പൊരുതുന്ന പലസ്തീൻ ജനതയോടുള്ള കേരളത്തിന്റെ ഐക്യദാർഢ്യം ലോകത്തെ അറിയിക്കുക കൂടിയാണ് രാജ്യാന്തര ചലച്ചിത്ര മേളയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപൂർവ്വം ചലച്ചിത്ര മേളകൾക്ക് മാത്രമേ ഇത്തരമൊരു സവിശേഷത അവകാശപ്പെടാനാകൂ. കെനിയയിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുന്ന വനൂരി കഹിയുവിനെ സ്പിരിറ്റ് ഓഫ് സിനിമാ അവാർഡ് നൽകി ആദരിക്കുന്നതിലൂടെ നമ്മുടെ നിലപാട് കൂടിയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

മൗമ്മോ ലഹളപോലെ അധിനിവേശവിരുദ്ധ ചരിത്രത്തിൽ സുവർണലിപികളിൽ എഴുതപ്പെട്ട നിരവധി പോരാട്ടങ്ങളാൽ സമ്പന്നമാണ് കെനിയയുടെ ചരിത്രം. അധിനിവേശ ശക്തികൾ കെനിയയിൽ നിന്ന് ഒഴിഞ്ഞു പോയിട്ടും കൊളോണിയലിസത്തിന്റെ ശേഷിപ്പുകൾ ആ മണ്ണിൽ ഇനിയും അവശേഷിക്കുന്നുണ്ട്. അത്തരം വിലക്കുകളെയും എതിർപ്പുകളെയും അവയോട് പടവെട്ടി മുന്നേറുന്ന സാമൂഹ്യപ്രതിബദ്ധതയുള്ള കലാകാരിയാണ് വനൂരി കഹിയു. ഇത്തരം കലാപ്രവർത്തകരെ ആദരിക്കുക വഴി ഈ ചലച്ചിത്രോത്‌സവവും നമ്മുടെ നാടും ആർക്കൊപ്പമാണ് നില കൊള്ളുന്നത് എന്നുകൂടി വ്യക്തമാക്കുകയാണന്നും അദ്ദേഹം പറഞ്ഞു.

