സ്വര്‍ണ്ണക്കല്ലെന്ന് കരുതി വര്‍ഷങ്ങളോളം സൂക്ഷിച്ച്‌ വച്ചത് ഒടുവില്‍ അപൂര്‍വ്വ ലോഹമാണെന്ന് കണ്ടെത്തി

0

ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സ്വദേശിയായ ഡേവിഡ് ഹോളിന് 2015 ലാണ് മേരിബറോ റീജിയണല്‍ പാര്‍ക്കില്‍ നിന്ന് കല്ലിനു സമാനമായ രീതിയിലുള്ള ലോഹം ലഭിക്കുന്നത് .മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച്‌ പുരാതന വിലപിടിപ്പുള്ള വസ്തുക്കളും ധാതുക്കളും തിരയുന്നതിനിടയിലായിരുന്നു ഇത്. ചുവന്ന നിറമുള്ള ഭാരമുള്ള വസ്തുവില്‍ മഞ്ഞ നിറത്തിലുള്ള ഭാഗങ്ങളും ഉണ്ടായിരുന്നു. ഡേവിഡ് അത് കഴുകിയപ്പോള്‍ മഞ്ഞ നിറം തെളിഞ്ഞു വന്നതോടെ സ്വര്‍ണ്ണ കല്ലാണെന്നാണ് കരുതി സൂക്ഷിച്ചു വച്ചു .മേരിബറോ ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്‌ഫീല്‍ഡ് ഏരിയകളിലൊന്നാണെന്നത് ഈ ചിന്തയ്‌ക്ക് ആക്കം കൂട്ടി . പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇവിടെ വലിയ സ്വര്‍ണ്ണ ഖനികള്‍ ഉണ്ടായിരുന്നു. ഇപ്പോഴും പല ആളുകള്‍ക്കും ചെറിയ സ്വര്‍ണ്ണക്കല്ലുകള്‍ ലഭിക്കുന്നുണ്ട്. തനിക്ക് ലഭിച്ച ഈ കല്ല് മുറിക്കാന്‍ ഡേവിഡ് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി. എന്നാല്‍ കല്ല് പൊട്ടിയില്ല. ആസിഡ് ഒഴിച്ച്‌ കത്തിച്ചു പോലും നോക്കി . കല്ലിനു ഒരു പോറലുമേറ്റില്ല.വര്‍ഷങ്ങള്‍ക്ക് ശേഷം, ഡേവിഡ് അത് മെല്‍ബണ്‍ മ്യൂസിയത്തിലേക്ക് കൊണ്ടുപോയി. അവിടെ ജിയോളജിസ്റ്റ് സംഘത്തിന്റെ പരിശോധനയില്‍ ബഹിരാകാശത്ത് നിന്ന് ഓസ്‌ട്രേലിയയിലേക്ക് പതിച്ച അപൂര്‍വ ഉല്‍ക്കാശിലയാണിതെന്ന് കണ്ടെത്തി. ഈ കല്ല് വളരെ വിലപ്പെട്ടതാണെന്ന് മെല്‍ബണ്‍ മ്യൂസിയത്തിലെ ജിയോളജിസ്റ്റ് ഡെര്‍മോട്ട് ഹെന്‍റി പറഞ്ഞു. ഇതിന് ഒരു വിലയും കണക്കാക്കാനാവില്ല. കാരണം ഇതിലെ ലോഹം ഭൂമിയില്‍ തീരെ കാണാനാകില്ല. ഞാന്‍ പല കല്ലുകളും പരിശോധിച്ചിട്ടുണ്ട് , ചിലപ്പോള്‍ ഉല്‍ക്കാശിലകള്‍ പോലും. 37 വര്‍ഷമായി ഞാന്‍ ഈ മ്യൂസിയത്തില്‍ ജോലി ചെയ്യുന്നു. ആയിരക്കണക്കിന് കല്ലുകള്‍ ഞാന്‍ പരിശോധിച്ചു. എന്നാല്‍ നാളിതുവരെ ഇത്തരമൊരു കല്ല് കണ്ടെത്തിയിട്ടില്ല. ഇതുവരെ രണ്ട് തവണ മാത്രമാണ് ഉല്‍ക്കാശിലകള്‍ കണ്ടെത്തിയത്. ഇത് അതിലൊന്നാണ്. പരിശോധിച്ചപ്പോള്‍ 46 കോടി വര്‍ഷം പഴക്കമുള്ള കല്ലാണിതെന്ന് കണ്ടെത്തി. ഇതിന്റെ ഭാരം 17 കിലോ ആണ്. അത് മുറിക്കാന്‍ ഒരു ഡയമണ്ട് സോയുടെ സഹായം വേണ്ടി വന്നു.’ ഡെര്‍മോട്ട് ഹെന്‍റി പറഞ്ഞുആ ഉല്‍ക്കാശിലയില്‍ വലിയ അളവില്‍ ഇരുമ്ബുണ്ട്. മുറിച്ചപ്പോള്‍ അതിനുള്ളില്‍ വിവിധ ധാതുക്കള്‍ കൊണ്ട് നിര്‍മ്മിച്ച ചെറിയ പരലുകള്‍ കാണപ്പെട്ടു. ഇവയെ കോണ്ട്റൂള്‍സ് എന്ന് വിളിക്കുന്നു. ജീവന്റെ തെളിവായി ഉല്‍ക്കകളില്‍ അമിനോ ആസിഡുകള്‍ കാണപ്പെടുന്നുണ്ടെന്ന് ഡെര്‍മോട്ട് പറഞ്ഞു. ക്ഷീരപഥത്തിന്റെ ഏത് ഭാഗത്ത് നിന്നാണ് ഈ ഉല്‍ക്കാശില ഇവിടെ വന്നതെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്തായാലും ഈ ഉല്‍ക്ക സ്വര്‍ണ്ണത്തേക്കാള്‍ വിലയുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

You might also like

Leave A Reply

Your email address will not be published.