കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി
അടുത്ത മാസം മൂന്നു വരെ ഡല്‍ഹിയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പറഞ്ഞു.തിങ്കളാഴ്ച വരെ ആറു ദിവസത്തേക്കാണ് കഴിഞ്ഞ ആഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. ഇത് മേയ് മൂന്നിന് വൈകിട്ട് വരെ തുടരുമെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും കേസുകള്‍ക്ക് കുറവ് വന്നിട്ടില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. ഓക്സിജന്‍ പ്രതിസന്ധി രൂക്ഷമായി ഡല്‍ഹിയിലെ ആശുപത്രികളില്‍ കൂട്ടമരണങ്ങള്‍ക്കു വഴിവെച്ചതോടെ സംസ്ഥാനങ്ങളോട് സഹായം അഭ്യര്‍ഥിച്ചിരുന്നു കേജരിവാള്‍. മെഡിക്കല്‍ ഓക്സിജന്‍ അധികമുണ്ടെങ്കില്‍ ഡല്‍ഹിക്ക് നല്‍കണമെന്ന് അഭ്യര്‍ഥിച്ച് അദ്ദേഹം മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു.ഡല്‍ഹിയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ 1.77 ലക്ഷത്തിലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1500-ലേറെ മരണവും രാജ്യതലസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.