ദിവസങ്ങളായി തുടരുന്ന ആക്രമണത്തില്‍ നൂറുകണക്കിന് ആളുകള്‍ക്കാണ് ജീവന് നഷ്ടമായത്. തകര്‍ന്നു തരിപ്പണമായി കിടക്കുന്ന കെട്ടിടങ്ങളുടേയും വീടുകളുടേയും അതിനിടയില്‍ കുടുങ്ങി ജീവന് നഷ്ടമായവരുടേയും ദൃശ്യങ്ങള്‍ അലോസരപ്പെടുത്തുന്നവയാണ്.ഇപ്പോഴിതാ ആക്രമണത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നതിന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന്റെ പ്രതിനിധി. ഗാസയില്‍ അല്‍-ജസീറ, അമേരിക്കന്‍ ന്യൂസ് ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സ് എന്നിവയടക്കം നിരവധി മാധ്യമ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ജല ടവര്‍ എന്ന 13 നില കെട്ടിടമാണ് ഇസ്രയേല്‍ ഇന്നലെ ബോംബിട്ട് തകര്‍ത്തത്. എ.പി പ്രതിനിധിയുടെ കുറിപ്പ് ഇങ്ങനെ..‘ ഉച്ചയ്ക്ക് 2 മണിയോട് അടുത്തുകാണും. ഗാസയിലെ അസോസിയേറ്റഡ് പ്രസിന്റെ രണ്ട് നില കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ ചെറിയ മയക്കത്തിലായിരുന്നു ഞാന്‍. 2006 മുതല്‍ ഇതാണ് ഞങ്ങളുടെ ഓഫീസ്. കഴിഞ്ഞ കുറേ ദിവസങ്ങളായി അസാധാരണ സംഭവ വികാസങ്ങളൊന്നും ഇവിടെ ഉണ്ടായിട്ടില്ല.സഹപ്രവര്‍ത്തകരുടെ നിലവിളി കേട്ടുകൊണ്ടാണ് ഉച്ചമയക്കത്തില്‍ നിന്ന് ഞെട്ടിയെണീറ്റത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. മോശമായ എന്തെങ്കിലും ഗാസ നഗരത്തില്‍ സംഭവിച്ചുവോ? അറിയില്ല.