എം എച്ച് സുധീർ ജമാഅത്ത് കൗൺസിൽ ജനറൽ സെക്രട്ടറി
ഇസ്‌ലാം നിശ്ചയിച്ച പുണ്യ കര്‍മങ്ങളില്‍ ഒന്നാണ് ബലികര്‍മം. അഥവാ നാഥന്റെ പ്രീതിക്കു വേണ്ടി കന്നുകാലികളെ അറുത്ത് മാംസം ദരിദ്രര്‍ക്ക് നല്കുന്നതാണ് ഈ കര്‍മം. ദുല്‍ഹിജ്ജ മാസം 10,11,12,13 ദിവസങ്ങളില്‍ അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി പ്രത്യേക നിബന്ധനകളോടെ മൃഗത്തെ അറുക്കപ്പെടുന്ന കര്‍മത്തിനാണ് ഉള്ഹിയ്യത്തെന്ന് പറയുന്നത്. ഖുര്‍ആനും സുന്നത്തും ഇതിനെ പ്രേരിപ്പിക്കുന്നു. ഖുര്‍ആന്‍ പറയുന്നു: ”നബിയേ താങ്കളുടെ നാഥനു വേണ്ടി നിസ്‌കരിക്കുകയും അറവ് നടത്തുകയും ചെയ്യുക.” (കൗസര്‍)
നബി(സ) പറയുന്നു: ‘ബലി പെരുന്നാളില്‍ അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചു കൊണ്ടുള്ള ബലിയേക്കാള്‍ അവന് ഇഷ്ടമുള്ള ഒരു കാര്യവുമില്ല.
നൂറ് ഒട്ടകത്തെ നബി(സ) ബലി ദാനം ചെയ്തിട്ടുണ്ട്. അതില്‍ അറുപത്തിമൂന്നെണ്ണം നബി(സ) സ്വന്തം കൈ കൊണ്ട് തന്നെയാണ് അറുത്തത്. ബാക്കി മുപ്പത്തി ഏഴ് ഒട്ടകങ്ങളെ അറുക്കാന്‍ അലി(റ) യെ ഏല്‍പിച്ചു.
ഉള്ഹിയ്യത്ത് പ്രധാനപ്പെട്ട ഇബാദത്ത് ആകുന്നു.
ആട്, മാട്, ഒട്ടകം എന്നിവയെയാണ് ബലിയറുക്കേണ്ടത്. ഒട്ടകമാണെങ്കില്‍ അഞ്ചു വയസ്സും മാട് രണ്ട് വയസ്സും ആട് ഒരു വയസ്സും പൂര്‍ത്തിയായവ മാത്രമേ അറുക്കാന്‍ പാടുള്ളൂ. രോഗ ബാധയുള്ളതോ പ്രകടമായ ന്യൂനതകള്‍ ഉള്ളതോ ആയ മൃഗങ്ങളെ ബലിക്കായി ഉപയോഗിക്കരുത്. “നബി(സ്വ) യോട് ഇപ്രകാരം ചോദിക്കപ്പെട്ടു: ഉളുഹിയത്ത് അറുക്കപ്പെടുന്നവയില്‍ മാറ്റി നിര്‍ത്തേണ്ടവ ഏതൊക്കെ? അപ്പോള്‍ അവിടുന്ന് പറഞ്ഞു: നാല് ഇനങ്ങളാണവ. പ്രകടമായ മുടന്തുള്ളവ, പ്രകടമായ കണ്ണ് കേടുള്ളവ, പ്രകടമായ രോഗബാധയേറ്റവ, മജ്ജ നഷ്ടപ്പെട്ട് മെലിഞ്ഞൊട്ടിയവ”
(അഹ്മദ്).
ബലിമൃഗത്തിന് വലിയ വില വന്നേക്കാം. അതിനാല്‍ ബലിമൃഗത്തില്‍ പണം നല്കി പങ്കാളികളായി ഒന്നിച്ച് അറുക്കുവാന്‍ ഇസ്‌ലാം അനുവദിക്കുന്നു. എന്നാല്‍ ഒട്ടകം, മാട് തുടങ്ങിയവയില്‍ മാത്രമേ പങ്കാളിത്തം പാടുള്ളൂ. ഇവയില്‍ ഏഴു പങ്കാളികള്‍ വരെയാവാം. ആടാണ് ബലിമൃഗമെങ്കില്‍ പങ്കാളികള്‍ ഉണ്ടാവാന്‍ പാടില്ല.
ബലിപെരുന്നാള്‍ നമസ്കാര ശേഷമാണ് ബലികര്‍മം ചെയ്യേണ്ട സമയം ആരംഭിക്കുന്നത്.
പ്രവാചകന്‍(സ്വ) പറഞ്ഞു: “നമ്മുടെ ഈ ദിവസം തുടങ്ങുന്നത് പെരുന്നാള്‍ നമസ്കാരം കൊണ്ടാണ്. അത് നിര്‍വഹിച്ച് മടങ്ങിയ ശേഷം ബലികര്‍മ്മം നിര്‍വഹിക്കുകയും ചെയ്യും. ആരെങ്കിലും ഇതു പോലെ ചെയ്താല്‍ അവന്‍ നമുടെ ചര്യ പിന്തുടര്‍ന്നിരിക്കുന്നു. എന്നാല്‍ ആരെങ്കിലും പെരുന്നാള്‍ നമസ്കാരത്തിന് മുന്‍പായി അറുത്താല്‍ അത് തന്‍റെ കുടുംബത്തിന് ഇറച്ചിക്ക് വേണ്ടിയുള്ള ഒരു കാര്യം മാത്രമാണ്. അതൊരിക്കലും ഉളുഹിയ്യത്തായി പരിഗണിക്കപ്പെടുകയില്ല” (ബുഖാരി).
ബലിമാംസത്തില്‍ നിന്ന് അറുത്ത വ്യക്തി ഭക്ഷിക്കുകയും പാവപ്പെട്ടവര്‍ക്കും അഗതികള്‍ക്കും വിതരണം ചെയ്യുകയും വേണം. മൂന്നിലൊന്ന് മാംസം വരെ അറുത്ത വ്യക്തിക്ക് എടുക്കാവുന്നതാണ്.
ബലിയറുക്കുവാന്‍ ഉദ്ദേശിക്കുന്ന വ്യക്തി ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടാല്‍ അറവ് കഴിയുന്നതു വരെ നഖമോ മുടിയോ വെട്ടാതിരിക്കുന്നതാണ് സുന്നത്ത്. നബി(സ്വ) പറഞ്ഞു: “നിങ്ങള്‍ ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടാല്‍ ഉളുഹിയ്യത്ത് അറുക്കാന്‍ ഉദ്ദേശിക്കുന്നവരാണ് എങ്കില്‍, അവര്‍ അവരുടെ മുടിയും നഖവും നീക്കം ചെയ്യാതിരിക്കട്ടെ”
(മുസ്‌ലിം).
കർമ്മം സൂക്ഷ്മത പാലിക്കു പ്രതിഫലം കരസ്ഥമാക്കു