളുടെ ശവശരീരങ്ങള്‍ 13 വര്‍ഷത്തിനുശേഷവും ഒരു കേടുപാടും കൂടാതെ മണ്ണിനടിയിലുണ്ടെന്നു മനസ്സിലാക്കിയതോടെയാണ് ശവമടക്കു രീതി അധികൃതര്‍ നിരോധിച്ചത്.ഈ ശരീരങ്ങള്‍ എങ്ങനെയെങ്കിലും പുറത്തെത്തിയാല്‍ പകര്‍ച്ചവ്യാധി തിരിച്ചു വന്നാലോ എന്നതായിരുന്നു അവരുടെ ഭയം. അടച്ചുപൂട്ടിയ സെമിത്തേരിയില്‍ ഇപ്പോഴും കുരിശുകള്‍ കാണാം. ശവശരീരങ്ങള്‍ കത്തിച്ച ശേഷം ചാരം അടക്കം ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ ഇവിടെയുള്ളത്.രണ്ടായിരത്തോളം നിവാസികളുള്ള ചെറിയ പട്ടണമായ ലോംഗര്‍ബൈനില്‍ മതിയായ ആരോഗ്യപാലന സൗകര്യങ്ങളില്ല. വയോജനങ്ങള്‍ക്കായുള്ള നഴ്സിങ് ഹോമുകള്‍ പോലും ഇവിടെയില്ല. എന്തെങ്കിലും ഗുരുതരമായ അസുഖമുണ്ടായാല്‍ 2 മണിക്കൂര്‍ അകലെയുള്ള ആശുപത്രിയിലേക്കു മാറ്റുക മാത്രമേ മാര്‍ഗ്ഗമുള്ളൂ.പ്രസവത്തിന് മൂന്നാഴ്ച മുമ്ബ് ഗര്‍ഭിണികള്‍ ദ്വീപ്‌ വിട്ട്, ആശുപത്രികള്‍ ഉള്ള സ്ഥലത്തേക്കു മാറുന്നതും പതിവാണ്. ദ്വീപിലെ ചെറിയ ആശുപത്രിയാകട്ടെ, അതീവ അടിയന്തര സാഹചര്യങ്ങളില്‍ മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്.ലോംഗര്‍ബൈനില്‍ 60% ത്തിലധികം ഭൂമി മഞ്ഞുകൊണ്ട് മൂടപ്പെട്ട നിലയിലാണ്. മരങ്ങളില്ലെന്നു മാത്രമല്ല, കടുത്ത കാലാവസ്ഥയെ അതിജീവിക്കാന്‍ കഴിവുള്ള ചിലയിനം പന്നല്‍ ചെടികളും ലൈക്കനുകളും മാത്രമേ ഇവിടെയുള്ളൂ. ഹസ്കി കരടികള്‍, റെയിന്‍ഡിയര്‍, നായ്ക്കള്‍ തുടങ്ങിയ ജീവികളെയും കാണാം.സ്നോ സ്കൂട്ടര്‍ ഉപയോഗിച്ചാണ് ആളുകള്‍ സഞ്ചരിക്കുന്നത്. ഏകദേശം 3000 ധ്രുവക്കരടികളുണ്ട് ഇവിടെ എന്ന് കണക്കാക്കിയിട്ടുണ്ട്.ഇവയുടെ ആക്രമണം ഏതു സമയത്തും പ്രതീക്ഷിക്കാം എന്നതിനാല്‍ നാട്ടുകാര്‍ സ്വയരക്ഷയ്ക്കായി എപ്പോഴും റൈഫിള്‍ കയ്യില്‍ കരുതുന്നു.

You might also like
Leave A Reply

Your email address will not be published.