ഇക്കൊല്ലത്തെ പരിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് ശേഷം മക്കയിലെ വിശുദ്ധ കഅബ കഴുകൽ ചടങ്ങ് ഇന്ന് ( 02/08/23)നടന്നു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെ പ്രതിനിധികരിച്ച് മക്ക ഡെപ്യൂട്ടി ഗവർണർ ബദർ ബിൻ സുൽത്താൻ രാജകുമാരൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഇരു ഹറം കാര്യാലയ മേധാവി ശൈഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസ്, ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും വന്ന വിശിഷ്ടാതിഥികൾ, നയതന്ത്ര പ്രതിനിധികൾ എന്നിവരും സംബന്ധിച്ചു.

പനിനീർ കലർത്തിയ വിശുദ്ധ സംസം ജലം ഉപയോഗിച്ചാണ് കഅബയുടെ അകം കഴുകിയത്. തുടർന്ന് ഊദ് ഓയിലും റോസ് ഓയിലും ഉപയോഗിച്ച് കഅബാലയത്തിൽ സുഗന്ധം പൂശുകയും ചെയ്തു.ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയും കഅബ കഴുകൽ ചടങ്ങിൽ പങ്കെടുത്തു. പരിശുദ്ധ മക്കയിലെ കഅബ കഴുകൽ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചത് വലിയ അനുഗ്രഹമായാണ് കാണുന്നതെന്നും ഈ ക്ഷണത്തിന് സൗദി ഭരണാധികാരികളോട് നന്ദി പ്രകടിപ്പിക്കുന്നുവെന്നും യൂസഫലി പറഞ്ഞു