മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 8.12ഓടെയായിരുന്നു ലത മങ്കേഷ്കറിന്റെ അന്ത്യം.സംസ്കാരം ഞായറാഴ്ച വൈകിട്ട് ആറിന് നടക്കും. മുംബൈ ദാദറിലെ ശിവജി പാര്‍ക്കിലാണ് അന്ത്യവിശ്രമം ഒരുക്കുക. 4 30ന് പ്രധാനമന്ത്രി മുംബൈയില്‍ എത്തുംകോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ജനുവരി എട്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐ.സി.യുവില്‍ ചികിത്സയിലായിരുന്നു ലതയെ ശനിയാഴ്ച വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. നില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് സംഗീയാസ്വാദകരെയും ആരാധകരെയും ദുഃഖത്തിലാഴ്ത്തി അവര്‍ വിട പറഞ്ഞത്.സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും അഞ്ചുമക്കളില്‍ മൂത്തവളായി മധ്യപ്രദേശിലെ ഇന്ദോറില്‍ 1929 സെപ്റ്റംബര്‍ 28നാണ് ലത മങ്കേഷ്‌കര്‍ ജനിച്ചത്. ആദ്യ പേര് ഹേമ എന്നായിരുന്നെങ്കിലും പിന്നീട് തന്റെ നാടകത്തിലെ കഥാപാത്രത്തോടുള്ള ഇഷ്ടം മൂലം അച്ഛന്‍ ലത എന്ന് പുനര്‍നാമകരണം ചെയ്തു, അച്ഛനില്‍ നിന്ന് ശാസ്ത്രീയ സംഗീതം പഠിച്ച ലത അഞ്ചാം വയസ്സു മുതല്‍ പിതാവിന്റെ സംഗീത നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങി. . 1942ല്‍ മറാത്തി, ഹിന്ദി സിനിമകളില്‍ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് ഗായികയായി മാറി. ഹിന്ദി, മറാഠി, ബംഗാളി, മലയാളം തുടങ്ങി മുപ്പത്തിയാറോളം പ്രാദേശിക ഭാഷകളില്‍ പാടിയിട്ടുണ്ട്. ‘നെല്ല്’ എന്ന ചിത്രത്തില്‍ വയലാര്‍ എഴുതി സലില്‍ ചൗധരി ഈണം പകര്‍ന്ന കദളി കണ്‍കദളി ചെങ്കദളി പൂ വേണോ…’ എന്ന ഗാനമാണ് മലയാളത്തില്‍ ആലപിച്ചത്.2001ല്‍ ഏറ്റവും വലിയ സിവിലിയന്‍ പുരസ്കാരമായ ‘ഭാരതരത്നം’ നല്‍കി രാജ്യം ലത മങ്കേഷ്കറെ ആദരിച്ചു. പത്മഭൂഷണ്‍ (1969), പത്മവിഭൂഷണ്‍ (1999), ദാദാസാഹബ് ഫാല്‍ക്കെ അവാര്‍ഡ് (1989) എന്നിവയും ലഭിച്ചിട്ടുണ്ട്. 1993ല്‍ ഫിലിംഫെയര്‍ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ലഭിച്ചു. 1999ല്‍ ലതയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിരുന്നു. ബോളിവുഡ് ഗായിക ആശാ ഭോസ്‌ലേ ലതയുടെ ഇളയ സഹോദരിയാണ്.