പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് ഈ കാലഘട്ടത്തിൽ വേണ്ടതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വഴുതക്കാട് വനം ആസ്ഥാനത്ത് നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിയിന്മേലുള്ള മനുഷ്യന്റെ കടന്നുകയറ്റം ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാണ്. ഇത് ബോധവത്ക്കരണത്തിലൂടെ മാറ്റിയെടുക്കണം. കാലാവസ്ഥ വ്യതിയാനത്തിന് പോലും കാരണമായേക്കാവുന്ന പ്രകൃതി ചൂഷണത്തിനെതിരെ നാം ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
വനം മേധാവിയും പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായ ഗംഗാസിങ് അധ്യക്ഷത വഹിച്ചു.ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡി ജയപ്രസാദ് ആമുഖ പ്രഭാഷണവും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ രാജന്‍ ഗുരുക്കള്‍ അരണ്യം പരിസ്ഥിതിദിന പ്രത്യേക പതിപ്പ് പ്രകാശനവും നടത്തി. പി സി സി എഫ് ഡോ അമിത് മല്ലിക് പരിസ്ഥിതി ദിന സന്ദേശം നല്‍കി.
എ പി സി സി എഫുമാരായ ഡോ പി പുകഴേന്തി, ഡോ എല്‍ ചന്ദ്രശേഖര്‍, പ്രമോദ് ജി കൃഷ്ണന്‍, ജസ്റ്റിന്‍ മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സോഷ്യല്‍ ഫോറസ്ട്രി സി സി എഫ് ഡോ സഞ്ജയന്‍ കുമാര്‍ സ്വാഗതവും ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ശ്യാം മോഹന്‍ലാല്‍ നന്ദിയും പറഞ്ഞു.തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.