ഊട്ടി, കൊടൈക്കനാല്‍ എന്നീ വിനോദസഞ്ചാര മേഖലകള്‍ സന്ദർശിക്കണമെങ്കില്‍ ഇന്ന് മുതല്‍ ഇ-പാസ് നിർബന്ധം

0

വിനോദസഞ്ചാരികളുടെ വരവ് നിയന്ത്രിക്കുന്നതിനും നീലഗിരിയുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനുമായി മദ്രാസ് ഹൈകോടതിയാണ് ഇ-പാസ് നിർബന്ധമാക്കിയത്.

മേയ് ഏഴ് മുതല്‍ ജൂണ്‍ 30 വരെയാണ് കാലയളവ്. ജസ്റ്റിസുമാരായ ഡി ഭരത ചക്രവർത്തി, എൻ.സതീഷ് കുമാർ എന്നിവരടങ്ങിയ പ്രത്യേക ഡിവിഷൻ ബെഞ്ചാണ് ഇ-പാസ് അവതരിപ്പിച്ചത്.epass.tnega.org എന്ന വെബ്‌സൈറ്റ് വഴി ഇ-പാസിന് രജിസ്റ്റര്‍ചെയ്യാം. ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും വാണിജ്യവാഹനങ്ങള്‍ക്കും ഇ-പാസ് വേണം. വെബ്‌സൈറ്റില്‍ രജിസ്റ്റർ ചെയ്യുന്ന ടൂറിസ്റ്റ് വാഹനങ്ങളിലെയും വാണിജ്യ വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് ക്യു.ആര്‍. കോഡ് അവരുടെ മൊബൈല്‍ ഫോണില്‍ ലഭിക്കും. ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്തശേഷം മാത്രമേ കടത്തിവിടുകയുള്ളു. അപേക്ഷിക്കുന്നവര്‍ പേരും മേല്‍വിലാസവും ഫോണ്‍ നമ്ബറും നല്‍കണം. എത്രദിവസം താമസിക്കുന്നു, ഏത് വാഹനമാണ് ഉപയോഗിക്കുന്നത് എന്ന് കൃത്യമായി രേഖപ്പെടുത്തണം. വിദേശ ടൂറിസ്റ്റുകള്‍ക്ക് അവരുടെ ഇ-മെയില്‍ ഐ.ഡി. ഉപയോഗിച്ച്‌ രജിസ്റ്റര്‍ചെയ്യാം. വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കുന്നവര്‍ക്കെല്ലാം ഇ-പാസ് ലഭിക്കുമെന്ന് നീലഗിരി കളക്ടര്‍ എ. അരുണ പറഞ്ഞു.വിനോദസഞ്ചാരികളുടെ ആധിക്യം മേഖലയില്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നുവെന്ന ഹരജിയിലാണ് കോടതി നടപടി. ഇവിടെ എത്തുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും വിവരങ്ങള്‍ ശേഖരിക്കാൻ ഇ-പാസ് സംവിധാനം ജില്ലാ ഭരണകൂടങ്ങളെ സഹായിക്കുമെന്നും ഇത് അവലോകനം ചെയ്ത് ഭാവിയില്‍ നിയന്ത്രണം ഏർപ്പെടുത്തുമെന്നും ഹൈകോടതി ഉത്തരവില്‍ പറഞ്ഞു. ചെക്ക്‌പോസ്റ്റുകള്‍ക്ക് സമീപം മണിക്കൂറുകളോളം വാഹനങ്ങള്‍ നില്‍ക്കുന്നത് ഒഴിവാക്കാനും ഇന്ധനം ലാഭിക്കാനും കാർബണ്‍ ബഹിർഗമനം തടയാനും ഇത് സഹായിക്കും.ഒരു വാഹനത്തിന് ഒരു ഇ-പാസ് മതിയാകും. ഒരുതവണ ഇ-പാസിന് രജിസ്റ്റര്‍ചെയ്ത് യാത്ര പൂര്‍ത്തിയാക്കിയ വാഹനത്തിന് വീണ്ടും ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്ക് പോകണമെങ്കില്‍ വീണ്ടും ഇ-പാസെടുക്കണം. എട്ട് ചെക്ക് പോസ്റ്റുകളിലൂടെ പ്രതിദിനം 20,000 വാഹനങ്ങള്‍ (11,500 കാറുകള്‍, 1,300 വാനുകള്‍, 600 ബസുകള്‍, 6,500 ഇരുചക്രവാഹനങ്ങള്‍) നീലഗിരിയിലേക്ക് പ്രവേശിക്കുന്നുവെന്ന് സംസ്ഥാന സർക്കാറിന്‍റെ റിപ്പോർട്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മദ്രാസ് ഹൈകോടതി ഇ-പാസ് നിർബന്ധമാക്കിയത്. സര്‍ക്കാർ ബസുകളില്‍ പോകുന്നവര്‍ക്ക് ഇ-പാസിന്റെ ആവശ്യമില്ല. പ്രദേശവാസികളെ ഈ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

You might also like

Leave A Reply

Your email address will not be published.