ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച യുദ്ധകപ്പല്‍ ഐ.എന്‍.എസ് വിശാഖപട്ടണവും അന്തര്‍വാഹിനി ‘വേല’യും ഉടന്‍ കമ്മീഷന് ചെയ്യും
നവംബര്‍ 21ന് ഐ.എന്‍.എസ് വിശാഖപട്ടണവും നവംബര്‍ 25ന് അന്തര്‍വാഹിനി വേലയും കമീഷന് ചെയ്യുക.മുംബൈ നേവല്‍ ഡോക് യാര്‍ഡില്‍ ഐ.എന്‍.എസ് വിശാഖപട്ടണം കമീഷന് ചെയ്യുന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും അന്തര്‍വാഹിനി കമ്മീഷന് ചെയ്യുന്ന ചടങ്ങില്‍ നാവികസേന മേധാവി അഡ്മിറല്‍ കരംബീര്‍ സിങ്ങും മുഖ്യാതിഥികളാകും. യുദ്ധകപ്പലിലും അന്തര്‍വാഹിനിയിലും അവസാനവട്ട പരിശോധനകള്‍ പുരോഗമിക്കുകയാണ്. ഐ.എന്‍.എസ് വിശാഖപട്ടണത്തിനും അന്തര്‍വാഹിനി വേലക്കും യുദ്ധരംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് നാവികസേന അറിയിച്ചു.ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ രൂപകല്പന ചെയ്ത ഐ.എന്‍.എസ് വിശാഖപട്ടണം മുംബൈ മാസഗോണ്‍ ഡോക് കപ്പല്‍ നിര്‍മാണശാലയാണ് നിര്‍മിച്ചത്. വിശാഖപട്ടണം, മൊര്‍മുഗോ, ഇംഫാല്‍, സുറത്ത് എന്നീ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളുടെ പേരുകളാണ് നാലു യുദ്ധക്കപ്പലുകള്‍ക്ക് നല്‍കിയിട്ടുള്ളത്.ഹ്രസ്വ ദൂര ഭൂതല-വായു മിസൈല്‍, ഭൂതല-ഭൂതല മിസൈല്‍, ടോര്‍പിഡോ ട്യൂബ്സ്- ലോഞ്ചേഴ്സ്, തോക്ക് അടക്കം നൂതന ആയുധങ്ങള്‍ കപ്പലില്‍ ഘടിപ്പിച്ചിട്ടുണ്ട്. രാജ്യം തദ്ദേശീയമായി നിര്‍മിച്ച നാലാമത്തെ കാല്‍വരി ക്ലാസ് അന്തര്‍വാഹിനിയാണ് ‘വേല’.