ദോഹ: ഖത്തറിലെ ഡിസ്ട്രിക്ട് ടോസ്റ്റ്മാസ്‌റ്റേഴ്‌സ് വാര്‍ഷിക സമ്മേളനം മെയ് 26, 27 തിയ്യതികളില്‍ ദോഹയിലെ പുള്‍മാന്‍ ഹോട്ടല്‍ വെസ്റ്റ് ബേയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
യു എസ് എയിലെ ഏംഗല്‍വുഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് 144 രാജ്യങ്ങളിലായി 14,700-ലധികം ക്ലബ്ബുകളിലായി 270,000ലേറെ അംഗങ്ങളുണ്ട്.
ഖത്തറില്‍ മുതിര്‍ന്നവര്‍ക്കായി 119-ലധികം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബുകളും കുട്ടികള്‍ക്കായി 14 ഗാവല്‍ ക്ലബ്ബുകളും ഉണ്ട്. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 2100-ലധികം അംഗങ്ങള്‍, വൈവിധ്യമാര്‍ന്ന പ്രൊഫഷണല്‍, സാംസ്‌കാരിക പശ്ചാത്തലങ്ങളില്‍ നിന്നുള്ളവര്‍ ആശയവിനിമയവും നേതൃത്വ നൈപുണ്യവും വര്‍ധിപ്പിക്കാനും അതുവഴി ഖത്തറിന്റെ ബൗദ്ധിക ഘടനയ്ക്ക് സംഭാവന നല്‍കാനും ഉപയോഗിക്കുന്നു.
ഡിസ്ട്രിക്ട് ടോസ്റ്റ് മാസ്‌റ്റേഴ്‌സ് വാര്‍ഷിക സമ്മേളനത്തില്‍ 20 ദേശീയതകളെ പ്രതിനിധീകരിച്ച് 500-ലധികം പേര്‍ പങ്കെടുക്കും. പബ്ലിക് സ്പീക്കിംഗിന്റെ ലോക ചാമ്പ്യന്‍ സിറില്‍ ജൂനിയര്‍ ഡിം മുഖ്യ പ്രഭാഷണവും ഫലപ്രദമായ ആശയവിനിമയത്തെക്കുറിച്ചുള്ള പരിശീലന സെഷനുകളും നടത്തും. ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ദീപക് മേനോന്‍ പ്രസംഗിക്കും.
ഖത്തറിലെ മികച്ച സ്പീക്കര്‍മാരെ തെരഞ്ഞെടുക്കാന്‍ നാല് വിഭാഗങ്ങളിലായി പ്രസംഗ മത്സരങ്ങള്‍ അരങ്ങേറും.ഇതിലെ വിജയിക്ക് അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഇംഗ്ലീഷിനും അറബിക്കിനും പുറമേ തമിഴ്, മലയാളം ഭാഷകളില്‍ മത്സരങ്ങള്‍ നടക്കും.
വാര്‍ത്താ സമ്മേളത്തില്‍ ഡിസ്ട്രിക്ട് ടോസ്റ്റ് മാസ്‌റ്റേഴ്‌സ് വാര്‍ഷിക സമ്മേളനം ചെയര്‍മാന്‍ ഖാലിദ് അല്‍- അഹമ്മദ് ഹംദാന്‍, ഡയറക്ടര്‍ രാജേഷ് വി സി, പ്രോഗ്രാം ക്വാളിറ്റി ഡയറക്ടര്‍ രവിശങ്കര്‍ ജെ, ക്ലബ് ഗ്രോത്ത് ഡയറക്ടര്‍ സബീന എം കെ, എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് മാനേജര്‍ ബിന്ദു പിള്ള, സ്‌പോണ്‍സര്‍ഷിപ്പ് മാനേജര്‍ ദേവകിനന്ദന്‍, ജില്ലാ അഡ്മിന്‍ മാനേജര്‍ അപര്‍ണ രഹ്നിഷ്, ഡി ടി എ സി സെക്രട്ടറി നജ്ല ആസാദ് പ്രൊജക്ട് മാനേജര്‍ മഷൂദ് വി സി, അഭിന, ശബരി പ്രസാദ്, ഇമാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.