ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഫൈനലാണിത്.2014, 2016 വര്‍ഷങ്ങളിലാണ് ടീം ഇതിനുമുന്‍പ് കലാശക്കളിക്ക് യോഗ്യത നേടിയത്.ഇന്ന് നടക്കുന്ന എടികെ- ഹൈദരാബാദ് മത്സരത്തിലെ വിജയികളെയാവും ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ നേരിടുക.മാര്‍ച്ച് 20 ഞായറാഴ്ചയാണ് ഫൈനല്‍.ഇന്നലെ ഗോവയിലെ വാസ്കോ തിലക് മൈതാന്‍ സ്റ്റേഡിയത്തിലെ രണ്ടാംപാദ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിനെ നേരിടുമ്ബോള്‍ മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് സ്വപ്നം ഒന്നേയുണ്ടായിരുന്നുള്ളൂ;ഇക്കളി തോല്‍ക്കരുത്.അവരുടെ ആഗ്രഹം പോലെ ആരാധകരുടെ കണ്ണും കരളും നിറച്ച അറ്റാക്കിങ് ഫുട്ബോളുമായി, ആക്രമണങ്ങളുടെ വേലിയേറ്റങ്ങളുമായി, പഴുതടച്ച പ്രതിരോധക്കോട്ടയുമായി ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ കടന്നു.മധ്യനിരയില്‍ ആഡ്രിയന് ലൂനയും പുയ്തിയയും ആയുഷ് അധികാരിയും നിഷു കുമാറും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചതോടെ ആക്രമണത്തിലും പ്രതിരോധത്തിലും കൂടുതല്‍ കളിക്കാരുടെ സാന്നിധ്യമുണ്ടായി.രണ്ടാം മിനുട്ടില്‍ തന്നെ മത്സരത്തിലെ ഏറ്റവും മികച്ച സുവര്‍ണാവസരം മഞ്ഞപ്പടക്ക് കൈവരികയും ചെയ്തു.ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ, ബോക്സില്‍ ഇഷ്ടം പോലെ സമയം ലഭിച്ച അല്‍വാരോ വാസ്ക്വെസിന്റെ ആ ചിപ്പിങ് ശ്രമത്തിന് ഗോളാവാനുള്ള എല്ലാ യോഗ്യതയുമുണ്ടായിരുന്നു.ജംഷഡ്പൂര്‍ കീപ്പറും മലയാളിയുമായ രഹനേഷിനെ ഹതാശനാക്കി വായുവില്‍ ഉയര്‍ന്ന ആ പന്ത് അവിശ്വസനീയമാം വിധം പുറത്തുപോയപ്പോള്‍ അത് ബ്ലാസ്റ്റേഴ്സിന്റെ ദൗര്‍ഭാഗ്യ ദിനമാകുമോ എന്നുപോലും ആരാധകര്‍ പേടിച്ചു.കളി പത്ത് മിനുട്ട് പിന്നിടും മുന്‍പുതന്നെ മറ്റൊരു സുവര്‍ണാവസരം കൂടി ജംഷഡ്പൂര്‍ ബോക്സില്‍ പിറന്നു.പ്രതിരോധക്കാരന് പീറ്റര്‍ ഹാര്‍ഡ്ലിയുടെ ക്ലിയറന്‍സില്‍ ചാടിവീണ പെരേര ഡയസിന്റെ കാലില്‍ തട്ടിയ പന്ത് ഗോളിലേക്കെന്ന് തോന്നിച്ചെങ്കിലും ക്രോസ്ബാറില്‍ തട്ടി മടങ്ങിയതും അവിശ്വസനീയ കാഴ്ചയായി.റീബൗണ്ടില്‍ ഡയസ് പന്ത് വലകുലുക്കിയെങ്കിലും അത് ഓഫ്സൈഡായിരുന്നു.നഷ്ടമായ അവസരങ്ങളുടെ സങ്കടം തീര്‍ക്കുന്ന ഗോള്‍ 18-ാം മിനുട്ടിലാണ് വന്നത്.ബ്ലാസ്റ്റേഴ്സിന്റെ മൂന്ന് ഡിപ്പാര്‍ട്ട്മെന്റുകളും ചേര്‍ന്ന് നെയ്തെടുത്ത നീക്കങ്ങള്‍ക്ക് അവസാനം ഗോള്‍ഡന്‍ ടച്ച് നല്‍കിയത് ടീമിന്റെ പ്രധാന ഗോള്വേട്ടക്കാരന് ലൂണയായിരുന്നു.ഒരു നിമിഷത്തെ മാന്ത്രികതയില്‍ ഉറുഗ്വായ് മാസ്റ്ററുടെ വലങ്കാലില്‍നിന്ന് വളഞ്ഞുപാഞ്ഞ പന്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫൈനല്‍ ടിക്കറ്റും ചേര്‍ത്തുവെച്ചിട്ടുണ്ടായിരുന്നു. ലീഗ് റൗണ്ടില്‍ ഒന്നാമന്മാരായി വിന്നേഴ്സ് ഷീല്‍ഡ് അവകാശികളായ ജാംഷഡ്പൂരിന്റെ വെല്ലുവിളി രണ്ടാം സെമിയില്‍ അതിജീവിച്ചാണ് നാലാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്സ് ആറു വര്‍ഷത്തെ ഇടവേളക്കുശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലിലേക്ക് മുന്നേറിയത്.അതേപോലെ രണ്ട് വര്‍ഷത്തിലേറെയായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങളുടെ വേദിയില്‍ നിന്ന് കാണികളെ വിലക്കിയിട്ട്.കോവിഡായിരുന്നു ഇവിടെ ഓഫ് സൈഡ് കളിച്ചത്.ഇക്കുറി ഐഎസ്എല്‍ ഫൈനലിലൂടെ സ്റ്റേഡിയത്തേലേക്ക് കാണികള്‍ തിരിച്ചുവരുകയാണ്.ഇപ്പോള്‍ ആ തിരിച്ചുവരവ് ഏറ്റവും ഉജ്ജ്വമായി ആഘോഷിക്കാന്‍ സാധിക്കുമെന്ന ആവേശത്തിലാണ് ആരാധകരും സംഘാടകരും.കാരണം കേരളാ ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിക്കഴിഞ്ഞു.ഞായറാഴ്ച ഗോവയിലെ ഫത്തോര്‍ദ സ്റ്റേഡിയത്തിലാണ് ഐഎസ്എല്‍ ഫൈനല്‍ അരങ്ങേറുന്നത്.ഇക്കുറി ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലെത്തുകയും ഒപ്പം ഫൈനലിന് കാണികളെ പ്രവേശിപ്പിക്കുമെന്ന് അറിയിപ്പ് വരുകയും ചെയ്തതിന് പിന്നാലെ തന്നെ ഒട്ടേറെ ആരാധകര്‍ ടിക്കറ്റ് ബുക്ക് ചെയ്തുകഴിഞ്ഞു.ഇപ്പോള്‍ ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തുക കൂടി ചെയ്തതോടെ ഇനി ശേഷിക്കുന്ന ടിക്കറ്റ് വില്‍പ്പനയില്‍ ഭൂരഭാഗവും കേരളത്തിലേക്ക് തന്നെയാകുമെന്ന് ഉറപ്പാണ്.ഇക്കുറി ആദ്യ പാദ പ്ലേ ഓഫിന് മുന്നോടിയായി ക്ലബ് തന്നെ കലൂര്‍ സ്റ്റേഡിയം പരിസരത്ത് ലൈവ് സ്ക്രീനിങ് സംഘടിപ്പിച്ചിരുന്നു.ഇത് വന്‍വിജയമായി മാറി.ഇതോടെ രണ്ടാം പാദ പോരാട്ടത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരാധകക്കൂട്ടായ്മകളുടെ നേതൃത്വത്തിലും ലൈവ് സ്ക്രീനിങ് നടന്നു. ഗംഭീര ജനപങ്കാളിത്തമാണ് ഈ സ്ക്രീനിങ്ങുകള്ക്കുണ്ടായത്. ആലപ്പുഴയിലും കോഴിക്കോടും ബീച്ചുകളില്‍ നടന്ന ലൈവ് സ്ക്രീനിങ്ങിന്റെ ദൃശ്യങ്ങള്‍ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു.ഇതോടെ ഒരു കാര്യം ഉറപ്പാണ്.ഫൈനലില്‍ ഫത്തോര്‍ദ സ്റ്റേഡിയത്തിന്റെ നിറം മഞ്ഞയായിരിക്കും.അത് ബ്ലാസ്റ്റേഴ്സ് ജയിച്ചാലും തോറ്റാലും!