സംസ്ഥാനത്ത് പാല്‍ വില 8 രൂപ 57 പൈസ വര്‍ധിപ്പിക്കില്ല ;പുതുക്കിയ വിലവര്‍ധന ഡിസംബര്‍ 1 മുതല്‍ നിലവില്‍ വന്നേക്കും
കര്‍ഷകര്‍ക്ക് ലാഭമുണ്ടാകണമെങ്കില്‍ 8 രൂപ 57 പൈസ ലിറ്ററിന് വര്‍ധിപ്പിക്കണമെന്നാണ് മില്‍മയുടെ ആവശ്യം. എന്നാല്‍ സര്‍ക്കാര്‍ ഈ തുക അംഗീകരിക്കാന്‍ ഇടയില്ല. അഞ്ചു രൂപയ്ക്കും 6 രൂപയ്ക്കും ഇടയിലാവും വിലവര്‍ധന. ഇക്കാര്യത്തില്‍ ക്ഷീരവികസന വകുപ്പ് മന്ത്രിയും മില്‍മ ഭാരവാഹികളും ചര്‍ച്ച നടത്തും. അടുത്ത ദിവസങ്ങളില്‍ തന്നെ നടക്കുന്ന ചര്‍ച്ചയില്‍ പുതുക്കിയ വില സംബന്ധിച്ച് തീരുമാനമുണ്ടാകും.മില്‍മയുടെ ആവശ്യം അപ്പാടെ അംഗീകരിക്കാതെ തന്നെ ക്ഷീരകര്‍ഷകരെ ഒപ്പം കൂട്ടാന്‍ ആണ് സര്‍ക്കാര്‍ ശ്രമം. മുടങ്ങിക്കിടക്കുന്ന സബ്‌സിഡി കൂടി നല്‍കുന്നതോടെ ക്ഷീരകര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. ലിറ്ററിന് നാലു രൂപ സബ്‌സിഡി നല്‍കും. നേരത്തെ നല്‍കിവന്നിരുന്ന സബ്‌സിഡി മാസങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. ഡിസംബര്‍ ആദ്യം തന്നെ മുടങ്ങിക്കിടന്നത് ഉള്‍പ്പെടെയുള്ള സബ്‌സിഡി നല്‍കാനാണ് ലക്ഷ്യം. എന്നാല്‍ വിലവര്‍ധനയില്‍ മില്‍മയും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിലെങ്കില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാവും.