പദ്ധതി ആരംഭിച്ച് ഒരു വര്‍ഷത്തിനിടെ 31,084 പേര് സേവനം പ്രയോജനപ്പെടുത്തിയതായാണ് കണക്ക്.കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വീട്ടില്‍ തുടരാന്‍ നിര്‍ബന്ധിതരായ കുട്ടികള്‍ക്ക് ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയാണു പദ്ധതി തുടങ്ങിയത്. 2021 ജൂലൈ 12 മുതല്‍ 2022 ജൂലൈ 28 വരെയുള്ള കാലയളവില്‍ കൂടുതല്‍ കാളുകള്‍ മലപ്പുറത്തുനിന്നാണ്. 2817 പേരാണ് ഇവിടെനിന്നു ഹെല്പ് ലൈനില്‍ ബന്ധപ്പെട്ടത്. കേരളത്തിനു പുറത്തുനിന്ന് 294 പേരും ചിരി ഹെല്പ് ലൈനെ സമീപിച്ചു. കോവിഡ് സമയത്തെ ഓണ്‍ലൈന്‍ പഠനത്തിന്റെ ബുദ്ധിമുട്ടുകള്‍, കൂട്ടുകാരെ കാണാനും സംസാരിക്കാനും കളിക്കാനും കഴിയാത്തതിന്റെ വിഷമം, കുടുംബവഴക്ക്, പഠനോപകരണങ്ങളുടെ ലഭ്യതക്കുറവ് എന്നിവയാണ് പ്രധാനമായും കുട്ടികള്‍ കാള്‍ സെന്ററുമായി പങ്കുവെച്ചത്.മൊബൈല്‍ ഫോണിന്റെ അമിതമായ ഉപയോഗം, കുട്ടികളുടെ ആത്മഹത്യഭീഷണി എന്നിവക്ക് പരിഹാരം തേടിയായിരുന്നു മാതാപിതാക്കളുടെ കാളുകളില്‍ അധികവും. ഗുരുതരമായ മാനസികപ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി വിളിച്ചവരും ഇക്കൂട്ടത്തിലുണ്ട്. അവര്‍ക്ക് മനഃശാസ്ത്ര വിദഗ്ധരുടെ സേവനവും ലഭ്യമാക്കി. ‘ചിരി’യുടെ 9497900200 എന്ന ഹെല്പ് ലൈന്‍ നമ്ബറിലേക്ക് കുട്ടികള്‍ക്ക് പുറമേ, അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ബന്ധപ്പെടാം.