‘ലഹരിവിമുക്ത കേരളം’ ജിടെക് മാരത്തണ്‍ ലോഗോ മന്ത്രി എം.ബി. രാജേഷ് പ്രകാശനം ചെയ്തു

0

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി കമ്പനികളുടെ വ്യവസായ സ്ഥാപനമായ ഗ്രൂപ്പ് ഓഫ്   ടെക്നോളജി കമ്പനീസ് (ജിടെക്) മാര്‍ച്ച് 19 ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ‘ലഹരിവിമുക്ത കേരളം’ മാരത്തണിന്‍റെ ലോഗോ തദ്ദേശ സ്വയംഭരണ-എക്സൈസ് മന്ത്രി എം.ബി. രാജേഷ് പ്രകാശനം ചെയ്തു.
കേരളത്തില്‍ മയക്കുമരുന്ന് ദുരുപയോഗത്തിന്‍റെ വ്യാപനത്തെക്കുറിച്ചും അതിന്‍റെ ദൂഷ്യഫലങ്ങളെക്കുറിച്ചും പൊതുസമൂഹത്തിലും ചെറുപ്പക്കാരിലും അവബോധം സൃഷ്ടിക്കുകയെന്ന    ലക്ഷ്യത്തോടെയാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്.

മയക്കുമരുന്നിന്‍റെയും ലഹരിവസ്തുക്കളുടെയും ദുരുപയോഗം സമൂഹത്തിന് ഭീഷണിയാണെന്നും ലോകമെമ്പാടുമുള്ള വലിയൊരു വിഭാഗം ആളുകളെയും കുടുംബങ്ങളെയും ഇത് ബാധിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കേരളവും ഈ പ്രശ്നത്തിന്‍റെ ഇരയാണ്. മാരത്തണ്‍ പോലുള്ള പരിപാടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള ലഹരിവിരുദ്ധ പ്രചാരണങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കും. ഈ ലക്ഷ്യത്തെ പിന്തുണയ്ക്കാന്‍ കേരളത്തിലെ ഐ.ടി സമൂഹം മുന്നോട്ടുവരുന്നതില്‍ സന്തോഷമുണ്ട്. മാരത്തണില്‍ പങ്കെടുക്കാനും കാമ്പയിന്‍ ബഹുജന മുന്നേറ്റമാക്കി മാറ്റാനും പൊതുജനങ്ങളോട്        അഭ്യര്‍ഥിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലിംഗ, പ്രായ, ഫിറ്റ്നസ് ഭേദമില്ലാതെ സമൂഹത്തിന്‍റെ വിവിധ തുറകളില്‍നിന്നായി 2500 ലധികം പേര്‍ മാരത്തണിന്‍റെ ഭാഗമാകും. മൂന്ന് കിലോമീറ്റര്‍, 10 കിലോമീറ്റര്‍, 21 കിലോമീറ്റര്‍ എന്നീ    വിഭാഗങ്ങളിലായിട്ടാണ് മാരത്തണ്‍.

You might also like
Leave A Reply

Your email address will not be published.