പങ്കാളിത്തം കൊണ്ടും വേദിയുടെ വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമായി ഹഡില്‍ ഗ്ലോബല്‍ അഞ്ചാം പതിപ്പ്;സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുതുവഴി തുറന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

0

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമമായ ഹഡില്‍ ഗ്ലോബല്‍ അഞ്ചാം പതിപ്പ് സ്റ്റാര്‍ട്ടപ്പുകളുടേയും നിക്ഷേപകരുടേയും പങ്കാളിത്തം കൊണ്ടും വേദിയുടെ വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമായി. വിഴിഞ്ഞം അടിമലത്തുറ ബീച്ചില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഹഡില്‍ ഗ്ലോബലില്‍ 3000 ത്തിലധികം സ്റ്റാര്‍ട്ടപ്പുകളും കോര്‍പ്പറേറ്റുകളും നിക്ഷേപകരും പങ്കെടുത്തു. സംരഭകത്വവും നൂതനത്വവും കൂടുതല്‍ ജനാധിപത്യവത്കരിക്കുന്നതിന്‍റെ ഭാഗമായാണ് നഗരത്തില്‍ നിന്നു മാറി അടിമലത്തുറ പോലെയൊരു തീരഗ്രാമത്തില്‍ ഹഡില്‍ ഗ്ലോബല്‍ ഉച്ചകോടി സംഘടിപ്പിച്ചത്.പതിനായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുത്ത ഉച്ചകോടിയില്‍ നൂതന ആശയങ്ങളും ഉത്പന്നങ്ങളുമുള്ള 250 ഓളം സ്റ്റാര്‍ട്ടപ്പുകള്‍ നിക്ഷേപകരുമായി പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടത്തി. ഇതില്‍ 50 ഓളം സ്റ്റാര്‍ട്ടപ്പുകളുമായി തുടര്‍ചര്‍ച്ചകള്‍ക്കും നിക്ഷേപകര്‍ തയ്യാറാണ്. നിക്ഷേപകരെ സ്റ്റാര്‍ട്ടപ്പ് മേഖലയിലേക്ക് ആകര്‍ഷിക്കുക, കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് മേഖലയെ ഉന്നതിയിലേക്ക് എത്തിക്കുക, നൂതന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഉല്പന്നങ്ങളും സേവനങ്ങളും വന്‍തോതില്‍ ലഭ്യമാക്കുന്ന ആഗോളകേന്ദ്രമാക്കി കേരളത്തെ മാറ്റുക തുടങ്ങിയവ ലക്ഷ്യമാക്കിയാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഹഡില്‍ ഗ്ലോബല്‍ സംഘടിപ്പിച്ചത്. നവംബര്‍ 16 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സംഗമം ഉദ്ഘാടനം ചെയ്തത്.

നൂറോളം മാര്‍ഗനിര്‍ദേശകര്‍ പങ്കെടുത്ത ഹഡില്‍ ഗ്ലോബലിന്‍റെ ഭാഗമായുള്ള മെന്‍റര്‍ഷിപ്പ് പ്രോഗ്രാമിലൂടെ 185 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രയോജനം ലഭിച്ചു. ഇന്‍വെസ്റ്റര്‍ ഓപ്പണ്‍ പിച്ചിലൂടെ 42 സ്റ്റാര്‍ട്ടപ്പുകള്‍ക്കും പിച്ച്-ഇറ്റ്-റൈറ്റ് പരിപാടിയിലൂടെ 150 സ്റ്റാര്‍ട്ടപ്പുകള്‍ക്കുമാണ് നിക്ഷേപകര്‍ക്കു മുന്നില്‍ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത്. ടൈഗഴ്സ് ക്ലോ പരിപാടിയില്‍ ഫുഡ് ആന്‍ഡ് അഗ്രി-ടെക് മേഖലയിലെ ഏഴ് സംരംഭകര്‍ നിക്ഷേപകരുമായി സംവദിച്ചു. ഹഡില്‍ ഗ്ലോബലില്‍ പങ്കെടുത്ത 27-ഓളം കോഡര്‍മാരെ ആദരിച്ചു. ബ്രാന്‍ഡിംഗ് ചലഞ്ചില്‍ കേരളത്തിലെ ഗവേഷണ വികസന സ്ഥാപനങ്ങളില്‍ നിന്ന് 15-ഓളം ഫുഡ്ടെക് ഇന്നൊവേഷനുകളെ തിരഞ്ഞെടുത്തു.കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആദ്യമായി സംഘടിപ്പിച്ച സൂപ്പര്‍ കോഡേഴ്സ് ചലഞ്ചിനു പുറമെ മാര്‍ക്കറ്റിംഗ് മാഡ്നെസ്, സൂപ്പര്‍ കോഡേഴ്സ്, ഫൗണ്ടേഴ്സ് മീറ്റ്, പാര്‍ട്ണര്‍ ഇന്‍ ഗ്രോത്ത്, ഇംപാക്റ്റ് 50, ബ്രാന്‍ഡിംഗ് ചലഞ്ച്, ഹഡില്‍ സ്പീഡ് ഡേറ്റിംഗ്, ബില്‍ഡ് ഇറ്റ് ബിഗ്, ടൈഗര്‍സ് ക്ലോ, സണ്‍ ഡൗണ്‍ ഹഡില്‍ എന്നീ സെഷനുകളും സംഗമത്തെ ആകര്‍ഷകമാക്കി. രാജേഷ് സെഹ്ഗാള്‍ (ഇക്വാനിമിറ്റി), നകുല്‍ സക്സേന എന്നിവരുടെ അനുഭവങ്ങളും നിര്‍ദേശങ്ങളുമടങ്ങിയ ഏഞ്ചല്‍ ഇന്‍വെസ്റ്റ്മെന്‍റ് ക്ലാസുകള്‍ സ്റ്റാര്‍ട്ടപ്പ് മേഖലയിലേക്ക് പുതുതായി എത്തുന്നവര്‍ക്ക് ആവേശമായി. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരുമായി സംവദിക്കാന്‍ സഹായകമായ പാനല്‍ ചര്‍ച്ചകളും ഹഡില്‍ ഗ്ലോബലിന്‍റെ ആകര്‍ഷണമായിരുന്നു.റോബോട്ടിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ഓഗ്മെന്‍റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ലൈഫ് സയന്‍സസ്, സ്പേസ് ടെക്, ബ്ലോക്ക് ചെയിന്‍, ഐഒടി, ഇ- ഗവേണന്‍സ്, ഫിന്‍ടെക്, ഹെല്‍ത്ത്ടെക്, അഗ്രിടെക്, എഡ്യൂടെക്, സോഫ്റ്റ് വെയര്‍ ആസ് സര്‍വീസ് തുടങ്ങി വളര്‍ന്നുവരുന്ന മേഖലകളില്‍ നിന്നുള്ള അത്യാധുനിക ഉത്പന്നങ്ങളും സ്റ്റാര്‍ട്ടപ്പ് സംഗമത്തില്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 120 ലധികം സ്റ്റാര്‍ട്ടപ്പുകളുടെ നൂതന ഉത്പന്നങ്ങളാണ് സ്റ്റാര്‍ട്ടപ്പ് എക്സ്പോയില്‍ അവതരിപ്പിച്ചത്.സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, ഹെഡ്സ്റ്റാര്‍ട്ട്, ടൈ കേരള, ജിടെക്, സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റ്, ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി, ടെക്നോപാര്‍ക്ക് ടുഡേ എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ 300 ലധികം എച്ച്എന്‍ഐകള്‍, 100 ലധികം മാര്‍ഗനിര്‍ദേശകര്‍, 150 ലധികം കോര്‍പ്പറേറ്റുകള്‍, 150 ലധികം പ്രഭാഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 68 സര്‍ക്കാര്‍ സ്ഥാപനങ്ങളും 158 സര്‍ക്കാര്‍ പ്രതിനിധികളും ഇതിന്‍റെ ഭാഗമായുണ്ടായിരുന്നു. 250 ലധികം ഇന്‍വെസ്റ്റ് മീറ്റുകള്‍, 80 ലധികം സെഷനുകള്‍ എന്നിവയും ഹഡില്‍ ഗ്ലോബലിനെ ശ്രദ്ധേയമാക്കി. തിരുവനന്തപുരത്തെ എമര്‍ജിംഗ് ടെക്നോളജി ഹബ്ബായി ഉയര്‍ത്താന്‍ പഠനങ്ങളുമായി മുന്നോട്ടുപോകാനുള്ള ധാരണാപത്രത്തില്‍ പ്രൊഫഷണല്‍ സേവന സ്ഥാപനമായ ഗ്രാന്‍റ് തോണ്‍ടണുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഒപ്പുവച്ചു.

You might also like

Leave A Reply

Your email address will not be published.