‘സി സ്പേസ്’ മലയാള സിനിമയുടെ വളര്‍ച്ചയിലെ നിര്‍ണായക ചുവടുവയ്പ്: മുഖ്യമന്ത്രി

0
തിരുവനന്തപുരം: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യത്തെ ഒടിടി പ്ലാറ്റ് ഫോമായ ‘സി സ്പേസ്’ അവതരിപ്പിച്ച് കേരളം. തിരുവനന്തപുരം കൈരളി തിയേറ്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ‘സി സ്പേസി’ന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
മലയാള സിനിമയുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്ന നിര്‍ണായക ചുവടുവയ്പാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലാഭം മാത്രം ലക്ഷ്യമിട്ട് സ്വകാര്യ ഒടിടി പ്ലാറ്റ് ഫോമുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ കലാമൂല്യമുള്ള സിനിമകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കാനുള്ള ദൗത്യമാണ് സി സ്പേസിലൂടെ കേരളം ഏറ്റെടുക്കുന്നത്. ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്ന ഭാഷയെ പ്രതിനിധീകരിക്കുന്ന സിനിമകളാണ് കമ്പോള താത്പര്യമുള്ള ഒടിടികള്‍ കൂടുതലായി പ്രദര്‍ശിപ്പിക്കുന്നത്. അതേസമയം കലാമൂല്യമുള്ള മികച്ച ചിത്രങ്ങള്‍ക്ക് വേദിയൊരുക്കുകയാണ് സി സ്പേസ് ചെയ്യുന്നത്. സിനിമയ്ക്കൊപ്പം മലയാള ഭാഷയ്ക്കും സംസ്കാരത്തിനുമുള്ള പ്രോത്സാഹനമെന്ന ബഹുമുഖ ലക്ഷ്യം കൂടിയാണ് ഇതുവഴി സാധ്യമാകുകയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.സിനിമാ വിപണിയിലെ ഏറ്റവും പുതിയ സാങ്കേതിക മാറ്റങ്ങളെ ഉള്‍ക്കൊണ്ടു കൊണ്ടാണ് ഒടിടി പ്ലാറ്റ് ഫോം എന്ന ആശയത്തിലേക്ക് കേരളം എത്തിയത്. ഈ ഒടിടിയുടെ വളര്‍ച്ചയിലൂടെ ഭാവിയില്‍ മലയാള സിനിമ കൂടുതല്‍ മികച്ച രീതിയില്‍ അടയാളപ്പെടുത്തപ്പെടുമെന്ന പ്രത്യാശയും മുഖ്യമന്ത്രി പങ്കുവച്ചു. തിയേറ്ററുകളില്‍ റിലീസ് ചെയ്ത സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കാനുള്ള സി സ്പേസിന്‍റെ തീരുമാനം നിര്‍മ്മാതാക്കള്‍ക്കും തിയേറ്റര്‍ ഉടമകള്‍ക്കും ഒപ്പം നില്‍ക്കുന്ന നടപടിയാണെന്നും സിനിമാ മേഖലയിലെ എല്ലാവരുടെയും ക്ഷേമമാണ് സി സ്പേസ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.കലാമേന്‍മയുള്ളതും ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയതും ശ്രദ്ധേയ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചവയുമായ മലയാള ചിത്രങ്ങള്‍ സി സ്പേസില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കലകളെയും കലാകാരന്‍മാരെയും പ്രോത്സാഹിപ്പിക്കുകയെന്ന സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായാണ് ഒടിടി പ്ലാറ്റ് ഫോമിന് രൂപം നല്‍കിയതെന്നും മന്ത്രി പറഞ്ഞു.കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ് (കെഎസ്എഫ് ഡിസി) സി സ്പേസിന്‍റെ നിര്‍വ്വഹണച്ചുമതല. കാണുന്ന സിനിമയ്ക്ക് മാത്രം പണം നല്‍കുക എന്ന വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന സി സ്പേസില്‍ ഒരു സിനിമ 75 രൂപയ്ക്ക് കാണാം. സി സ്പേസില്‍ സ്ട്രീം ചെയ്യുന്ന 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രത്തിന് 40 രൂപയും 30 മിനിറ്റുള്ളവയ്ക്ക് 30 രൂപയും 20 മിനിറ്റുള്ളവയ്ക്ക് 20 രൂപയുമാണ് ഈടാക്കുക. ഈടാക്കുന്ന തുകയുടെ പകുതി തുക നിര്‍മ്മാതാവിന് ലഭിക്കും. പ്ലേ സ്റ്റോറും ആപ്പ് സ്റ്റോറും വഴി സി സ്പേസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍, ആന്‍റണി രാജു എം.എല്‍.എ, മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ലാഭവിഹിതത്തിലെയും കാഴ്ചക്കാരുടെ എണ്ണത്തിലെയും സുതാര്യതയും അത്യാധുനിക സാങ്കേതികമികവുമാണ് സി സ്പേസിന്‍റെ മുഖമുദ്രയെന്ന് കെഎസ്എഫ് ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ പറഞ്ഞു. നിര്‍മ്മാതാക്കള്‍ക്ക് അവരുടെ സിനിമകള്‍ കാണുന്ന പ്രേക്ഷകരുടെ പിന്തുണയിലൂടെ നിര്‍മ്മാണച്ചെലവ് തിരിച്ചുപിടിക്കാനുള്ള അവസരം നല്‍കിക്കൊണ്ട് ക്രൗഡ് ഫണ്ടിംഗില്‍ പുതിയ സമ്പ്രദായം ആരംഭിക്കാനാണ് സി സ്പേസ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി സ്പേസിലേക്കുള്ള സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനും അംഗീകരിക്കുന്നതിനുമായി ചലച്ചിത്രപ്രവര്‍ത്തകരായ സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, സണ്ണി ജോസഫ്, ജിയോ ബേബി, എഴുത്തുകാരായ ഒ.വി ഉഷ, ബെന്യാമിന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള 60 അംഗ ക്യൂറേറ്റര്‍ സമിതി കെഎസ്എഫ് ഡിസി  രൂപീകരിച്ചിട്ടുണ്ട്. സി സ്പേസിലേക്ക് സമര്‍പ്പിക്കുന്ന ഉള്ളടക്കങ്ങളുടെ കലാപരവും സാംസ്കാരികവുമായ മൂല്യം സമിതി അംഗങ്ങള്‍ വിലയിരുത്തും. ഇവര്‍ ശുപാര്‍ശ ചെയ്യുന്ന സിനിമകള്‍ മാത്രമേ പ്ലാറ്റ് ഫോമില്‍ പ്രദര്‍ശിപ്പിക്കുകയുള്ളൂ.
ആദ്യഘട്ടത്തില്‍ 42 സിനിമകളാണ് ക്യൂറേറ്റര്‍മാര്‍ തെരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ 35 ഫീച്ചര്‍ ഫിലിമുകളും 6 ഡോക്യുമെന്‍ററികളും ഒരു ഹ്രസ്വചിത്രവുമാണുള്ളത്. സിനിമയെ ഗൗരവമായി കാണുന്നവരെയും ചലച്ചിത്ര പഠിതാക്കളെയും പരിഗണിക്കുന്നതും കേരളീയ കലകളെയും സാംസ്കാരത്തെയും പ്രതിനിധീകരിക്കുന്നതുമായ ഉള്ളടക്കങ്ങളും സി സ്പേസില്‍ ഉണ്ടാകും.
സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്‍റണി, സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ എന്‍.മായ, കെഎസ്എഫ് ഡിസി എംഡി കെ.വി അബ്ദുള്‍ മാലിക്, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, ഫിയോക് പ്രസിഡന്‍റ് വിജയകുമാര്‍, കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട്, കെഎസ്എഫ് ഡിസി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ നവ്യാ നായര്‍, എം.എ നിഷാദ്, സി സ്പേസ് രൂപകല്‍പ്പന ചെയ്ത മൊബിയോട്ടിക്സ് സിഇഒ തേജ് പാണ്ഡെ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
You might also like

Leave A Reply

Your email address will not be published.