ധ്യാന്‍ ശ്രീനിവാസന്‍റെ സംവിധാനത്തിലൊരുങ്ങിയ ‘ലൗ ആക്ഷന്‍ ഡ്രാമ’യിലാണ് ആദ്യമായി വസിഷ്ഠ് ഉമേഷ് അഭിനയിച്ചത്. സിനിമയില്‍ അജു വര്‍ഗ്ഗീസിന്‍റെ ചെറുപ്പകാലമായിരുന്നു. സിനിമയിലെ പാട്ട് ഹിറ്റടിച്ചതോടെ വസിഷ്ഠും താരമായി. പിന്നീട് ചില പരസ്യ ചിത്രങ്ങളിലും അഭിനയിക്കുകയുണ്ടായി. കുടുക്ക് പൊട്ടിയ കുപ്പായം കണ്ടാണ് ബേസില്‍ വസിഷ്ഠിനെ മിന്നല്‍ മുരളിയിലേക്ക് വിളിക്കുന്നത്. ഇപ്പോള്‍ മിന്നല്‍ മുരളിയിലെ ലിറ്റില്‍ സ്റ്റാറാണ് വസിഷ്ഠ് ഉമേഷ്.വാണിയംകുളം ടിആര്‍കെ സ്‌കൂള്‍ അധ്യാപകനായ പി ഉമേഷിന്‍റേയും അധ്യാപിക സി ജ്യോതിയുടേയും മകനാണ് വസിഷ്ഠ്. മിന്നല്‍ മുരളിയുടെ വലിയ വിജയത്തോടെ നാട്ടിലും വീട്ടിലും സ്കൂളിലുമൊക്കെ താരമായിരിക്കുകയാണ് ഈ കൊച്ചുമിടുക്കന്‍. ഇപ്പോള്‍ തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ട്വന്റി ഫോര്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍.
വസിഷ്ഠിന്റെ വാക്കുകള്‍ :
‘സ്‌കൂള്‍ തലങ്ങളിലൊക്കെ നാടകങ്ങളില്‍ പങ്കെടുക്കുമായിരുന്നു. അപ്പോഴാണ് എനിക്ക് അഭിനയിക്കാന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞത്. അങ്ങനെ ലവ് ആക്ഷന്‍ ഡ്രാമയിലെ ഓഡീഷനില്‍ പങ്കെടുത്തു. അജു വര്‍ഗീസ് അഭിനയിച്ച കഥാപാത്രത്തിന്റെ ബാല്യകാലം പാട്ടിലൂടെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. അത് കണ്ടിട്ടാണ് ബേസില്‍ മാമ മിന്നല്‍ മുരളിയിലേക്ക്.മിന്നല്‍ മുരളിയിറങ്ങിയതിന് ശേഷം ഒരുപാട് ഇന്റര്‍വ്യൂകള്‍ ചെയ്തു. വീടിനടുത്തുള്ള പരിപാടികളില്‍ മുഖ്യ അതിഥിയായി ക്ഷണിച്ചു. അതിലും ഏറ്റവും വലിയ സന്തോഷം പുറത്തിറങ്ങി കഴിഞ്ഞാല്‍ ആളുകള്‍ എന്നെ തിരിച്ചറിഞ്ഞു തുടങ്ങി എന്നതാണ്. എന്റെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു അത്. മിന്നല്‍ മുരളി ഇറങ്ങിയതിന് ശേഷമാണ് ആ ആഗ്രഹം സാധ്യമായത്.മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമാണ് മിന്നല്‍ മുരളി എന്ന് എനിക്ക് അറിയാമായിരുന്നു. ഇങ്ങനെ ഒരു അവസരം ലഭിക്കുക എന്നത് ചില്ലറ കാര്യമല്ലല്ലോ. വളരെ അധികം സന്തോഷമായി. ഇത്രയും മിച്ചക റോള്‍ തന്നതിന് ബേസില്‍ മാമയോട് നന്ദിയുണ്ട്. സിനിമ കണ്ടിട്ട് കൂട്ടുകാരും,ബന്ധുക്കളും, അധ്യാപകരും വിളിച്ച് നന്നായിട്ടുണ്ടെന്ന് പറഞ്ഞു. അവരുടെ നല്ല പ്രതികരണങ്ങള്‍ കേട്ടപ്പോള്‍ ഒരുപാട് സന്തോഷമായി. പണ്ട് സൂപ്പര്‍ ഹീറോ ചിത്രങ്ങള്‍ കാണുമായിരുന്നു. അയണ്‍ മാനായിരുന്നു എന്റെ ഫേവറേറ്റ്, ഇപ്പോള്‍ മിന്നല്‍ മുരളിയാണ്’ – വസിഷ്ഠ് പറഞ്ഞു.