സർക്കാരിന്റെ ഒ.ടി.ടി. കേരളപ്പിറവിയിൽ

0

തിരുവനന്തപുരം:കെ.എസ്.എഫ്.ഡി.സി.യുടെ കീഴിൽ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ഒ.ടി.ടി. പ്ലാറ്റ്‌ഫോം ഈ വർഷം അവസാനത്തോടെ സജ്ജമാകും. കേരളപ്പിറവി ദിനത്തിൽ സിനിമാ റിലീസോടെ തുറക്കുകയാണ് ലക്ഷ്യം. രാജ്യത്ത് ആദ്യമായാണ് സർക്കാർ ഒ.ടി.ടി. പ്ലാറ്റ്‌ഫോം ഒരുക്കുന്നത്. ആറര കോടി മൊത്തം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതായി കെ.എസ്.എഫ്.ഡി.സി. മനേജിങ്‌ ഡയറക്ടർ എൻ. മായ ‘മാതൃഭൂമി’യോടു പറഞ്ഞു. സോഫ്‌റ്റ്‌വേറിനായി ഉടൻ ടെൻഡർ ക്ഷണിക്കും.

മറ്റു പ്ലാറ്റ്‌ഫോമുകൾ പോലെ സിനിമകൾ വാങ്ങി പ്രദർശിപ്പിക്കുന്ന രീതിയിലാവില്ല സർക്കാർ ഒ.ടി.ടിയുടേത്. ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനം നിർമാതാവിന് പങ്കുവെക്കും. ഒരു തുക നിശ്ചയിച്ച് സിനിമ വാങ്ങിയാൽ അതിൽ കൂടുതൽ വരവുണ്ടായില്ലെങ്കിൽ ഒ.ടി.ടി. ഉടമയ്ക്ക് നഷ്ടം വരും. കൂടുതൽ വരുമാനം ലഭിച്ചാൽ നിർമാതാവിന് അതിന്റെ പങ്ക് ലഭിക്കുകയുമില്ല. ഇതിന് പരിഹാരം കാണുന്നതാണ് സർക്കാർ ഒ.ടി.ടിയുടെ രീതി. തിയേറ്ററുകൾ കിട്ടാൻ ബുദ്ധിമുട്ടുന്ന ചിത്രാഞ്ജലി പാക്കേജ് ചിത്രങ്ങൾ, അവാർഡ് ലഭിച്ച ചിത്രങ്ങൾ എന്നിവയ്ക്കാണ് ഈ പ്ലാറ്റ്‌ഫോം പ്രതീക്ഷ നൽകുന്നത്. ലോക്‌ഡൗൺ മാറിക്കഴിഞ്ഞാൽ തിയേറ്ററിൽ പ്രദർശിപ്പിച്ചവയടക്കം മറ്റു ചിത്രങ്ങളും ഈ ഒ.ടി.ടി. പ്ലാറ്റ്‌ഫോം സ്വീകരിക്കും.

തിയേറ്റർ റിലീസുകൾ ഇല്ലാതായതോടെ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിലെ ‘പെട്ടിയിലിരിക്കുന്നത്’ 65-ലേറെ മലയാള സിനിമകൾ. നൂറുകോടി രൂപയിലേറെയാണ് കെ.എസ്.എഫ്.ഡി.സിക്ക് കീഴിൽമാത്രം ഇങ്ങനെ മരവിച്ചുകിടക്കുന്നത്. സംസ്ഥാന സർക്കാർ ഒ.ടി.ടി. പ്ലാറ്റ്‌ഫോമാണ് സബ്‌സിഡി പാക്കേജിൽ നിർമിച്ച ഈ സിനിമികൾക്ക് പ്രതീക്ഷ.

You might also like
Leave A Reply

Your email address will not be published.