മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനാവശ്യത്തിനായി ഉപകാരണങ്ങള്‍ ലഭ്യമാക്കുന്നതിന് പൊതുസമൂഹത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
അധ്യാപകരും വിദ്യാര്‍ത്ഥികളും പരസ്പരം കണ്ട് ആശയവിനിമയം നടത്തുന്ന ഓണ്‍ലൈന്‍ ക്ളാസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ആണ് വിദ്യാഭ്യാസ മന്ത്രിയുടെ അഭ്യര്‍ത്ഥന.വിദ്യാഭ്യാസ മന്ത്രിയുടെ അഭ്യര്‍ത്ഥനയുടെ പൂര്‍ണ രൂപം -ബഹുമാന്യരേസംസ്ഥാനത്തെ സാമൂഹിക- രാഷ്ട്രീയ- കലാ-തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍,അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, നാടിന്റെ തുടിപ്പുകള്‍ ആയ യുവജനങ്ങള്‍ തുടങ്ങിയവര്‍ അടങ്ങുന്ന പൊതുസമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഞാനിതെഴുതുന്നത്. കോവിഡ് – 19 മഹാമാരി മറ്റ് മേഖലകളെ ബാധിച്ച പോലെ വിദ്യാഭ്യാസമേഖലയേയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണല്ലോ. നമ്മുടെ നാടിന്റെ ഭാവി തലമുറയുടെ വൈജ്ഞാനിക – മാനസിക അഭിവൃദ്ധിക്കായി നാം ഏവരും കൈകോര്‍ക്കേണ്ട സമയമാണ് സംജാതമായിരിക്കുന്നത്. കോവിഡ് – 19 മൂലം കുട്ടികള്‍ക്ക് ക്ലാസില്‍ എത്തിപ്പെടാനാവാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ /ഓണ്‍ലൈന്‍ ക്ലാസുകള്‍ ആണ് ആശ്രയം. കൈറ്റ് വിക്ടേഴ്സിലൂടെ നല്കുന്ന ക്ലാസിന്റെ തുടര്‍ച്ചയായി വിദ്യാര്‍ഥികളും അധ്യാപകരും നേരിട്ട് ആശയവിനിമയം നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് കടക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്. എല്ലാ വിദ്യാര്‍ത്ഥികളും ഡിജിറ്റല്‍ /ഓണ്‍ലൈന്‍ ക്ലാസുകളുടെ ഭാഗമാകാന്‍ ഏറെ ശ്രദ്ധയും കരുതലും നാം പുലര്‍ത്തേണ്ടതുണ്ട്.ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും പഠനം മുടങ്ങരുത് എന്ന് നിര്‍ബന്ധമുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും മറ്റ് വകുപ്പുകളുടേയും നേതൃത്വത്തില്‍ വിവിധ തലങ്ങളില്‍ ഉള്ള ഡിജിറ്റല്‍ /ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത കുട്ടികളുടെ കണക്കെടുപ്പ് നടത്തുന്നുണ്ട്. സ്കൂള്‍തലത്തില്‍ തന്നെ ഇവ പരിഹരിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. പഠനസഹായികള്‍(മുന്‍ഗണന -ടാബ്, ലാപ്ടോപ്, മൊബൈല്‍ ) ഇല്ലാത്ത കുട്ടികള്‍ക്ക് അവ പ്രാപ്യമാക്കേണ്ടതുണ്ട്.ഈ വിഷയത്തെ അഭിസംബോധന ചെയ്യാനും പരിഹരിക്കാനും സ്കൂള്‍തല സഹായ സമിതികള്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ പൊതു സമൂഹം എന്ന നിലയില്‍ നമ്മള് ഏവരും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പിന്തുണാ സംവിധാനം ഒരുക്കേണ്ടതുണ്ട്. ഇതിനായി ഓരോരുത്തരുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു. ഭാവി തലമുറക്കായി നമുക്ക് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാം.വിവരങ്ങള്‍ക്കും സഹായം എത്തിക്കുന്നതിനും ജില്ലാ തലങ്ങളില്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാരേയും സംസ്ഥാന തലത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേയും ബന്ധപ്പെടാവുന്നതാണ്.
സ്നേഹത്തോടെ
വി ശിവന്‍കുട്ടി