മരയ്ക്കാറെ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം തിയേറ്റര്‍ റിലീസ് ഉറപ്പാക്കി സൂപ്പര്‍ താരത്തിന്റെ ബിഎംഡബ്ല്യൂ സൈക്കിള്‍ യാത്ര

0

മലയാള സിനിമയിലെ നാടുവാഴിയാണ് പ്രഖ്യാപിച്ച്‌ മോഹന്‍ലാലിന്റെ സൈക്കിള്‍ ചവിട്ട്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററില്‍ എത്തുന്നതിന്റെ സന്തോഷം മോഹന്‍ലാല്‍ ആഘോഷിച്ചത് സൈക്കിള്‍ ചവിട്ടി. സിനിമാ ജീവിതത്തിലെ ദുര്‍ഘടം പിടിച്ച ഘട്ടത്തെയാണ് ഇന്നലെ മോഹന്‍ലാല്‍ മറികടന്നത്. ഇലയ്ക്കും മുള്ളിനും കേടില്ലാതെ മരയ്ക്കാറിലെ വില്ലന്‍ പരിവേഷം ലാല്‍ മാറ്റി. ഫാന്‍സുകാരുടെ മനസ്സിനൊപ്പം കച്ചവടക്കാരനല്ലാത്ത ലാല്‍ നിന്നു. എല്ലാ ഘടകങ്ങളേയും അനുകൂലമാക്കി മലയാളത്തിലെ എക്കാലത്തേയും ബിഗ് ബജറ്റ് സിനിമയ്ക്ക് തിയേറ്റര്‍ റിലീസ്. പുലര്‍ച്ചെ എണീറ്റ് സൈക്കിളുമായി റോഡിലെത്തി. പിന്നെ മഴ കാറു വില്ലനാകും വരെ സൈക്കിള്‍ ചവിട്ട്.

ബിഎംഡബ്ല്യൂ സൈക്കിളിലായിരുന്നു മോഹന്‍ലാലിന്റെ സൈക്കിള്‍ ചവിട്ട്. ഗിയറുള്ള അടിപൊളി സൈക്കിള്‍. സുഹൃത്ത സമീര്‍ ഹംസയുമൊത്താണ് റോഡില്‍ ഇറങ്ങി ലാല്‍ സൈക്കിള്‍ ചവിട്ടിയത്. ഇനി ഇതിനെ പതിവ് ശീലമാക്കാനാണ് തീരുമാനം. നാടുവാഴി എന്ന സിനിമയിലെ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ സൈക്കിള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതും സമീര്‍ ഹംസയാണ്. അനന്തന്റെ മോന്‍ ഇപ്പോഴും നാടുവാഴി തന്നെ! എന്ന ക്യാപ്ഷനും ഇന്‍സ്റ്റയില്‍ സമീര്‍ ഈ വീഡിയോയ്ക്ക് നല്‍കുന്നു. ഇതില്‍ തന്നെ മരയ്ക്കാറിലെ വിജയ ലഹരിയിലാണ് ബി എം ഡബ്ല്യൂ സൈക്കിളില്‍ മോഹന്‍ലാല്‍ റിസ്‌ക് എടുത്ത് നാടു ചുറ്റാനെത്തിയതെന്ന് വ്യക്തം. സമീര്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാണ്.

മുമ്ബും സൈക്കിള്‍ ചവിട്ടില്‍ തന്റെ ഭ്രമം മോഹന്‍ലാല്‍ മലയാളിക്ക് പകര്‍ന്നു നല്‍കിയിട്ടുണ്ട്. പൂജപ്പുരയിലെ വീട്ടില്‍ നിന്ന് സെക്രട്ടറിയേറ്റിന് മുമ്ബിലെ പഴയ കോഫീ ഹൗസിലേക്കായിരുന്നു തിരുവനന്തപുരത്ത് മോഹന്‍ലാലിന്റെ പഴയ സൈക്കിള്‍ ചവിട്ട്. റോഡില്‍ ആളുകള്‍ നിറയും മുമ്ബേ നടത്തിയ സാഹസം. അതിന് ശേഷം പൊതു നിരത്തില്‍ സൂപ്പര്‍ താരം സൈക്കിളുമായി എത്തുന്നത് ഇന്നാണ്. അതും നാടുവാഴി സ്റ്റൈലില്‍. രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ… ആടിപ്പാടാന്‍ നീയും പോരാമോ…. ആരിയങ്കാവില്‍ വേലകഴിഞ്ഞൂ…. ആവണിപ്പാടത്ത് പൂക്കള്‍കൊഴിഞ്ഞു…. ആറ്റിലാടുന്ന ആമ്ബല്‍പ്പൂവിന്റെ തേന്‍ നുകര്‍ന്നേവരാം….
ചെല്ലപ്പൂഞ്ചെണ്ടൊന്നു കൊണ്ടുംതരാം-ഇതാണ് സമീര്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് പിന്നിലെ ഗാനം.

മരയ്ക്കാര്‍ എന്ന സിനിമയുടെ നിര്‍മ്മാതാവ് മോഹന്‍ലാലിന്റെ വിശ്വസ്തന്‍ കൂടിയായ ആന്റണി പെരുമ്ബാവൂരാണ്. 100 കോടിക്ക് അടുത്ത് മുതല്‍മുടക്കി കോവിഡിന് മുമ്ബെടുത്ത ചിത്രം. തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ച സമയത്താണ് വില്ലനായി കോവിഡ് വന്നത്. ഇതോടെ റിലീസ് മാറ്റി വച്ചു. കോവിഡിന്റെ ഒന്നാം തരംഗത്തിന് ശേഷം വീണ്ടും റിലീസ് തീയതി പ്രഖ്യാപിച്ചു. അപ്പോഴും മാറ്റി വയ്‌ക്കേണ്ടി വന്നു. ഇതിനിടെയാണ് തിയേറ്റര്‍ സംഘടനയായ ഫിയോക്കും ആന്റണിയും തമ്മില്‍ തെറ്റുന്നത്. ഇതോടെ മരയ്ക്കാറെ ഒടിടിക്ക് കൈമാറാന്‍ തീരുമാനിച്ചു. ഇതോടെ മലയാള സിനിമയിലെ വില്ലനായി സൂപ്പര്‍ താരം മോഹന്‍ലാല്‍.

മരയ്ക്കാറെ ഒടിടിക്ക് കൊടുത്ത് കാശു വാങ്ങാനുള്ള നീക്കങ്ങളെ ഫാന്‍സുകാര്‍ പോലും തള്ളി പറഞ്ഞു. തിയേറ്ററുകാരുടെ പിടിവാശി ആരും ചര്‍ച്ചയാക്കിയില്ല. ഇതിനിടെയാണ് സിനിമയുടെ പ്രിവ്യൂ മോഹന്‍ലാലും കുടുംബവും കാണുന്നത്. ഇതോടെ ഈ ചിത്രം തിയേറ്ററില്‍ എത്തിയേ മതിയാകൂവെന്ന് ലാലിന്റെ ഭാര്യ നിര്‍ബന്ധം പിടിച്ചു. സംവിധായകന്‍ പ്രിയദര്‍ശനം തന്റെ ആഗ്രഹം വീണ്ടും ചര്‍ച്ചയാക്കി. ഇതോടെ സിനിമയിലെ സുഹൃത്തുക്കളെ എല്ലാം അനുകൂലമാക്കി മോഹന്‍ലാല്‍ നീങ്ങി. അങ്ങനെ തിയേറ്ററിലേക്ക് മരയ്ക്കാര്‍ എത്തുകയാണ്. ആരില്‍ നിന്നും അഡ്വാന്‍സ് പോലും വാങ്ങാതെയുള്ള ബിഗ് ബജറ്റ് സിനിമയുടെ തിയേറ്റര്‍ റിലീസ്.

ഇന്നലെ സിനിമാ മന്ത്രി സജി ചെറിയാന്‍ വരെ ഇടപെട്ടാണ് ഈ പ്രശ്‌നം നിസ്സാരമായി പരിഹരിച്ചത്. തിയേറ്ററില്‍ സിനിമ കളിച്ചാല്‍ കൊള്ളാമെന്ന മോഹം ലാലിന്റെ മനസ്സിലും എത്തിയെന്ന് അറിഞ്ഞ് ചിലര്‍ പാരകളുമായി എത്തി. ഇതിനെയെല്ലാം കരുതലോടെ അതിജീവിക്കുകയായിരുന്നു മോഹന്‍ലാല്‍. അതിന്റെ സന്തോഷമാണ് സൈക്കിള്‍ ചവിട്ടും. അതിനൊപ്പം നാടുവാഴി എന്ന പഴയ സൂപ്പര്‍ ഹിറ്റ് ചിത്രത്തെ ഓര്‍മ്മിപ്പിക്കുന്ന പഞ്ച് ഡയലോഗും. ഫിയോക് എന്ന തിയേറ്റര്‍ സംഘടനയെ ഹൈജാക്ക് ചെയ്യാനുള്ള ചിലരുടെ ശ്രമവും ഇതിലൂടെ പൊളിച്ചു.

മരയ്ക്കാര്‍ ചിത്രം തങ്ങളെ സംബന്ധിച്ച്‌ അടഞ്ഞ അധ്യയമാണെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ രണ്ടു ദിവസം മുമ്ബ് പ്രതികരിച്ചിരുന്നു. ”ലിബര്‍ട്ടി ബഷീറിന് അദ്ദേഹത്തിന്റെ കയ്യിലുള്ള ഇരുനൂറോ രണ്ടായിരമോ തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാം. അത് അദ്ദേഹത്തിന്റെ അവകാശമാണ്. തങ്ങള്‍ എന്തായാലും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല. ആന്റണി സംഘടനയില്‍ രാജി സമര്‍പ്പിച്ചിട്ടുണ്ട്. അതെക്കുറിച്ച്‌ കൂടുതലൊന്നും ഇപ്പോള്‍ പറയാനാവില്ല”- ഇതായിരുന്നു വിജയകുമാറിന്റെ നിലപാട് പ്രഖ്യാപനം. ഒടുവില്‍ മോഹന്‍ലാല്‍ ഇറങ്ങി കളിച്ചപ്പോള്‍ ഫിയോക്ക് വഴങ്ങി. വിജയകുമാറിന്റെ വാക്കുകള്‍ അപ്രസക്തമാവുകയും ചെയ്തു… അങ്ങനെ മരയ്ക്കാര്‍ റിലീസില്‍ തന്നെ വലിയൊരു വിജയം നേടുകയായിരുന്നു മോഹന്‍ലാല്‍.

ഒടിടി റീലിസ് എന്ന് ഉറപ്പിച്ച മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററുകളിലേക്ക് എത്തുമെന്ന മന്ത്രി സജി ചെറിയാന്റെ പ്രഖ്യാപനം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇനിയൊരു ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയും ആമസോണ്‍ പ്രൈം റിലീസ് എന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂരും പ്രഖ്യാപിച്ചടത്ത് നിന്നാണ് മരയ്ക്കാര്‍ ഡിസംബര്‍ രണ്ടിന് തിയേറ്ററില്‍ റിലീസ് ചെയ്യുമെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കുന്നത്. സിനിമ തിയേറ്റററില്‍ എത്തുന്നുവെന്ന് അറിഞ്ഞത് ആരാധകര്‍ക്കിടയിലും വലിയ സ്വീകാര്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ റിലീസിന് എന്തുകൊണ്ട് ഡിസംബര്‍ രണ്ട് തിരഞ്ഞെടുത്തുവെന്ന ചര്‍ച്ചയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്.

അതേസമയം, മരയ്ക്കാര്‍ തിയേറ്ററില്‍ എത്തുന്നതിന് മുന്‍പ് സീറ്റിങ് കപ്പാസിറ്റിയില്‍ ഉള്‍പ്പടെ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. നിലവില്‍ 50 ശതമാനമായ സീറ്റിങ് കപ്പാസിറ്റി 70 ശതമാനമായി ഉയര്‍ത്തിയേക്കും. അതൊടൊപ്പം തന്നെ മുന്‍പ് തീരുമാനിച്ച പ്രകാരം ഡിസംബര്‍ 31 വരെ സിനിമാ ടിക്കറ്റിന് വിനോദ നികുതി ഒഴിവാക്കും. ക്രിസ്മസ് പ്രമാണിച്ച്‌ പ്രദര്‍ശനങ്ങള്‍ വര്‍ധിപ്പിക്കാന്‍ തിയറ്റര്‍ ഉടമകള്‍ സര്‍ക്കാരിന്റെ അനുമതി തേടിയേക്കുകയും ചെയ്യും.

You might also like

Leave A Reply

Your email address will not be published.