ചൊവ്വാഴ്ച വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് കര്‍ണാടക സ്റ്റേറ്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ട കത്തില്‍ സംസ്ഥാന സര്‍ക്കാറിലെ അഴിമതിക്കെതിരെ ബുദ്ധിപൂര്‍വം വോട്ടുചെയ്യേണ്ട സന്ദര്‍ഭമാണിതെന്ന് അവര്‍ പറഞ്ഞു.മറ്റൊരു കത്തുകൂടി അയക്കുന്നു എന്ന് സൂചിപ്പിച്ചാണ് കരാറുകാരുടെ സംഘടന ചൊവ്വാഴ്ച രംഗത്തുവന്നത്. കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിലെ ഭരണപക്ഷ എം.എല്‍.എമാര്‍ കരാറുകാരില്‍നിന്ന് 40 ശതമാനം വരെ കമീഷന്‍ തുക കൈപ്പറ്റുന്നതായി ചൂണ്ടിക്കാട്ടി 2021ല്‍ പ്രധാനമന്ത്രിക്ക് ഇവര്‍ കത്തെഴുതിയിരുന്നു. എന്നാല്‍, ഇതിന് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടായില്ല. പിന്നീട്, ഗ്രാമീണ വികസന മന്ത്രിയായിരുന്ന കെ.എസ്. ഈശ്വരപ്പക്കെതിരെ കമീഷന്‍ ആരോപണം ഉന്നയിച്ച് കരാറുകാരനായ ബി.ജെ.പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്യുകയും ഈശ്വരപ്പക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വരുകയും ചെയ്തിരുന്നു.സംസ്ഥാനത്ത് അഴിമതി അതിന്റെ ഉച്ചസ്ഥായിയിലാണെന്ന് കരാറുകാര്‍ പുതിയ കത്തില്‍ ചൂണ്ടിക്കാട്ടി. ഈ കത്ത് പങ്കുവെച്ച കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്, ബി.ജെപിയുടെ 40 ശതമാനം കമീഷന്‍ സര്‍ക്കാറിനെതിരായ കരാറുകാരുടെ പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു മറുപടിയും നല്‍കിയില്ലെന്നും ബുധനാഴ്ച കര്‍ണാടകയിലെ ജനങ്ങള്‍ മോദിക്ക് മറുപടി പറയുമെന്നും ട്വിറ്ററില്‍ കുറിച്ചു.