അവനവൻ ആത്മസുഖത്തിനായി ആചരിക്കുന്നത് അപരന് സുഖത്തിനായി വരണമെന്നും ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യനെന്നും മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നുമുള്ള ആപ്തവാക്യങ്ങൾ ലോക ജനതയ്ക്ക് പകർന്നു നൽകിയ
സാമൂഹിക പരിഷ്കർത്താവും നവോത്ഥാന നായകനുമായ നാരായണഗുരു സമാധിയായിട്ട് 94 വർഷം. കേരളത്തിൽ നിലനിന്നിരുന്ന തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പോരാടിയ നാരായണഗുരു കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു. ജാതി വ്യവസ്ഥിതിയെ ചോദ്യം ചെയ്ത പ്രധാന സാമൂഹിക പരിഷ്കർത്താവ് കൂടിയായിരുന്നു ശ്രീനാരായണ ഗുരു. താഴ്ന്ന ജാതിയിൽപ്പെട്ടവർക്ക് ദൈവാരാധന നടത്താൻ കേരളത്തിലും തമിഴ്നാട്ടിലും കാർണ്ണാടകയിലുമായി നാല്പത്തിയഞ്ചോളം ക്ഷേത്രങ്ങൾ ഇദ്ദേഹം സ്ഥാപിച്ചു. രണ്ടു തവണ ശ്രീലങ്ക സന്ദർശിച്ച ഗുരു അവിടെയും ക്ഷേത്രപ്രതിഷ്ഠ നടത്തി.1903-ൽ ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി) സ്ഥാപിച്ചു.
ഈ സംഘടനയെ മാതൃകാപരമായ ഒരു ജാതിമതാതീത സംഘടനയായി വളർത്തിക്കൊണ്ടുവരികയും സമൂഹത്തെ സർവതോമുഖമായ പുരോഗതിയിലേക്കു നയിക്കുകയും ചെയ്യുക എന്നതായിരുന്നു ഗുരുവിന്റെ ലക്ഷ്യം. എന്നാൽ തന്റെ ദർശനത്തിന്റെ കാതലായ ഏകജാതിസന്ദേശം പോലും പ്രചരിപ്പിക്കാൻ സംഘത്തിനാവാത്തതിൽ ദുഃഖിതനായ അദ്ദേഹം 1916 മേയ് 22-ന് എസ്.എൻ.ഡി.പി യോഗവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു.
എൻ.സന്തോഷ് പാറശ്ശാല