സഭയില്‍ പ്രക്ഷോഭം കടുപ്പിച്ച്, സഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷം
പ്രതിപക്ഷത്തെ അഞ്ചു എംഎല്‍എമാര്‍ നടുത്തളത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പ്രഖ്യാപിച്ചു. ഇത് ശരിയായ രീതിയല്ലെന്ന് സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു.ഇന്ന് സഭ ചേര്‍ന്ന ഉടനെയാണ് വി ഡി സതീശന് പ്രഖ്യാപനം നടത്തിയത്. ‘കഴിഞ്ഞ കുറച്ചുദിവസങ്ങളായി സഭാ നടപടികള്‍ തടസപ്പെടുകയാണ്. പ്രശ്നം പരിഹരിച്ച് സഭാ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഒരു മുന്‍കൈയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. സര്‍ക്കാര്‍ ധാര്‍ഷ്ട്യം നിറഞ്ഞ നിലപാടാണ് സ്വീകരിക്കുന്നത്. രണ്ടു സുപ്രധാന വിഷയങ്ങളില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് പ്രതിപക്ഷത്തെ അഞ്ചു എംഎല്‍എമാര്‍ സഭയുടെ നടുത്തളത്തില്‍ അനിശ്ചിത കാല സത്യാഗ്രഹം ഇരിക്കാന്‍ തീരുമാനിച്ചതായി അറിയിക്കുന്നു’- വി ഡി സതീശന്റെ വാക്കുകള്‍.സഭാ ചട്ടങ്ങളുടെ ലംഘനമാണിതെന്ന് മന്ത്രി കെ രാജന് പറഞ്ഞു. നേരത്തെ സമാന്തര സഭ നടത്തി. ഇപ്പോള്‍ നടുത്തളത്തില്‍ സത്യാഗ്രഹം ഇരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്ന് കെ രാജന് പറഞ്ഞു. ഇത് ശരിയായ രീതിയല്ലെന്ന് സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു. നേരത്തെ സ്പീക്കറെ അവഹേളിക്കുന്ന രീതിയില്‍ സമാന്തര സ്പീക്കര്‍ ഉണ്ടാക്കി മോക്ക് സഭ നടത്തി. വീണ്ടും സഭാ സമ്മേളനം നടത്തിക്കില്ല എന്ന രീതിയിലാണ് പ്രതിപക്ഷം പെരുമാറുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.