കൂട്ടത്തോടെ വാഹനങ്ങളുമായി റോഡിലിറങ്ങി ഹോണ്‍ മുഴക്കിയും ദേശീയ പതാകകള്‍ വീശിയും നൃത്തം ചെയ്തുമാണ് വിജയം ആഘോഷിച്ചത്.തിങ്കളാഴ്ച രാത്രി 12 മണിക്കും പലയിടത്തും റോഡില്‍ വാഹനങ്ങളുടെ നീണ്ട നിര കാണാമായിരുന്നു. ഒമാന്‍ കണ്വെന്ഷന് ആന്‍ഡ് എക്സിബിഷന് സെന്ററിലെ ഫാന്‍ സോണില്‍ നൂറുകണക്കിന് ആളുകളാണ് കളി കാണാന്‍ എത്തിയത്.ലോകകപ്പില്‍ ഇഷ്ട ടീമുകള്‍ക്കായി ആര്‍പ്പുവിളിച്ചവര്‍ക്ക് സ്വന്തം രാജ്യത്തിന്റെ അഭിമാനകരമായ വിജയത്തില്‍ ആഹ്ലാദിക്കാന്‍ കിട്ടിയ അവസരം ശരിക്കും വിനിയോഗിച്ചു. കരുത്തരായ ബഹ്റൈനെ നേരിടാന്‍ ഇറങ്ങുമ്ബോള്‍ ഒമാന്‍ ആരാധകര്‍ക്ക് ആശങ്കയുണ്ടായിരുന്നു. ബഹ്റൈന്‍ നിലവിലെ ചാമ്ബ്യന്മാര് എന്നതിലുപരി ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തരായ ടീമുകളില്‍ ഒന്നുകൂടിയാണ്. കളിയുടെ 83ാം മിനിറ്റില്‍ ഗോള്‍ വീണതോടെ ആരാധകര്‍ വലിയ സ്ക്രീനിനു മുന്നില്‍ കോച്ച് ബ്രാങ്കോ ഇവാങ്കോവിച്ചിന് ജയ് വിളിച്ചാണ് ആഹ്ലാദം പ്രകടിപ്പിച്ചത്.മത്സരത്തില്‍ റഫറിയുടെ തീരുമാനങ്ങള്‍ ഒമാന്‍ എതിരായിരുന്നെന്നും അര്‍ഹിച്ച രണ്ടു പെനാല്‍റ്റികള്‍ ഒമാന്‍ നല്‍കിയില്ലെന്നും ആരാധകര്‍ രോഷം പ്രകടിപ്പിച്ചു. കഴിഞ്ഞ തവണ ഒമാന്‍ ഗള്‍ഫ് കപ്പില്‍ ജേതാക്കളായപ്പോള്‍ സെമിഫൈനലില്‍ തോല്പിച്ചത് ബഹ്റൈനെ ആയിരുന്നു. വ്യാഴാഴ്ച നടക്കുന്ന ഫൈനലില്‍ ഇറാഖിനെയും തോല്പിച്ചു മൂന്നാം വട്ടവും ഗള്‍ഫ് കപ്പില്‍ മുത്തമിടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.