രാഹുല്‍ ഗാന്ധിയുടെ ഈ ചോദ്യത്തിന് ഉത്തരം കാണാന്‍ മോദി എടുത്തത് 6 വര്‍ഷം, 6 മാസം, 10 ദിവസം

0

2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരിഹാസം.’1000 രൂപ നോട്ടുകള്‍ക്ക് പകരം 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയാല്‍ കള്ളപ്പണം പൂഴ്ത്തിവെക്കുന്നത് എങ്ങനെയാണ് തടയാന്‍ കഴിയുക’ എന്ന് നോട്ട് നിരോധനത്തിന്റെ തൊട്ടുത്ത ദിവസമായ 2016 നവംബര്‍ ഒമ്ബതിന് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ചോദിച്ചിരുന്നു. പ്രധാനമന്ത്രിയോട് ഒരു ചോദ്യം എന്ന മുഖവുരയോടെയായിരുന്നു ഈ ട്വീറ്റ്. ഇതിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് പവന്‍ ഖേര ഇന്ന് മോദിക്കെതിരെ രംഗത്തുവന്നത്.'(രാഹുല്‍ ഗാന്ധി അന്ന് ഉന്നയിച്ച) ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ വിശ്വഗുരു ആകെ ആറു വര്‍ഷവും ആറു മാസവും പത്തു ദിവസവും എടുത്തു’ എന്നായിരുന്നു പവന്‍ ഖേരയുടെ ട്വീറ്റ്.2000 രൂപ നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന റിസര്‍വ് ബാങ്ക് അറിയിപ്പ് വെള്ളിയാഴ്ച വൈകീട്ടാണ് പുറത്തുവന്നത്. നിലവില്‍ വിനിമയത്തിലുള്ള നോട്ടുകളുടെ നിയമസാധുത തുടരും. മറ്റ് മൂല്യങ്ങളിലുള്ള കറന്‍സി നോട്ടുകള്‍ വിനിമയത്തില്‍ ആവശ്യമായ തോതില്‍ ലഭ്യമായതോടെയാണ് 2000 നോട്ട് പിന്‍വലിക്കുന്നതെന്ന് ആര്‍.ബി.ഐ പറയുന്നു.2000 നോട്ടുകള്‍ വിതരണം ചെയ്യുന്നത് ഉടന്‍ നിര്‍ത്തണമെന്ന് ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ വിനിമയത്തിലുള്ള 2000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും 2023 സെപ്റ്റംബര്‍ 30 വരെ സമയം നല്‍കിയിട്ടുണ്ട്. ഇതിനായി മേയ് 23 മുതല്‍ സൗകര്യമൊരുക്കും. ഒറ്റത്തവണ മാറ്റിയെടുക്കാവുന്ന പരമാവധി തുക 20,000 രൂപ മാത്രമാണ്.2018-19 സാമ്ബത്തിക വര്‍ഷം മുതല്‍ 2000 രൂപ നോട്ടിന്‍റെ അച്ചടി റിസര്‍വ് ബാങ്ക് അവസാനിപ്പിച്ചിരുന്നു. മാര്‍ച്ച്‌ 31ലെ കണക്ക് പ്രകാരം ആകെ പ്രചാരത്തിലുള്ള കറന്‍സി നോട്ടുകളുടെ മൂല്യത്തില്‍ 10.8 ശതമാനം മാത്രമേ 2000 രൂപ നോട്ടുകള്‍ ഉള്ളൂ. സാധാരണ ഇടപാടുകള്‍ക്ക് 2000 രൂപ ഉപയോഗിക്കുന്നത് വളരെ കുറവാണെന്നും ആര്‍.ബി.ഐ നിരീക്ഷിക്കുന്നു. നിലവിലുള്ള 2000 നോട്ടുകളില്‍ 89 ശതമാനവും 2017 മാര്‍ച്ചിന് മുമ്ബ് അച്ചടിച്ചതാണ്. നാല് മുതല്‍ അഞ്ച് വര്‍ഷം വരെയാണ് നോട്ടുകളുടെ കാലാവധി നിശ്ചയിച്ചതെന്നും ഇത് പൂര്‍ത്തിയായതാണ് പിന്‍വലിക്കാനുള്ള ഒരു കാരണമെന്നും ആര്‍.ബി.ഐ പറയുന്നു.2016 നവംബര്‍ എട്ടിന് 500, 1000 രൂപയുടെ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയിരുന്നു. അന്ന് രാത്രി 8.15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭായോഗത്തിനു ശേഷം രാജ്യത്തെ ടെലിവിഷന്‍ വഴി അഭിസംബോധന ചെയ്താണ് നോട്ടുനിരോധനം പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെയാണ് 2,000 രൂപയുടെയും 500 രൂപയുടെയും പുതിയനോട്ടുകള്‍ രാജ്യത്ത് പുറത്തിറക്കിയത്. കള്ളനോട്ടിന്‍റെയും കള്ളപ്പണത്തിന്‍റെയും ഉപയോഗം ഇല്ലാതാവുമെന്നും അഴിമതി കുറയുമെന്നും അവകാശപ്പെട്ടായിരുന്നു നോട്ടുനിരോധനം.

You might also like

Leave A Reply

Your email address will not be published.